സ്വർണമാലക്കായി യുവാക്കൾ തമ്മിൽ കൈയാങ്കളി; 11 പേർ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണമാലക്കായി യുവാക്കൾ തമ്മിൽ കൈയാങ്കളി. കൊല്ലം സ്വദേശി അടക്കം 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചയായിരുന്നു സംഭവം. ഗൾഫിലുള്ള കുറ്റ്യാടി സ്വദേശി ഈസ്മായിലാണ് സുഹൃത്തായ കൊല്ലം സ്വദേശി ഷമീമിന്റെ കൈയിൽ 13 പവന്റെ മാല കൊടുത്തുവിട്ടത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് സ്വർണമാല വാങ്ങാൻ തന്റെ സുഹൃത്തുകൾ എത്തുമെന്നും ഈസ്മായിൽ ഷമീമിനെ അറിയിച്ചിരുന്നു. എന്നാൽ, വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷമീം ഈസ്മായിലിന്റെ കൂട്ടുകാരെ കാക്കാതെ വിമാനത്താവളത്തിന് പുറത്ത് തന്നെ കാത്തുനിന്ന കൊല്ലത്തെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചു.
ഇതിനിടയിൽ കരിക്കകത്തിനടുത്ത് പമ്പിലെത്തിയശേഷം ഷമീം ഇസ്മയിലിനെ ഫോണിൽ ബന്ധപ്പെടുകയും പട്രോൾ പമ്പിൽവെച്ച് മാല തന്റെ കൈയിൽനിന്ന് ഒരു സംഘം തട്ടിയെടുത്തതായും പറഞ്ഞു. ശേഷം ഷമീം യാത്ര തുടർന്നു. ഇസ്മയിൽ ഇക്കാര്യം വിമാനത്താവളത്തിന് പുറത്ത് മാലക്കായി കാത്തുനിന്ന ആറംഗ സംഘത്തെ അറിയിച്ചു.
അവർ ഷമീമിനെ തിരക്കി പട്രോൾ പമ്പിലെത്തിയെങ്കിലും കണ്ടില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കഴക്കൂട്ടത്തെത്തിയതായി അറിഞ്ഞു. കഴക്കൂട്ടത്തുവെച്ച് ഷമീമിനെയും നാല് സുഹൃത്തുക്കളെയും കണ്ടുമുട്ടി.
പെട്രോൾ പമ്പിൽവെച്ച് മാല ആരോ തട്ടിയെടുത്തെന്ന് പറഞ്ഞെങ്കിലും മാലക്കായി എത്തിയവർ അത് വിശ്വസിച്ചില്ല. പമ്പിലെ സി.സി.ടി.വി പരിശോധിക്കാമെന്ന് പറഞ്ഞ് ഷമീമിനെ വാഹനത്തിൽ പിടിച്ചുകയറ്റി. പമ്പിലെത്തിയ സംഘത്തെ കണ്ട് പമ്പ് ജീവനക്കാർ പരിഭ്രാന്തരായി.
സി.സി.ടി.വി പരിശോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ പമ്പ് ജീവനക്കാർ രഹസ്യമായി പൊലീസിൽ വിവരമറിയിച്ചു. അതിനിടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. തുടർന്നാണ് പേട്ട പൊലീസ് എത്തി 11 പേരെയും ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ മാല കണ്ടെത്താനായിട്ടില്ല. ഷമീമിന്റെ മൊഴിയിൽ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു. ഷമീമിനെയും കൂട്ടരെയും രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.