കോർപറേഷൻ വാർഡ് വിഭജനം; എട്ടെണ്ണം ഇല്ലാതായി, ഒമ്പത് പുതിയ വാർഡുകൾ
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ വാർഡ് വിഭജനം പൂർത്തിയായപ്പോൾ എട്ടെണ്ണം ഇല്ലാതായി. പുതിയ ഒമ്പത് വാർഡുകൾ കൂടി വന്നു. വാർഡ് പുനർനിർണയത്തിന്റെ കരട് പട്ടിക പുറത്തുവന്നതിനു പിന്നാലെ എതിർപ്പുമായി പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. വാർഡ് വിഭജനത്തിൽ അഴിമതിയുണ്ടെന്നും പൊതുജനങ്ങളെ ഇരട്ടി ബുദ്ധിമുട്ടിലാക്കുമെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ഡീലിമിറ്റേഷൻ കമീഷന് പരാതി നൽകും.
കഴിഞ്ഞദിവസമാണ് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ വാർഡ് പുനർ നിർണയത്തിന്റെ കരട് പ്രസിദ്ധീകരിച്ചത്. വാർഡുകളുടെ എണ്ണം 100ൽ നിന്നും 101 ആക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കമീഷൻ വിജ്ഞാപനത്തിൽ അതിർത്തികൾ പുനർനിർണയിച്ചപ്പോൾ എട്ട് വാർഡുകളെ ഒഴിവാക്കി, ഒമ്പതെണ്ണം പുതുക്കി നിശ്ചയിച്ചു.
കോർപറേഷൻ കൗൺസിലിൽ പത്ത് അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതിനിധീകരിക്കുന്ന മൂന്ന് വാർഡുകളാണ് പുനർനിർണയത്തിൽ ഇല്ലാതായത്. ബി.ജെ.പി കൗൺസിലർമാരുടെ രണ്ട് വാർഡുകളും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഐ.എൻ.എല്ലിന്റെയും ഓരോ വാർഡുകളുമാണ് പുനർ നിർണയത്തിൽ ഇല്ലാതായത്. ഡീലിമിറ്റേഷൻ കമീഷൻ വിജ്ഞാപനം അനുസരിച്ച് ഒരു വാർഡ് കൂട്ടുന്നതിനായി അതിർത്തികൾ പുനർ നിർണയിച്ചതോടെയാണ് എട്ടു വാർഡുകൾ ഇല്ലാതാവുകയും ഒമ്പതെണ്ണം പുതുതായി വരികയും ചെയ്തത്.
കോൺഗ്രസ് പ്രതിനിധികളുള്ള മുല്ലൂർ, പെരുന്താന്നി, ശംഖുംമുഖം വാർഡുകൾ, ബി.ജെ.പി പ്രതിനിധികളുള്ള പി.ടി.പി നഗർ, കുര്യാത്തി വാർഡുകൾ, സി.പി.എം പ്രതിനിധീകരിക്കുന്ന ബീമാപ്പള്ളി ഈസ്റ്റ് വാർഡ്, ഐ.എൻ.എൽ പ്രതിനിധീകരിക്കുന്ന മാണിക്യവിളാകം വാർഡ്, സി.പി.ഐ പ്രതിനിധീകരിക്കുന്ന ശ്രീവരാഹം വാർഡ് എന്നിവയാണ് ഒഴിവാക്കിയത്. കിഴക്കുംഭാഗം, ചേങ്കോട്ടുകോണം, കാര്യവട്ടം, കരിയം, രാമപുരം, ഗൗരീശപട്ടം, കരുമം, അലത്തറ, കുഴിവിള എന്നിങ്ങനെ ഒമ്പത് പുതിയ വാർഡുകളാണ് രൂപവത്കരിച്ചത്.
ഇതിൽ കിഴക്കുംഭാഗം, ചേങ്കോട്ടുകോണം, കാര്യവട്ടം, കരിയം, അലത്തറ, കുഴിവിള എന്നീ ആറ് വാർഡുകൾ കഴക്കൂട്ടം നിയമസഭ നിയോജക മണ്ഡലത്തിലും രാമപുരം, ഗൗരീശപട്ടം എന്നീ വാർഡുകൾ വട്ടിയൂർക്കാവും കരുമം വാർഡ് നേമം നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു. കരട് പട്ടിക പരിശോധിച്ച് പൊതുജനത്തിന് ഡിസംബർ വരെ നിർദേശങ്ങളും പരാതികളും സമർപ്പിക്കാം. ശേഷം മാത്രമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.