ജില്ല സ്കൂൾ കായികമേള; ട്രാക്ക് പിടിച്ച് നെയ്യാറ്റിൻകര
text_fieldsതിരുവനന്തപുരം: ജില്ല സ്കൂൾ കായികമാമാങ്കത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ കിരീടം ഉറപ്പിച്ച് നെയ്യാറ്റിൻകര ഉപജില്ല. 66 ഫൈനലുകൾ പൂർത്തിയായപ്പോൾ 19 സ്വർണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 164 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യന്മാരുടെ കുതിപ്പ്.
അതേസമയം രണ്ടാം സ്ഥാനത്തുള്ള നെടുമങ്ങാടിന് ആറ് സ്വർണവും ഒമ്പത് വെള്ളിയും മൂന്ന് വെള്ളിയുമടക്കം 60 പോയന്‍റാണുള്ളത്. തിരുവനന്തപുരം നോർത്തിന് 55 ഉം ആറ്റിങ്ങലിന് 31ഉം പാറശ്ശാല 25 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ പോയന്‍റ് നില. ഒരു വെങ്കലത്തിന്‍റെ ബലത്തിൽ കിട്ടിയ രണ്ടുപോയന്‍റുമായി ബാലരാമപുരം, കാട്ടാക്കട ഉപജില്ലകളാണ് പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാർ.
മികച്ച കായിക സ്കൂളിനുള്ള വേണ്ടിയുള്ള കിരീടപോരാട്ടത്തിൽ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് 50 പോയന്‍റുമായി ഒന്നാം സ്ഥാനത്തുണ്ട്. ഏഴ് സ്വർണം മൂന്ന് വെള്ളി ആറ് വെങ്കലുമാണ് കാഞ്ഞിരംകുളത്തെ കുട്ടികൾ രണ്ടുദിവസം കൊണ്ട് പോക്കറ്റിലാക്കിയത്. നാല് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലമടക്കം 33 പോയന്‍റുമായി നെടുമങ്ങാട് ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസാണ് രണ്ടാം സ്ഥാനത്ത്.
ഇന്നലെ നടന്ന വാശിയേറിയ 29 ഫൈനലുകളിൽ ജി.വി.രാജ, സായി എൽ.എൻ.സി.പി.ഇ, വെള്ളായണി അയ്യൻകാളി സ്പോർട്സ് സ്കൂൾ തുടങ്ങിയ കായിക സ്കൂളുകളിലെ വിദ്യാർഥികൾക്ക് കനത്ത വെല്ലുവിളിയാണ് സർക്കാർ വിദ്യാലയങ്ങളിലെ താരങ്ങൾ ഉയർത്തിയത്.
400, 800 മീറ്റർ ഓട്ടത്തിൽ മികച്ച സമയവുമായി കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിന്‍റെ എസ്. ഇന്ദ്രനാഥൻ ട്രിപ്ൾ സ്വർണം കരസ്ഥാക്കി. കഴിഞ്ഞ ദിവസം 800 മീറ്ററിലും ഈ പ്ലസ് ടു വിദ്യാർഥി പൊന്നണിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഗുവാഹതിയിൽ നടന്ന ജൂനിയർ നാഷനൽ 800 മീറ്ററിലും പുത്തൻകട സ്വദേശി വെള്ളി സ്വന്തമാക്കിയിരുന്നു.
സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാമതെത്തി നെടുമങ്ങാട് ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ എ.വി. ആരതി സ്വർണനേട്ടം രണ്ടായി ഉയർത്തി. കഴിഞ്ഞ ദിവസം 3000 മീറ്റർ ഓട്ടത്തിലും ആരതി സ്വർണം നേടിയിരുന്നു. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കഴിഞ്ഞ ദിവസം സ്വർണം നേടിയ ജി.വി. രാജയുടെ അനുരാഗ് സി.വി ലോങ് ജംപിലും സ്വർണം ചാടിയെടുത്ത് രണ്ടായി ഉയർത്തി.
സീനിയർ ആൺകുട്ടികളുടെ ട്രിപ്ൾ ജംപിലും ഹൈജംപിലും മിന്നും പ്രകടനത്തോടെ ജി.വി രാജയുടെ മുഹമ്മദ് ജാസിമും ഇരട്ട സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിലും ഹൈജംപിലും ഒന്നാം സ്ഥാനത്തെത്തിയ എം.വി.എച്ച്.എസ്.എസിലെ ഷീബ സ്റ്റീഫനും സീനിയർ ആൺകുട്ടികളുടെ 400, 800 മീറ്ററിൽ മിന്നും പ്രകടനവുമായി ജി.വി രാജ താരം എസ്. ഹരിറാമും ഇരട്ട സ്വർണം നേടി.
സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലും സായിയുടെ ഡാനിയൽ മാത്യു ഇരട്ടസ്വർണം നേടി. 697 വിദ്യാലയങ്ങളിൽനിന്നായി അയ്യായിരത്തോളം കായികതാരങ്ങൾ മാറ്റുരക്കുന്ന കായികോത്സവത്തിന് ഇന്ന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.