'തിരുവനന്തപുരം പബ്ലിക് ലൈബ്രറിയെ പ്രതിമാ ലൈബ്രറിയാക്കരുത്'
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം പബ്ലിക് ലൈബ്രറി അങ്കണം പ്രതിമകൾകൊണ്ട് നിറക്കാൻ അനുവദിക്കരുതെന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
ലൈബ്രറി സ്ഥലത്ത് പിൻവാതിൽ വഴി സി.വി. രാമൻപിള്ളയുടെ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം സത്വരമായി അവസാനിപ്പിക്കണം. 1829 ൽ സ്ഥാപിതമായ ലൈബ്രറിയുടെ സ്ഥലം കൈയേറാനും സൗകര്യങ്ങൾ അപഹരിക്കാനും തൽപരകക്ഷികൾ പണ്ടുമുതൽ തന്നെ ശ്രമം തുടങ്ങിയിരുന്നു.
ജീവനക്കാരുെടയും ലൈബ്രറി സംരംക്ഷണ സമിതിയുെടയും ധീരമായ ചെറുത്തുനിൽപ്പുകൾ കൊണ്ട് മാത്രമാണ് ലൈബ്രറി സ്ഥലം മറ്റാർക്കും പൂർണമായി അപഹരിക്കാൻ സാധിക്കാതെ വരുന്നത്. ലൈബ്രറി കോമ്പൗണ്ടിൽ പ്രതിമ സ്ഥാപിക്കാൻ സി.വി. രാമൻപിള്ള ഫൗണ്ടേഷൻ നടത്തുന്ന പിൻവാതിൽ ശ്രമം ഇതിന്റെ ഭാഗമാണ്. ഭാഷാപിതാവ് എഴുത്തച്ഛൻ, ലൈബ്രറി സ്ഥാപകൻ സ്വാതി തിരുനാൾ എന്നിവർക്കില്ലാത്ത പ്രതിമ ലൈബ്രറി പരിസരത്ത് സ്ഥാപിക്കാനുള്ള ശ്രമം തൽപരകക്ഷികളുടെ ഗൂഢപ്രവൃത്തിയാണ്.
ആദ്യകാലങ്ങളിൽ ഏക്കർ കണക്കിന് ഭൂമിയുണ്ടായിരുന്ന പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഇന്ന് ഏതാനും സെന്റ് ഭൂമി മാത്രമാണുള്ളത്. ഈ ഭൂമിയിൽ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമത്തിൽനിന്ന് ഫൗണ്ടേഷൻ ഉടൻ പിൻമാറണം. ഇരുനൂറുവർഷം പഴക്കമുള്ള പൈതൃക മന്ദിരങ്ങൾ ഉൾക്കൊള്ളുന്ന തിരുവനന്തപുരം പബ്ലിക് ലൈബ്രറി കോമ്പൗണ്ടിൽ ഒരു കാരണവശാലും പ്രതിമ സ്ഥാപിക്കാൻ അനുവദിക്കരുതെന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി സംരക്ഷണ സമിതി പ്രസിഡൻറ് എം. അഹമ്മദ് കുഞ്ഞ്, സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ, വൈസ് പ്രസിഡൻറ് കുന്നുകുഴി എസ്. മണി എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.