തിരുവനന്തപുരം-പാറശ്ശാല റെയിൽവേ പാത ഇരട്ടിപ്പിക്കൽ: മേൽപാലങ്ങൾക്കായി 4.2 ഏക്കർ ഏറ്റെടുക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-പാറശ്ശാല റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അഞ്ച് റെയിൽവേ മേൽപാലങ്ങളും ഒരു നടപ്പാതയും നിർമിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കാൻ വിദഗ്ധ സമിതി നിർദേശം. തൈക്കാട്, നേമം, തിരുമല, പള്ളിച്ചൽ വില്ലേജുകളിലായി 4.2 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. നിലവിൽ 111 ഭൂവുടമകളുടെ പേരിലാണ് ഈ ഭൂമിയുള്ളത്.
വലിയശാലയിലെ ജ്യോതിപുരത്താണ് റെയിൽവേ പാളത്തിന് മുകളിലൂടെ നടപ്പാത വരുന്നത്. ഇവിടെ ഭൂമിയേറ്റെടുക്കുമ്പോൾ ഒരു വീട് പൂർണമായും നഷ്ടപ്പെടും. ശേഷിക്കുന്ന ഭൂമി പുറമ്പോക്കിൽ ഉൾപ്പെട്ടതാണ്. വലിയശാല-കണ്ണേറ്റ്മുക്ക് റോഡിന്റെ ഇരുഭാഗത്തുമായാണ് മേൽപാലത്തിനായി ഭൂമിയേറ്റെടുക്കുന്ന മറ്റൊരു സ്ഥലം.
ഏകദേശം അഞ്ച് വീടുകളെ ഇവിടെ ഭൂമിയേറ്റെടുക്കൽ ബാധിക്കും. കുഞ്ചാലുമ്മൂടിന് സമീപം മേൽപാലത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഒരു വീടിനെയാണ് ബാധിക്കുക. തിരുമലയിലെ നിർമാണത്തിൽ രണ്ട് വീടുകളെയും ഭാഗികമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
നേമം വില്ലേജിൽ രണ്ട് മേൽപാലങ്ങളാണുള്ളത്. ഇതിൽ ഒരെണ്ണം സ്റ്റുഡിയോ റോഡിലാണ്. ഭൂമിയേറ്റെടുക്കലിനൊപ്പം തന്നെ ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും ഉറപ്പുവരുത്തണമെന്ന് വിദഗ്ധ സമിതി നിർദേശിക്കുന്നു.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള നേമം-നെയ്യാറ്റിൻകര-ബാലരാമപുരം ടണൽ നിർമാണം 124 കുടുംബങ്ങളെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 166 ഭൂവുടമകളിൽ നിന്നാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത്. 9.10 ഏക്കർ ഭൂമിയാണ് ടണലിനായി വേണ്ടത്. പള്ളിച്ചൽ പഞ്ചായത്തിലെ കുരണ്ടിവിള ഉൾപ്പെടുന്ന പ്രദേശത്താണ് നിർദിഷ്ട നേമം-നെയ്യാറ്റിൻകര-ബാലരാമപുരം ടണൽ നിർമിക്കുന്നത്.
തിരുവനന്തപുരം മുതൽ പാറശ്ശാല വരെ ഭൂമിയേറ്റെടുക്കാൻ റെയിൽവേ 400 കോടി രൂപ സംസ്ഥാന സർക്കാറിന് കൈമാറിയിരുന്നു. തിരുവനന്തപുരം മുതൽ നേമം വരെ 15 ഹെക്ടറും നേമം മുതൽ നെയ്യാറ്റിൻകര വരെ 7.60 ഹെക്ടറും നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെ 11.89 ഹെക്ടറുമാണ് ഭൂമിയേറ്റെടുക്കേണ്ടത്. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കിയാൽ 2024 മാർച്ചിൽ രണ്ടാം പാത നിർമാണം പൂർത്തിയാക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.