മഴയിൽ ദുരിതമേറി; വ്യാപക കൃഷിനാശം
text_fieldsതിരുവനന്തപുരം: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയത് ജനങ്ങളെ ദുരിതത്തിലാക്കി. ദേശീയപാതയുടെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് പലയിടങ്ങളിലും ചളിയും വെള്ളവും നിറഞ്ഞത് യാത്രക്ക് ബുദ്ധിമുട്ടായി. പരക്കെ കൃഷിനാശവുമുണ്ടായി. മലയോരമേഖലയിൽ മഴ ഇടവിട്ട് തുടരുന്നതിനാൽ നദികളിലെ ജലനിരപ്പും ഉയരുകയാണ്.
മുതലപ്പൊഴി ഹാര്‍ബറില്‍ ശക്തമായ തിരയിൽപെട്ട് രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം തോമസ്(60) മരിച്ചത് തീരത്തിന് നൊമ്പരമായി. അപകടത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് അഴിമുഖത്തേക്ക് പ്രവേശിക്കുന്നതിനിടെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്നവര്‍ കടലിൽ തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ നാലുപേരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും എബ്രഹാമിനെ രക്ഷിക്കാനായില്ല. ഇതിനുശേഷമാണ് മറ്റൊരു വള്ളം തിരയിൽപെട്ട് മുതലപ്പൊഴിയിലെ പുലിമുട്ടില്‍ ഇടിച്ചുകയറി അപകടമുണ്ടായത്.
24 മണിക്കൂറിനിടയിൽ പെയ്ത കനത്തമഴയിൽ ജില്ലയിൽ അഞ്ച് വീടുകൾക്ക് ഭാഗികനാശനഷ്ടമുണ്ടായി. വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. ജില്ലയിൽ 11.19 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. 16.36 ഹെക്ടർ പ്രദേശത്തെ വാഴക്കൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറിക്കൃഷിയും നശിച്ചു.
മഴ കനത്തതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ആകെ 150 സെന്റി മീറ്ററാക്കി. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ യു.പി സ്കൂളിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ടുപേരാണുള്ളത്.
ജില്ലയിൽ നിലവിൽ നാല് ക്യാമ്പുകളിലായി 14 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. പൊഴിയൂർ ഗവ. യു.പി.എസിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ നാലുപേരും കോട്ടുകാൽ സെന്റ് ജോസഫ് എൽ.പി.എസിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 14 പേരും വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ നാലുകുടുംബങ്ങളിൽ നിന്നായി 11 പേരുമുണ്ട്.
തെക്കന്‍ മലയോരമേഖല വെള്ളത്തിൽ മുങ്ങി
കാട്ടാക്കട: ചൊവ്വാഴ്ച രാവിലെ മൂന്നുമണിക്കൂറോളം പെയ്ത കനത്ത മഴയിൽ തെക്കന്‍ മലയോരമേഖലയിലെ മിക്ക പ്രദേശങ്ങളിലെ റോഡുകളും വീടുകളും കൃഷിയിടങ്ങളുമൊക്കെ വെള്ളത്തിനടിയിലായി. ആര്യനാട്, മാറനല്ലൂര്‍, വിളപ്പില്‍, കള്ളിക്കാട്, കുറ്റിച്ചൽ, പൂവച്ചൽ, കാട്ടാക്കട പഞ്ചായത്ത് പ്രദേശത്താണ് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം കയറിയത്.
കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ നക്രാംചിറ അഴിക്കാല്‍, കുറ്റിച്ചല്‍-കള്ളിക്കാട് റോഡില്‍ പരുത്തിപ്പള്ളി, കുറ്റിച്ചല്‍ എന്നിവിടങ്ങളിലൊക്കെ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചല്‍, നിലമ, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ താഴ്ന്ന ഭാഗങ്ങളൊക്കെ വെള്ളത്തിനടിയിലാണ്. പരുത്തിപ്പള്ളി, നിലമ, ആനാകോട്, മൈലോട്ടുമൂഴി, വീരണകാവ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ, മലയോര ഹൈവേയുടെ പരുത്തിപ്പള്ളി ശിവക്ഷേത്ര ജങ്ഷൻ എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ്. കുലച്ചതും പാകമാകാത്തതുമായ ആയിരക്കണക്കിന് വാഴകൾ മഴവെള്ളത്തില്‍ മുങ്ങി.
മലയോരഹൈവേ പണിതപ്പോൾ റോഡ് താഴ്ന്നതാണ് വെള്ളക്കെട്ടിന് കാരണം. ഇവിടെ റോഡ് ഉയർത്തിപ്പണിയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിച്ചതായാണ് പരാതി. കള്ളിക്കാട്-കുറ്റിച്ചല്‍-ആര്യനാട് റോഡിന് ഇരുവശവുമുള്ള കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വാഴ, പച്ചക്കറി, മരീച്ചിനി കൃഷിയാണ് ഏറെ നശിച്ചത്.
ആയിരക്കണക്കിന് രൂപയുടെ പച്ചക്കറികൃഷി പൂർണമായും നശിച്ചു. കള്ളിക്കാട് പഞ്ചായത്തിലെ നാൽപ്പറക്കുഴിയിൽ സമീപത്തെ തോട്ടിൽനിന്ന് വെള്ളം കയറി രണ്ടുവീടുകൾ വെള്ളത്തിലാണ്. സഹോദരങ്ങളായ സുനിൽ, സുരേഷ് എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച രാവിലെയോടെ വെള്ളം കയറിയത്. റോഡിനടിയിലൂടെ ഒഴുകിയെത്തുന്ന തോടാണ് കരകവിഞ്ഞ് പുരയിടത്തിലൂടൊഴുകുന്നത്.
തോട്ടിലെ ബണ്ടുകള്‍ ഇടിഞ്ഞതാണ് പലയിടത്തുമുള്ള കൃഷിയിടങ്ങളിൽ വെള്ളം കയറാന്‍ കാരണം. നെയ്യാർഡാം റോഡിൽ പഞ്ചായത്ത് ഓഫിസ് കഴിഞ്ഞുവരുന്ന വളവിൽ റോഡ് നെയ്യാർ കനാലിലേക്ക് ഇടിഞ്ഞുവീണു. കഴിഞ്ഞ മഴയിൽ അഞ്ച് മീറ്ററോളം ഇടിഞ്ഞിരുന്ന കനാലിന്റെ അടുത്ത ഭാഗത്തെ മണ്ണാണ് ഇപ്പോൾ ഇടിഞ്ഞത്. ഇതോടെ അടുത്തിടെ നവീകരിച്ച നെയ്യാർഡാം റോഡ് അപകടാവസ്ഥയിലായി.
പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് ഇറയാംകോട് സരോജത്തിന്റെ മണി ഭവൻ, ഉഷയുടെ ആൻസി ഭവൻ എന്നീ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വീടുകൾ അപകടാവസ്ഥയിലാണെന്ന് പഞ്ചായത്തംഗം കട്ടയ്ക്കോട് തങ്കച്ചൻ പറഞ്ഞു. മുൻകരുതൽ എന്ന നിലയിൽ ഈ വീട്ടുകാരെ കാപ്പിക്കാട് ആരോഗ്യ ഉപകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്തിലെ ഉദിയന്നൂർതോട്, പച്ചക്കാട് എന്നിവിടങ്ങളിൽ തോട് കരവിഞ്ഞ് കൃഷിയിടങ്ങളിൽ വെള്ളം കയറി.
ആനാകോട് ഏലായിലും റോഡിലും വെള്ളം കയറി. കാട്ടാക്കടയിൽ പി.ആർ. വില്യം സ്കൂളിന് പിന്നിലെ മുണ്ടപ്പള്ളിക്കോണം തോട് കരകവിഞ്ഞൊഴുകി ഇരുവശത്തെയും കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. മാലിന്യവും കല്ലും മണ്ണും അടിഞ്ഞ് തോട് അടഞ്ഞതാണ് ഒഴുക്ക് തടസ്സപ്പെടാൻ കാരണം. പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണം നടന്ന തോടാണിത്. ഇവിടെ മരം വീണ് മൂങ്ങോട്ടുകോണം സ്വദേശി ഓമനയുടെ വീടിനും കേടുപറ്റി.
കാട്ടാക്കട അഗ്നിരക്ഷാസേന ആറിടങ്ങളിലാണ് കടപുഴകി വീണ മരങ്ങള്‍ മുറിച്ചുനീക്കിയത്. രാവിലെ ഒമ്പത്മുതല്‍ സ്റ്റേഷന് ഓഫിസര്‍ തുളസീധരനും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്ന് വൈകുംവരെ മരങ്ങള്‍ മുറിച്ചുമാറ്റി. മരങ്ങള്‍ വീണതോടെ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. മിക്കയിടത്തും ഇന്നലെ വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ മഴ ശമിച്ചെങ്കിലും എല്ലായിടത്തും വെള്ളക്കെട്ടും മഴദുരിതവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.