പെൺയാത്രക്കൊപ്പം സ്ത്രീ സംരംഭവും; സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുമായി ടൂറിസം വകുപ്പ്
text_fieldsതിരുവനന്തപുരം: സ്ത്രീകളുമായി ബന്ധപ്പെട്ട ടൂറിസത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ‘സ്ത്രീയാത്രകള്‍’ പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പിന്റെ സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതി. പെൺ വിനോദ സഞ്ചാരം പ്രോത്സാഹിക്കുന്നതോടൊപ്പം വനിത സംരംഭകർക്കും അവസരമൊരുക്കുന്നതാണ് പദ്ധതി.
സംസ്ഥാനത്തെ പൂര്‍ണമായും സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള റെസ്പോണ്സിബിള് ടൂറിസം മിഷന് (കെ.ആർ.എം) സൊസൈറ്റി യു.എന്‍ വിമനുമായി ചേര്‍ന്ന് വിമൻ ഫ്രണ്ട്ലി ടൂറിസം ഇനിഷ്യേറ്റിവ് നടപ്പാക്കുന്നത്. സ്ത്രീകള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുരക്ഷിതവും ശുചിത്വമുള്ള ടൂറിസം കേന്ദ്രങ്ങള്‍ പദ്ധതിയിലൂടെ സൃഷ്ടിക്കും. ഇത്തരം യൂനിറ്റുകളുടെ ശൃംഖല സൃഷ്ടിക്കും. സ്ത്രീകളുടെ ഉടമസ്ഥതയിലോ സ്ത്രീകള്‍ നയിക്കുന്നതോ ആയ 17631 (70 ശതമാനം) യൂനിറ്റുകൾ ഇതിനകം റെസ്പോണ്സിബിള് ടൂറിസം മിഷന് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൂര്‍ ഗൈഡ്, ടൂര്‍ ഓപറേറ്റര്‍, ഡ്രൈവര്‍മാര്‍, ഹോംസ്റ്റേകള്‍, റസ്റ്ററന്റ് മേഖലകളില്‍ പുതിയ സംരംഭങ്ങൾക്ക് അവസരമൊരുക്കും.
ഗ്രാമീണ സ്ത്രീകള്‍ക്ക് വരുമാന സ്രോതസ്സും സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിത യാത്രയും ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. കൂടുതല്‍ സ്ത്രീ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ചെറുതും വലുതുമായ വിവിധ കേന്ദ്രങ്ങളെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി അമ്പൂരി, വെള്ളറട പ്രദേശത്തെ സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് പ്രചാരണ പരിപാടി ആരംഭിച്ചു. അമ്പൂരിയിലേക്കുള്ള ആദ്യ ഡെസ്റ്റിനേഷന്‍ പ്രമോഷന് യാത്രക്ക് തുടക്കമായി.
ടൂറിസം ക്ലബ് അംഗങ്ങളായ 15 വിദ്യാർഥിനികളാണ് യാത്ര തുടങ്ങിയത്. സോഷ്യല്‍ മീഡിയ രംഗത്തെ പ്രാഗല്ഭ്യം അടിസ്ഥാനമാക്കിയാണ് ഇവരെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തുടനീളം ‘സ്ത്രീയാത്രകള്‍’ വ്യാപിപ്പിക്കുന്നതിന് തുടക്കമിടാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.