അനന്തപുരിയുടെ കലാകിരീടം സൗത്തിലേക്ക്
text_fieldsതിരുവനന്തപുരം: ജില്ല സ്കൂൾ കലോത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അനന്തപുരിയുടെ കലാകിരീടത്തിൽ മുത്തമിടാൻ തിരുവനന്തപുരം സൗത്ത് ഉപജില്ല. മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 663 പോയന്‍റുമായാണ് സൗത്ത് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം നോർത്തിന് 615 പോയന്‍റാണുള്ളത്. രാത്രി വൈകി പൂർത്തിയായ ഏതാനും മത്സരങ്ങളുടെ ഫലംകൂടി വരാനുള്ളതിനാൽ പോയന്‍റ് നിലയിൽ നേരിയ വ്യത്യാസമുണ്ടാകും.
മികച്ച സ്കൂളിനുള്ള പോരാട്ടത്തിൽ 218 പോയന്‍റുമായി വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് എച്ച്.എസ്.എസ് കിരീടം ഉറപ്പിച്ചു. 174 പോയന്‍റ് നേടിയ കടുവയിൽ കെ.ടി.സി.ടി ഇ.എം. എച്ച്.എസ്.എസ് ആണ് റണ്ണറപ്പ്. കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസ്.എസ് (153), കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ് (151), നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് (143) എന്നിവയാണ് തുടർസ്ഥാനങ്ങളിൽ ഇടംപിടിച്ചത്.
അതേസമയം പണം വാങ്ങി മത്സരഫലം അട്ടിമറിച്ചെന്നാരോപിച്ച് വിധികര്‍ത്താക്കള്‍ക്കെതിരെ രക്ഷാകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത് നാലാം ദിനത്തിൽ കല്ലുകടിയായി. പ്രധാനവേദിയായ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന എച്ച്.എസ്.എസ് വിഭാഗം നാടോടിനൃത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ പിന്തള്ളിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം കടുത്തതോടെ സംഘാടകര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചെങ്കിലും വേദിക്ക് പുറത്തുനിന്ന് വിധികര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്നു. ഏറെ നേരത്തിനുശേഷമാണ് രംഗം ശാന്തമായത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജനത്തെ ആകർഷിക്കുന്ന ഇനങ്ങളായിരുന്നു ഇന്നലെ വേദികളിൽ അരങ്ങുതകർത്തത്. നാടകവും മിമിക്രിയും മോണോ ആക്ടും മൈമും കാണാൻ കുട്ടികളടക്കം വൻ ജനസാഗരമായിരുന്നു. സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കിയ ഹൈസ്‌കൂള്‍ വിഭാഗം നാടകങ്ങള്‍ക്ക് കാണികളുടെ നിറഞ്ഞ കൈയടി ലഭിച്ചു.
തെരുവുനായ ശല്യം മുതല്‍ നരബലിവരെയും ഏകാധിപത്യത്തിനെതിരായ പോരാട്ടവുമെല്ലാം വിവിധ നാടകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. നിറമുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിയമം കൊണ്ടുവന്ന അധികാരവര്‍ഗത്തിനെതിരെ തയ്യല്‍ക്കാരന്‍ നടത്തുന്ന പ്രതിഷേധം പ്രമേയമാക്കിയ 'ഓട്ട' എന്ന നാടകവും പക്ഷിയാകാന്‍ ആഗ്രഹിക്കുന്ന മകനെയും വേട്ടക്കാരനാകാന്‍ കൊതിക്കുന്ന അച്ഛനെയും സ്വപ്‌നാവിഷ്‌കാരത്തിലൂടെ അരങ്ങിലെത്തിച്ച 'കുമുദാംശു മരത്തിന്‍റെ പൂവ്' എന്ന നാടകവും പ്രശംസ നേടി.
അധികാര വര്‍ഗത്തിന്റെ അമിതാധികാരങ്ങള്‍ക്കെതിരെ വസ്ത്രങ്ങളില്‍ ഓട്ടയിട്ട് പ്രതിഷേധിച്ച തയ്യല്‍ക്കാരന്‍ പത്രോസിന്റെ കഥ പറഞ്ഞ ഓട്ട എന്ന നാടകം അവതരിപ്പിച്ചത് പാറശ്ശാല കുളത്തൂര്‍ ഗവ.വി.എച്ച്എസ്.എസിലെ വിദ്യാർഥികളാണ്.
പക്ഷികളെ വേട്ടയാടി ഭക്ഷിക്കുന്ന അച്ഛനും പക്ഷിയായിമാറി പറന്നുല്ലസിക്കാന്‍ ആഗ്രഹിക്കുന്ന മകനെയും കേന്ദ്ര കഥാപാത്രമാക്കി നാവായിക്കുളം കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ വിദ്യാർഥികള്‍ അവതരിപ്പിച്ച 'കുമുദാംശു മരത്തിന്റെ ഒരു പൂവ്' എന്ന നാടകത്തില്‍ മകനായി മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സിദാന്‍ നവാസ് എച്ച്.എസ് വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ ലഭിച്ചത് 182 അപ്പീലുകളാണ്. ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം എന്നിവക്കാണ് കൂടുതൽ അപ്പീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.