ജില്ല റവന്യൂ കായികമേള; ട്രാക്കിലും പിറ്റിലും തീപ്പൊരി
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരി തീർത്ത പ്രതിബന്ധങ്ങൾ മറികടന്ന് പുതിയ ഉയരവും പുതിയ വേഗവും കണ്ടെത്താൻ താരങ്ങൾ ട്രാക്കിലും പിറ്റിലും ഇറങ്ങിയതോടെ ജില്ല റവന്യൂ സ്കൂൾ കായികമേളക്ക് ആവേശ്വജ്ജ്വല തുടക്കം. 697 സ്കൂളുകളിൽ നിന്ന് 5000 കായികതാരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലേക്ക് ഒഴുകിയെത്തിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് അനന്തപുരി സാക്ഷ്യം വഹിച്ചത്.
ആദ്യദിനം 38 ഫൈനലുകൾ പൂർത്തിയാകുമ്പോൾ 11 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 102 പോയൻറുമായി നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകര ഉപജില്ല കുതിപ്പ് തുടങ്ങി. മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 41 പോയൻറുള്ള തിരുവനന്തപുരം നോർത്താണ് രണ്ടാം സ്ഥാനത്ത്.
25 പോയൻറുമായി ആറ്റിങ്ങൽ ഉപജില്ല മൂന്നാം സ്ഥാനത്തും 19 പോയൻറുമായി പാറശ്ശാല നാലാം സ്ഥാനത്തുമാണ്. ഓവറോള്‍ ചാമ്പ്യന്‍പട്ടത്തിനായി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ പോയന്റ് പരിഗണിക്കുന്നില്ല. മുൻ വർഷങ്ങളെപ്പോലെ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്. എസ്.എസിന്‍റെ ചിറകിലേറിയാണ് നെയ്യാറ്റിൻകരയുടെ കുതിപ്പ്. അഞ്ച് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം 33 പോയൻറാണ് കാഞ്ഞിരംകുളത്തിനുള്ളത്.
ജില്ലയിലെ മികച്ച കായിക സ്കൂളിനുള്ള പോരാട്ടത്തിൽ പാറശ്ശാല സെന്‍റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോടാണ് രണ്ടാം സ്ഥാനത്ത്. ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാടാണ് മൂന്നാം സ്ഥാനത്ത്. മീറ്റിലെ ആദ്യ സ്വര്‍ണത്തിന് ജി.വി. രാജ സ്പോർട്സ് സ്‌കൂളിലെ അഭിനവ് സോണി അവകാശിയായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒമ്പത് മിനിറ്റ് 55.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് അഭിനവ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ശ്രീ അയ്യൻകാളി സ്‌കൂളിലെ എം. രമേഷ് വെള്ളിയും അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്. അഭിജിത്ത് വെങ്കലവും നേടി.
ഞായറാഴ്ച നടന്ന ഫൈനലുകളിൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. െറസിഡൻസ് സ്പോർട്സ് സ്കൂളിലെ രോഹിത്ത് രാജ് ആർ.എസ് ഇരട്ട സ്വർണം നേടി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപിലും (5.6 മീറ്റർ) 100 മീറ്റർ ഓട്ടത്തിലുമായിരുന്നു (12.34 സെക്കൻഡ്) കാസർകോട് റാണിപുരം സ്വദേശിയുടെ നേട്ടം.
ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ജി.വി രാജയുടെ ഡി. ദീനു അലക്‌സ് സ്വർണം നേടിയപ്പോൾ ബിൻസി ബാബു (എം.വി.എച്ച്.എസ്.എസ്, അരുമാനൂർ), സി.എസ്. സൂര്യ (ശ്രീ അയ്യൻകാളി ഗവ. മോഡൽ െറസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ, വെള്ളായണി) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മുഹമ്മദ് സിറാജുദീനിലൂടെ ജി.വി. രാജ ഒന്നാമതെത്തിയപ്പോൾ അയ്യൻകാളി സ്‌പോർട്‌സ് സ്‌കൂളിലെ കെ. സേതുരാമൻ വെള്ളിയും ജവഹർ കോളനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ. അമൽജിത്ത് വെങ്കലവും നേടി. മീറ്റ് 22ന് സമാപിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.