അതിജീവനസമരവുമായി ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതക്കുരുക്ക്
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് തലസ്ഥാനനഗരിയിൽ ഗതാഗതക്കുരുക്ക്. രാത്രി വൈകിയും പ്രതിഷേധം തുടരുന്നതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലെ ഗതാഗതപ്രശ്നവും പരിഹരിക്കാനായില്ല. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി 2004 മുതൽ താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാർക്ക് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അതിജീവനസമരമാണ് ജനങ്ങളെ വലച്ചത്. രാവിലെ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായതിനാൽ ഇവരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയതുമില്ല.
പകരം അതുവഴിയള്ള വാഹനങ്ങൾ തിരിച്ചുവിടുകയായിരുന്നു. ഓവർബ്രിഡ്ജിലും യൂനിവേഴ്സിറ്റി കോളജിന് സമീപത്തും പൊലീസുകാർ വാഹനങ്ങൾ തിരിച്ചുവിട്ടു. ഇതോടെ മറ്റ് റോഡുകളിൽ ഗതാഗതം തടസ്സമായി.
വൈകീട്ട് ഓഫിസുകൾ വിട്ടസമയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. വൈകീട്ട് എ.ഡി.എമ്മുവായി പ്രതിഷേധക്കാർ ചർച്ച നടത്തി. എന്നാൽ, ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് രാത്രി വൈകിയും റോഡ് ഉപരോധം തുടരുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 28 മുതൽ 23 ദിവസം തുടർച്ചയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് അന്ന് എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ 30 ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞിരുന്നു.
ആ ഒത്തുതീർപ്പ് ചർച്ച കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചതെന്ന് അവർ പറഞ്ഞു. കൂട്ടായ്മ സംസ്ഥാന പ്രസിഡന്‍റ് ബാബുരാജ്, ജനറൽ സെക്രട്ടറി എം. നിസാം, ട്രഷറർ എസ്. അരുൺ മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.