ബീമാപള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ; കുട്ടികളുടെ സുരക്ഷ മുഖ്യം, പൊളിച്ചുപണിയാൻ നിർദേശം
text_fieldsതിരുവനന്തപുരം: ബീമാപള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥയിൽ കർശന നടപടികളുമായി ജില്ല ലീഗൽ സർവിസ് അതോറിറ്റി (ടി.ഡി.എൽ.എസ്.എ). മത്സ്യഭവന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 'ഒറ്റമുറി സ്കൂൾ' കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊളിച്ചുപണിത് കെട്ടിടത്തിന്റെ ഇടത്തേ വശത്തേക്ക് മാറ്റാനും മുകളിലത്തെ നില രണ്ടാഴ്ചക്കുള്ളിൽ നവീകരിച്ച് കുട്ടികൾക്ക് തുറന്നുകൊടുക്കാനും ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് ഉത്തരവിട്ടു. വെള്ളിയാഴ്ച സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം സ്കൂൾ സന്ദർശിച്ചശേഷമായിരുന്നു നിർദേശം നൽകിയത്. തിരുവനന്തപുരം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ഒരു അടിസ്ഥാനസൗകര്യവും അധികൃതർ ഒരുക്കിയിട്ടില്ലെന്ന് സംഘത്തിന് ബോധ്യമായി.
കടലോരമേഖലയിലെ സാധാരണക്കാരുടെ മൂന്ന് മുതൽ ആറുവയസ്സുവരെയുള്ള 24ഓളം കുട്ടികളെയാണ് മത്സ്യഭവന്റെ കെട്ടിടത്തിലെ ഒരുമുറിയിൽ അടച്ചിട്ട് പഠിപ്പിക്കുന്നത്. ഇവർക്ക് മതിയായ കളിസ്ഥലമോ പഠനോപകരണങ്ങളോ കളിപ്പാട്ടങ്ങളോ ശുദ്ധജലമോ ഇല്ല. ഇതിനുപുറമെയാണ് ക്ലാസ് റൂമിന് സമീപത്തെ ആകാശവാണിയുടെ കോമ്പൗണ്ടിലേക്കുള്ള തിരുവനന്തപുരം കോർപറേഷന്റെ മാലിന്യനിക്ഷേപവും. കുട്ടികളുടെ ദുരിതം സംബന്ധിച്ച് ‘മാധ്യമം’ സെപ്റ്റംബർ 24ന് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇടപെട്ടത്. മത്സ്യഭവന്റെ കെട്ടിടത്തിലെ ഒന്നാംനില രണ്ടാഴ്ചക്കുള്ളിൽ നവീകരിച്ച് കുട്ടികൾക്ക് കളിസ്ഥലമായി തുറന്നുകൊടുക്കുന്നതിനൊപ്പം താഴത്തെ നിലയിലുള്ള ക്ലാസ് മുറി നവീകരിക്കണമെന്നും കോർപറേഷന് നിർദേശം നൽകി. നവീകരണപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒന്നാംനിലയിലെ കളിസ്ഥലം അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ താൽക്കാലിക ക്ലാസ് മുറിയായി ഉപയോഗിക്കാം. സ്കൂളിലേക്കുള്ള ജലവിതരണം, പഠനോപകരണങ്ങൾ, സ്കൂൾ നെയിം ബോർഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ട ടെൻഡർ നടപടികളും അതിവേഗം പൂർത്തിയാക്കാനും നിർദേശം നൽകി.
രണ്ട് ദിവസത്തിനകം ബ്ലൂപ്രിന്റ് സമർപ്പിക്കണം
നഴ്സറി സ്കൂളിലേക്കുള്ള പ്രവേശനകവാടം, ക്ലാസ് മുറി, കളിസ്ഥലം എന്നിവയുടെ നവീകരണം സംബന്ധിച്ച് ഫോർട്ട് സോണിലെ അസിസ്റ്റന്റ് എൻജിനീയർ, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷന്റെ ഓവർസിയറും രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ബ്ലൂ പ്രിന്റ് ലീഗൽ സർവിസ് അതോറിറ്റിക്ക് സമർപ്പിക്കണമെന്ന് സെക്രട്ടറി ഉത്തരവിട്ടു. സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് കുട്ടികൾക്കായി സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ തേടി റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കലക്ടർ ടി.കെ. വിനീത് കോർപറേഷൻ ഹെൽത്ത് ഓഫിസറോടും ആവശ്യപ്പെട്ടു. സ്കൂളിന് സമീപത്തെ മാലിന്യനീക്കത്തിന് ആകാശവാണി ഉദ്യോഗസ്ഥരുടെയും കോർപറേഷന്റെയും അടിയന്തരയോഗം വിളിച്ചുചേർക്കും.
ഇതുസംബന്ധിച്ച് രക്ഷിതാക്കളുമായി വെള്ളിയാഴ്ച ലീഗൽ അതോറിറ്റി സെക്രട്ടറി ചർച്ച നടത്തി. കുട്ടികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എ വിളിച്ചുചേർക്കണമെന്നും ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടർ, എ.ഡി.എം ടി.കെ. വിനീത്, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ, ഫിഷറീസ് ഓഫിസർ കെ. അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു
മനുഷ്യാവകാശ കമീഷന്റെ ഉത്തരവിന് പുല്ലുവില, മാലിന്യം നീക്കാതെ കോർപറേഷൻ
തിരുവനന്തപുരം: ബീമാപള്ളി നഴ്സറി സ്കൂളിന് സമീപത്തെ കോർപറേഷന്റെ മാലിന്യം നീക്കണമെന്ന മനുഷ്യാവകാശ കമീഷന്റെ ഉത്തരവിന് പുല്ലുവില. 'മാധ്യമം' വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമീഷൻ നാലുദിവസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 27നാണ് ഉത്തരവിറക്കിയത്. എന്നാൽ നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ ഒക്ടോബർ ഒമ്പതിന് കമീഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ കോർപറേഷൻ സെക്രട്ടറിയോ അദ്ദേഹം നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനോ ഹാജരാകണമെന്ന് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബാലാവകാശ കമീഷൻ സ്കൂൾ സന്ദർശിച്ചെങ്കിലും കുട്ടികൾക്കായി നാളിതുവരെ ഒന്നും അധികൃതർ ചെയ്തിട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.