രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കത്തി കണ്ടെത്താനാകാതെ പൊലീസ്
text_fieldsതിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. കൊലപാതക സമയത്ത് രാജേന്ദ്രൻ ഉപയോഗിച്ച ഷർട്ട് മുട്ടടയിലെ കുളത്തിൽനിന്ന് കണ്ടെത്താനായെങ്കിലും കൊലക്ക് ഉപയോഗിച്ച കത്തിയും വിനീതയുടെ മാലയുടെ ലോക്കറ്റും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.
അതിനാൽ തന്നെ ഇയാളെ വീണ്ടും പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും നിസ്സഹകരിക്കുന്ന രാജേന്ദ്രൻ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി കുഴക്കുകയാണെന്ന് അന്വേഷണസംഘം പറയുന്നു.
കൊലക്കുശേഷം മുട്ടടയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ചെന്നായിരുന്നു ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് കുളത്തിൽ നടത്തിയ തിരച്ചിലിൽ ഷർട്ട് മാത്രമാണ് പൊലീസിന് ലഭിച്ചത്. മുട്ടടയിൽ നിന്ന് ഓട്ടോറിക്ഷയിൽ വരുന്നവഴി കത്തി ഉപേക്ഷിക്കുകയായിരുന്നെന്നാണ് ഇപ്പോൾ ഇയാൾ പൊലീസിനോട് പറയുന്നത്.
ഇയാളുടെ മൊഴി വിശ്വസിച്ച് കഴിഞ്ഞ രണ്ടുദിവസമായി പേരൂർക്കട, മുട്ടട, കേശവദാസപുരം, ഉള്ളൂർ, മെഡിക്കൽ കോളജ് പരിസരങ്ങളിലും കന്യാകുമാരിക്ക് സമീപത്തെ കാവൽ കിണറിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലും പരിശോധന നടത്തിയെങ്കിലും കേസിൽ നിർണായകമായേക്കാവുന്ന തെളിവ് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. നേരത്തേ നാല് കൊലപാതകങ്ങൾ നടത്തുകയും ഒന്നരവർഷം തമിഴ്നാട്ടിൽ ജയിൽ വാസം അനുഭവിക്കുകയും ചെയ്ത ഇയാൾക്ക് ഒരു കൊല നടത്തിയ ശേഷം രക്ഷപ്പെടാമെന്നുള്ള മാർഗങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.
കൊലപാതകത്തിനുപയോഗിച്ച കത്തി ലഭിക്കാതിരിക്കുന്നിടത്തോളം കോടതിയിൽ തനിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടെന്ന് ഇയാൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലുകളോട് നിസ്സഹകരിക്കുകയാണ് ഇയാൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.