ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; നിരോധിത കവര്‍പാൽ അതിർത്തി കടന്നെത്തുന്നു
text_fieldsഅമ്പലത്തറ: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനകള്‍ തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ ഇതരസംസ്ഥാനത്ത് നിന്ന് പ്രതിദിനമെത്തുന്നത് ലിറ്റര്‍ കണക്കിന് നിരോധിക്കപ്പെട്ട കവര്‍പാലുകള്‍.
കേടാകാതിരിക്കാൻ പാലുകളില്‍ ആൻറിബയോട്ടിക്കുകളും ഇന്ജക്ഷൻ മരുന്നുകളും ചേര്‍ക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയ പാലുകളാണ് പുതിയ പേരുകളിലെത്തുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പശുവിന് പാല്, എരുമ പാല് എന്നിവ നാഗര്‍കോവിലിനും തോവാളക്കുമിടയിൽ പ്രവര്‍ത്തിക്കുന്ന കവര്‍പാല്‍ നിര്‍മാണ കേന്ദ്രങ്ങളിലെത്തിച്ച ശേഷം രണ്ടും ഒന്നാക്കുകയും ഇതില്‍നിന്ന് പൂർണമായി കൊഴുപ്പ് വേര്‍തിരിച്ചെടുക്കുകയും ചെയ്യും. ഇതോടെ, പാല് പൂര്‍ണമായും വെള്ളമായി മാറും. പിന്നീട്, ഇതിന് കട്ടികൂട്ടാനായാണ് ഗുണനിലവാരം കുറഞ്ഞ പാല്പൊടിയും ആൻറി ബയോട്ടിക്കുകളും ചേര്‍ക്കുന്നത്. പാല് വിൽപനെയക്കാള് ലാഭം നെയ്ക്ക് ലഭിക്കുമെന്നതിനാലാണ് കൊഴുപ്പ് വേർതിരിച്ചെടുക്കുന്നതും പകരം പാലിൽ ആൻറി ബയോട്ടിക്കുകൾ ചേർക്കുന്നതും. പാലിന്റെ ഗുണനിലവരാം പരിശോധിക്കാന്‍ ക്ഷീരവികസനവകുപ്പിന് അതിര്‍ത്തികളില്‍ സ്ഥിരം സംവിധാനങ്ങളില്ലാത്തത് ഇത്തരം സംഘങ്ങള്‍ക്ക് ഏറെ ഗുണകരവുമാണ്.
കൂടാതെ, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സില്ലാതെ സ്വന്തമായി കവര്‍ പാലുകള്‍ നിര്‍മിച്ച് വിൽപന നടത്തുന്ന നിരവധി യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഗുണമേന്മ പരിശോധനയും നടക്കുന്നില്ല. ഇത്തരം കേന്ദ്രങ്ങളില്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളോ ആരോഗ്യവകുപ്പോ പരിശോധനകള്‍ നടത്താൻ തയാറാകുന്നുമില്ല. വിപണിയിലെത്തുന്ന പാലുകളുടെ പാക്കറ്റിനു മുകളില്‍ പാലിന്റെ കൊഴുപ്പും ഇതര ഖരപദാർഥങ്ങളുടെ തോതും ശതമാനമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം.
എന്നാല്‍, ഇത്തരം കവര്‍ പാലുകളില്‍ തെറ്റായ രീതിയിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.