ജില്ല സ്കൂൾ കായിക മേള: അഞ്ചലോട്ടത്തിന് പൊൻകിരീടം
text_fieldsകല്ലുവാതുക്കൽ: ഇഞ്ചോടിഞ്ച് മത്സരിച്ചോടിയ പോരാട്ടത്തിന് നിലവിലെ ജേതാക്കളെ അട്ടിമറിച്ച് അഞ്ചൽ ഉപജില്ലയുടെ കിരീടധാരണം. ജില്ല സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി 172 പോയന്റുകളുമായി അഞ്ചൽ ഓവറോൾ പട്ടമണിഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത് എച്ച്.എസ് ഗ്രൗണ്ടിൽ നടന്ന ജില്ല മേളയിൽ ട്രാക്കിലും ഫീൽഡിലും ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് അഞ്ചൽ ചരിത്രനേട്ടം കുറിച്ചത്.
17 സ്വർണവും 17 വെള്ളിയും 11 വെങ്കലവും കിരീട പോരാട്ടത്തിൽ കരുത്തായി. തുടർച്ചയായ ഏഴാം ഓവറോൾ കിരീടം ലക്ഷ്യമിട്ടെത്തിയ പുനലൂർ അവസാന ലാപ്പ് വരെയും ഒപ്പം പൊരുതിയെങ്കിലും അഞ്ചലിനെ തടുക്കാനായില്ല. 157 പോയന്റാണ് പുനലൂർ നേടിയത്. മേളയിൽ ഏറ്റവും കൂടുതൽ സ്വർണം സ്വന്തമാക്കിയതും അവർ തന്നെ. 19 സ്വർണവും 13 വെള്ളിയും 12 വെങ്കലവും പുനലൂർ നേടി. മൂന്നാം സ്ഥാനത്ത് കൊല്ലം ഉപജില്ലയാണ്. എട്ട് സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവുമായി 96 പോയന്റ് ആണ് കൊല്ലം സ്വന്തമാക്കിയത്. ആൺകുട്ടികളുടെ ഓവറോൾ കിരീടം 102 പോയന്റുമായി അഞ്ചൽ നേടി. പെൺപോരാട്ട നേട്ടം പുനലൂർ സ്വന്തമാക്കി, 109 പോയന്റ്. സബ് ജൂനിയർ പെൺ. - അഞ്ചൽ 41 പോയന്റ്, സബ് ജൂനിയർ ആൺ. - അഞ്ചൽ 31 പോയന്റ്, ജൂനിയർ ആൺ -അഞ്ചൽ 28 പോയന്റ്, ജൂനിയർ പെൺ. - പുനലൂർ 40 പോയന്റ്, സീനിയർ ആൺ. - അഞ്ചൽ 41 പോയന്റ്, സീനിയർ പെൺ. - പുനലൂർ 53 പോയന്റ്.
ഗൊരേറ്റി ദി ഗ്രേറ്റ്
കല്ലുവാതുക്കൽ: ഉപജില്ല പോരാട്ടത്തിൽ പിന്തുണ നൽകാൻ മറ്റ് സ്കൂളുകളുടെ ബലമില്ലാതിരുന്നിട്ടും ഒറ്റക്ക് പൊരുതിയ ഗൊരേറ്റി പ്രതിഭകൾ ഇത്തവണയും മികച്ച സ്കൂൾ പട്ടവുമായി മടങ്ങി. 14 സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലുമായി 94 പോയന്റുകൾ നേടിയാണ് മികച്ച സ്കൂളിനുള്ള കിരീടം ഇത്തവണയും സെന്റ് ഗൊരേറ്റി നേടിയത്. പുനലൂർ ഉപജില്ല നേടിയ 19 സ്വർണത്തിൽ 14 എണ്ണവും സി.പി. ജയചന്ദ്രൻ എന്ന കായികാധ്യാപകന്റെ ശിക്ഷണത്തിൽ ഗൊരേറ്റി കുട്ടികൾ നേടിയതാണ്. പെൺകുട്ടികളിൽ സീനിയർ, ജൂനിയർ വ്യക്തിഗത ജേതാക്കളും ഇവിടെനിന്നാണ്. 41 അംഗ ടീമുമായാണ് ഇത്തവണ സെന്റ് ഗൊരേറ്റി എത്തിയത്.
സ്കൂളുകളിൽ 61 പോയന്റ് നേടിയ അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി. നാല് സ്വർണവും 12 വെള്ളിയും അഞ്ച് വെങ്കലവുമാണ് നേട്ടം. അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്.എസ്.എസ് ആണ് മൂന്നാം സ്ഥാനത്ത്. നാല് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.