ജീവിക്കാൻ 'അനുമതി' തേടി കലാകാരന്മാരുടെ വ്യത്യസ്ത പ്രതിഷേധം
text_fieldsതിരുവനന്തപുരം: തുറന്ന ജീപ്പിൽ കണ്ണുകെട്ടി മജീഷ്യൻ സാമ്രാജ്, പിന്നാലെ കണ്ണുകെട്ടി ബൈക്കോടിച്ച് 25 ലധികം മാന്ത്രികരും. അത് അഭ്യാസപ്രകടനമായിരുന്നില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജീവനോപാധി നഷ്ടപ്പെട്ട കലാകാരന്മാരുടെ പ്രതിഷേധമാണ് കലാരൂപങ്ങളിലൂടെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പ്രകടമായത്. ആർട്ടിസ്റ്റ് ഏജൻറ്സ് കോഓഡിനേഷൻ കമ്മിറ്റി (എ.എ.സി.സി) നേതൃത്വത്തിലാണ് കലാകാരന്മാരുടെ പ്രതിഷേധപരിപാടി നടന്നത്.
പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽനിന്ന് സെക്രട്ടേറിയറ്റ് വരെയാണ് മജീഷ്യന്മാർ കണ്ണുകെട്ടി വാഹനങ്ങൾ ഓടിച്ചത്. അവർക്ക് അകമ്പടിയായി ചങ്ങലകളാൽ ബന്ധിക്കപ്പെട്ട മജീഷ്യന്മാരുമുണ്ടായിരുന്നു. പ്രതികാത്മകമായിട്ടായിരുന്നു അവരുടെ പ്രതിഷേധം. പിന്നാലെ ചെണ്ടമേളം, ബാൻറ്മേളം, കഥകളി, തൈപ്പൂയം തുടങ്ങി കേരളത്തിന് അകത്തും പുറത്തുമുള്ള കലാരൂപങ്ങളുമായി നൂറുകണക്കിന് കലാകാരന്മാരും. കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കാൻ അവസരം നിഷേധിച്ചതിനെതുടർന്ന് നിത്യവൃത്തിപോലും സാധിക്കാത്ത അവസ്ഥയാണെന്ന് കലാകാരന്മാർ പറഞ്ഞു.
തിയറ്ററുകളും മാളുകളുമുൾപ്പെടെ തുറന്നെങ്കിലും തങ്ങൾക്ക് മാത്രം അവസരം നിഷേധിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങളിലുൾപ്പെടെ കലാപരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കലാകാരന്മാരുടെ പ്രതിഷേധം.
ഉത്സവങ്ങേളാടനുബന്ധിച്ച് കലാപരിപാടികൾ നടത്താൻ കലക്ടറുടെ അനുമതി വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് പിൻവലിക്കണമെന്നും രണ്ടുവർഷമായി ഓടാതെ കിടക്കുന്ന സമരസമിതി വാഹനങ്ങളുടെ റോഡ് ടാക്സ് പൂർണമായി ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മജീഷ്യൻ സാമ്രാജ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡൻറ് വയക്കൽ മധു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, സമരസമിതി കൺവീനർ പ്രമോദ് ട്രാക്സ്, പന്തളം ബാലൻ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് എസ്. വിജയകുമാർ, കെ.ആർ. പ്രസാദ്, ഗൗതമൻ, ശ്യാംലാൽ, അജിത്ത് അയിരൂർ, ഷിബു പാർഥസാരഥി, തിട്ടമംഗലം ഹരി, മനു മങ്കൊമ്പ്, ബൈജു മണ്ണറ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.