കൈവിടരുത് ഈ മനോഹാരിതയെ
text_fieldsഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഉള്‍പ്പെടുത്തി 1959ൽ കമീഷൻ ചെയ്തതാണ് നെയ്യാർഡാം. കന്യകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനെകൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ 15,380 ഹെക്ടർ സ്ഥലത്തെ കൃഷിക്കുള്ള ജലസേചനം ലക്ഷ്യമിട്ടാണ് നെയ്യാർ ഇറിഗേഷൻ പ്രോജക്ട് ആരംഭിച്ചത്. ജലസേചനം പാളിയതോടെയാണ് വിനോദസഞ്ചാരത്തിലേക്ക് കണ്ണുനട്ടത്. അതും പാളിയ അവസ്ഥയിലാണിപ്പോൾ
നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രത്തിന് നാഥന്മാർ പലരാണ്. ഇറിഗേഷന്‍ വകുപ്പ്, വനംവകുപ്പ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, ഫിഷറീസ് വകുപ്പ്, കെ.ടി.ഡി.സി എന്നിവയൊക്കെ ഈ സ്ഥാനം അവകാശപ്പെടുന്നു. അണകെട്ടിയതുകൊണ്ട് തങ്ങളാണ് യഥാർഥ അവകാശികളെന്ന് ഇറിഗേഷന്‍ വകുപ്പ് കരുതുന്നു. കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് വനംവകുപ്പും ഉടമസ്ഥത അവകാശപ്പെടുന്നു.
സ്വന്തമായ അസ്തിത്വം നേടാൻ നെയ്യാര്‍ഡാം വികസന അതോറിട്ടി രൂപവത്കരിക്കണമെന്ന ആവശ്യം കാലങ്ങളായി പലരും ഉന്നയിക്കുന്നു. ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. കലക്ടർ ചെയര്‍മാനാക്കി വിവിധ വകുപ്പുകളുടെ മേധാവികളെയും ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും പ്രമുഖരെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന അതോറിട്ടി വിനോദസഞ്ചാര കേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുമെന്നായിരുന്നു നിർദേശം. നിർദേശം രണ്ട് ദശാബ്ദം മുമ്പ് സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ പിന്നീട് ടൂറിസം വകുപ്പിന്റെ ചുമലയിലുണ്ടായിരുന്നരാരും നെയ്യാര്‍ഡാം വികസനത്തിനുവേണ്ടി മിനക്കെട്ടില്ല.
സിനിമ ചിത്രീകരിണത്തിന്റെ പ്രധാനകേന്ദ്രം
ഒരു കാലത്ത് പ്രേംനസീര്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെ അണിനിരത്തിയുള്ള സിനിമ ചിത്രീകരണത്തിന്റെ ലോക്കേഷനായിരുന്നു നെയ്യാര്‍ഡാം. നിരവധി സിനിമകളുടെ ഗാനചിത്രീകരണങ്ങളും നടന്നിട്ടുണ്ട്. കാല് നൂറ്റാണ്ട് മുമ്പുവരെ സിനിമാക്കാരുടെ സ്ഥിരം കേന്ദ്രമായിരുന്നു. വിനോദ സഞ്ചാരിക ളേറെയെത്തുന്ന ഡാമില്‍ നവീകരണങ്ങള്‍ക്കായി 10 വര്‍ഷത്തിനുള്ളില്‍ നടത്തിയ പദ്ധതികള്‍ക്ക് കണക്കില്ല. ചെലവിട്ടത് കോടികളാണ്.
പണം നൽകാത്തതിനാൽ കരാറുകാർക്കും വേണ്ട
നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിലെ പദ്ധതികൾ ഏറ്റെടുക്കാന്‍ കരാറുകാരെത്തുന്നില്ല. കരാര്‍ എടുക്കുന്നവര്‍ പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടുകയാണ്. ഇതുകാരണം പണികള്‍ പലതും പാതിവഴിയില്‍ നിലച്ചെന്ന് ആക്ഷേപമുണ്ട്.
ലക്ഷങ്ങള്‍ മുടക്കിയ നീന്തല്‍കുളം ഫില്‍ട്ടറിങ് നടത്താനും ഉദ്യാനത്തിലെ കാട് വെട്ടാനും കുട്ടികളുടെ പാര്‍ക്കിലെ കളികോപ്പുകളുടെ തുരുമ്പു മാറ്റാനും ദിവസവും രാത്രി ഉദ്യാനത്തിലെ വിളക്കുകള്‍ തെളിയിക്കാനും വലിയ ചെലവില്ല, അധികൃതർ മനസ്സുവെച്ചാൽമതി.
നെയ്യാര്‍ഡാം അഡ്വഞ്ചർ ടൂറിസം സെന്ററായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. 100 കോടി രൂപ ചെലവിടുമെന്നായിരുന്നു പ്രഖ്യാപനം. 3.45 കോടി രൂപ മുടക്കി വികസന പദ്ധതികള്‍ തുടങ്ങി. പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ടൂറിസം പൊലീസ് അസിസ്റ്റൻസ് സെന്റര്‍ നിർമിച്ച് ഉദ്ഘാടനം ചെയ്തു. എന്നാൽ, ഇത് ഒരുദിവസം പോലും പ്രവര്‍ത്തിച്ചില്ല.
കണ്ണുതുറന്നാൽ തിരികെപ്പിടിക്കാം
നെയ്യാര്‍ഡാമില്‍ റോപ്പ് വേ, സൗരോർജ വൈദ്യുതീകരണം, ആധുനിക സംഗീത ജലധാര, മൈസൂര്‍ വൃന്ദാവന്‍ ഗാര്ഡന് മാതൃകയില്‍ പൂന്തോട്ടം, റെസ്റ്റോറന്റ്, സഞ്ചാരികള്‍ക്ക് വിശ്രമകേന്ദ്രം, താമസകേന്ദ്രം, സിംഹങ്ങളെ എത്തിച്ച് സഫാരി പാര്‍ക്കിന്റെ നവീകരണം, ബോട്ട് സവാരി അങ്ങനെ വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തത്. അധികൃതര്‍ കണ്ണ് തുറന്നാല്‍ ഇവയെല്ലാം യാഥാർഥ്യമാക്കാം, നെയ്യാര്ഡാമിനെ സഞ്ചാരികൾക്കായി തിരികെപ്പിടിക്കാം.
അവസാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.