സുരക്ഷാ ക്രമീകരണമില്ലാതെ ഓട നവീകരണം; സ്ലാബിൽ തട്ടി വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്
text_fieldsഅമ്പലത്തറ: കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തുടരുന്ന കല്ലാട്ടുമുക്ക്-പരവൻകുന്ന് ഓട നവീകരണത്തിൽ അപകടം പതിവാകുന്നു. ഇടവിട്ട് ചെയ്യുന്ന പണിയും പണി പൂർത്തിയായിടങ്ങളിൽ ശരിയായി സ്ലാബുകൾ പാകാത്തതുമാണ് അപകടത്തിന് കാരണം.
കഴിഞ്ഞദിവസം പരവൻകുന്ന് ഗ്രീൻ ഗാർഡനിലെ വീട്ടമ്മ റുക്സാനക്ക് സ്ലാബിൽ തട്ടി വീണ് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് പൊട്ടലുണ്ടായ റുക്സാന ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. പണിയുടെ ഭാഗമായി കൃത്യമായ ദിശ ബോർഡുകളോ അപകട സൂചനകളോ നൽകിയിട്ടില്ല. ഇടുങ്ങിയ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ഇതിനു പുറമെയാണ് റോഡിൽനിന്ന് വളരെ ഉയരത്തിൽ ഇട്ട സ്ലാബിലൂടെ നടക്കുന്ന കാൽനടയാത്രക്കാർക്കുള്ള അപകട ഭീഷണിയും. ഉയരത്തിൽ സ്ലാബുകൾ ഇടുന്നത് വഴി റോഡരികിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കയുമുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ രാത്രികാലത്തും പണി തുടർന്ന് അതിവേഗം ഓടനിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കാൽനട യാത്രക്കാർക്ക് അപകടരഹിതമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.