തിരുവനന്തപുരം-പാറശ്ശാല റെയിൽവേ പാത ഇരട്ടിപ്പിക്കൽ; സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-പാറശ്ശാല റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള നേമം-നെയ്യാറ്റിൻകര-ബാലരാമപുരം ടണൽ നിർമാണം 124 കുടുംബങ്ങളെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. 124 കുടുംബങ്ങളിലെ 166 ഭൂവുടമകളിൽനിന്ന് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
9.10 ഏക്കർ ഭൂമിയാണ് ടണലിനായി വേണ്ടത്. പള്ളിച്ചൽ പഞ്ചായത്തിലെ കുരണ്ടിവിള ഉൾപ്പെടുന്ന പ്രദേശത്താണ് നിർദിഷ്ട നേമം-നെയ്യാറ്റിൻകര-ബാലരാമപുരം ടണൽ നിർമിക്കുന്നത്. ഇവിടെ 40ഓളം കെട്ടിടങ്ങളും 16 നെയ്ത്തുശാലകളും മറ്റു സ്ഥാപനങ്ങളുമുണ്ട്.
ടണലിനായി 986 മരങ്ങൾ മുറിച്ചുനീക്കണം. നെയ്ത്തുശാലയിൽ തൊഴിൽ ചെയ്യുന്നവർ, കൃഷിഭൂമിയിൽ പാട്ടത്തിന് കൃഷി ചെയ്യുന്നവർ എന്നിവരെ പരോക്ഷമായി പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ബാധിക്കും.
അതേസമയം പൊതുമുതൽ, സാംസ്കാരികസ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ പദ്ധതി പ്രദേശത്ത് ഉൾപ്പെടുന്നില്ല. ടണൽ നിർമാണ പദ്ധതിക്കായി പ്രത്യേകമായ സാമൂഹിക പ്രത്യാഘാത പഠനങ്ങൾ ഒന്നും തന്നെ മുമ്പ് നടത്തിയിട്ടില്ല.
ആഘാതം ചൂണ്ടിക്കാട്ടുന്നതിനൊപ്പംതന്നെ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടമാകുന്ന വീട്, കെട്ടിടങ്ങൾ, അതിർത്തി മതിൽ, മരങ്ങൾ, നെയ്ത്തുശാലകൾ, പാട്ടകൃഷി എന്നിവക്കെല്ലാം അർഹമായ നഷ്ടപരിഹാരം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ സംബന്ധിച്ച് അറിയിപ്പുകൾ ലഭിക്കാത്തതും നടപടികൾ എപ്പോൾ പൂർത്തിയാകും എന്നറിയാത്തതും നടപടിക്രമങ്ങൾ വൈകുന്നതുമൂലവും ആഘാത ബാധിതർ ആശങ്കയിലാണ്.
ഭൂമി ഏറ്റെടുത്തുകഴിയുമ്പോൾ നഷ്ടപ്പെടുന്ന തൊഴിൽ സംരംഭങ്ങൾ തുടരാനും ഉപജീവന പ്രവൃത്തികൾ നടത്തുന്നതിനും മതിയായ പുനരധിവാസ-പുനഃസ്ഥാപന സഹായം അനുവദിക്കണം. നഷ്ടപരിഹാരം കാലതാമസമില്ലാതെ നൽകണം. ഭൂമി ഏറ്റെടുത്തശേഷം ഉപയോഗ യോഗ്യമല്ലാതെ ബാക്കിയായി വരുന്ന തുണ്ടുഭൂമികൾകൂടി ഏറ്റെടുത്ത് വിലനൽകണം.
നിർമാണ പ്രവൃത്തികൾ നടക്കുന്ന അവസരത്തിൽ സഞ്ചാര തടസ്സം നേരിടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധികാരികൾ പ്രത്യേകമായ ശ്രദ്ധ നൽകേണ്ടതാണെന്നും സാമൂഹികാഘാത പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം മുതൽ പാറശ്ശാല വരെ ഭൂമിയേറ്റെടുക്കാൻ റെയിൽവേ 400 കോടി രൂപ സംസ്ഥാന സർക്കാറിന് കൈമാറിയിരുന്നു.
തിരുവനന്തപുരം മുതൽ നേമം വരെ 15 ഹെക്ടറും നേമം മുതൽ നെയ്യാറ്റിൻകര വരെ 7.60 ഹെക്ടറും നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെ 11.89 ഹെക്ടറുമാണു ഭൂമിയേറ്റെടുക്കേണ്ടത്. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കിയാൽ 2024 മാർച്ചിൽ രണ്ടാംപാത നിർമാണം പൂർത്തിയാക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
ഭൂമിയേറ്റെടുക്കേണ്ടത്
• ടണലിന് മാത്രം 9.10 ഏക്കർ ഭൂമി
(പള്ളിച്ചൽ കുരണ്ടിവിള)
• തിരുവനന്തപുരം മുതൽ നേമം വരെ 15 ഹെക്ടർ
• നേമം മുതൽ നെയ്യാറ്റിൻകര വരെ 7.60 ഹെക്ടർ
• നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെ 11.89 ഹെക്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.