തിരുവനന്തപുരം ജില്ലയിൽ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കും
text_fieldsതിരുവനന്തപുരം: ജില്ലയില്‍ ശേഷിക്കുന്ന മൂന്ന് താലൂക്കുകളിലെ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കും. ജില്ല വികസന സമിതി യോഗത്തിലാണ് ഈ തീരുമാനം. പട്ടയവിതരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിശോധിക്കാനും തീരുമാനായി.
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കും. കാട്ടാക്കട-നെയ്യാര്‍ഡാം, അരുവിക്കര-വെള്ളറട ഉള്‍പ്പെടെ റോഡുകള്‍ക്ക് അടിയന്തര ശ്രദ്ധ നല്‍കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ മൂന്നുമാസത്തിനുള്ളില്‍ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ- തൊഴില്‍ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യാത്രാക്ലേശം വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ നിരത്തില്‍ എത്തുന്നത്തോടെ ഇതു പരിഹരിക്കപ്പെടുമെന്ന് സമിതി വിലയിരുത്തി.
പാറശ്ശാല ഫയര്‍ സ്റ്റേഷന്‍റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. കിഴക്കുംമല കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ആഗസ്റ്റില്‍ ആരംഭിക്കും.
പാറശ്ശാല താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റിന്‍റെ നവീകരണം വേഗത്തിലാക്കണമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നും ഡി.കെ. മുരളി എം.എല്‍.എ ആവശ്യപ്പെട്ടു. ഭരതന്നൂര്‍ എച്ച്.എസ്.എസില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഉണ്ടായ ചോര്‍ച്ച പരിശോധിച്ച് ഒരു മാസത്തിനകം പരിഹാരം കാണാനും സമിതി തീരുമാനിച്ചു.
പാലോട്, കല്ലറ, പാങ്ങോട് വില്ലേജുകളിലെ റീസര്‍വേ പരാതികള്‍ ഉടന്‍ പരിഹരിക്കും. മണ്ഡലത്തിലെ ജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സമിതി വിലയിരുത്തി. പെരിങ്ങമ്മല കൊല്ലയില്‍ ഗവ. എല്‍.പി.എസിലെ പഴയ കെട്ടിടം പൊളിച്ചുനീക്കും.
കാട്ടാക്കട പൊന്നറ ശ്രീധര്‍ ടൗണ്‍ഹാള്‍ നിര്‍മാണത്തിനായുള്ള എസ്റ്റിമേറ്റ് തയാറാക്കല്‍ വേഗത്തിലാക്കും. വെള്ളൈക്കടവ് പാലത്തിന്‍റെ ഇരുവശങ്ങളിലും ഫെന്‍സിങ് സംരക്ഷണം ഒരുക്കണമെന്ന് ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ നിരീക്ഷണവും ബോധവത്കരണവും ഊര്‍ജിതമാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
കുറ്റിച്ചല്‍ മണ്ണൂര്‍കട വാര്‍ഡില്‍ 99 പേര്‍ക്ക് വനാവകാശ രേഖ നല്‍കുന്നതില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. അരുവിക്കര മണ്ഡലത്തിലെ പട്ടികവര്‍ഗ മേഖലയില്‍ മൊബൈല്‍ കണക്ടിവിറ്റിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകും. തൊളിക്കോട് യു.ഐ.ടി കെട്ടിടത്തിന്‍റെ നവീകരണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് സർവേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പേരൂര്‍ക്കട ജില്ല ആശുപത്രിയില്‍ നടപ്പാക്കുന്ന 50 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനത്തിന് പുരോഗതി സമിതി ചര്‍ച്ച ചെയ്തു. സ്‌കൂള്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക നടപടി വേണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ ആവശ്യപ്പെട്ടു.
കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ പ്രതിനിധികള്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ് കുമാര്‍, അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അനില്‍ ജോസ് ജെ, ജില്ല പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍, വകുപ്പുപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ചിറയിന്‍കീഴില്‍ 25 പേര്‍ക്ക് ഭൂരേഖകള്‍ കൈമാറി
തിരുവനന്തപുരം: ചിറയിന്‍കീഴ് പഞ്ചായത്തില്‍ ഭൂരഹിതരായ 25 പേര്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമായി. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഭൂമിയുടെ ആധാരം വി. ശശി എം.എല്‍.എ വിതരണം ചെയ്തു. ലൈഫ് പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും രണ്ട് സെന്റ് വസ്തുവാണ് ലഭിച്ചത്. ജനകീയാസൂത്രണ പദ്ധതികളുടെ ആനുകൂല്യ വിതരണോദ്ഘാടനവും നടന്നു.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാർഥികള്‍ക്കുമുള്ള ലാപ്ടോപ് വിതരണം ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗവും ജില്ലപഞ്ചായത്തംഗം ആര്‍. സുഭാഷും ചേര്‍ന്ന് നിര്‍വഹിച്ചു.
ശുചിത്വമിഷനും പഞ്ചായത്തും സംയുക്തമായി ഹരിതകര്‍മസേനക്ക് വാങ്ങിയ ഇലക്ട്രിക് വാഹനത്തിന്റെ താക്കോല്‍ദാനം ശുചിത്വമിഷന്‍ ഡിസ്ട്രിക്ട് കോഓഡിനേറ്റര്‍ എ. ഫൈസി നിര്‍വഹിച്ചു. ശുചിത്വ കേരള മിഷന്‍ പദ്ധതിപ്രകാരം വാങ്ങിയ 200 ബയോ കമ്പോസ്റ്റ് ബിന്‍ വിതരണവും നടന്നു. അടുത്തഘട്ടത്തില്‍ ആയിരം പേര്‍ക്ക് ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്യും.
ഗ്രാമസഭകളിലൂടെ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ സുതാര്യമായാണ് തെരഞ്ഞെടുത്തതെന്നും ചിറയിന്‍കീഴ് പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി പറഞ്ഞു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ആര്‍. സരിത, വാര്‍ഡ് മെംബര്‍മാര്‍, കുടുംബശ്രീ-ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.