കുടിവെള്ള ക്ഷാമം: മെല്ലെപ്പോക്കിൽ ജലഅതോറിറ്റി, ഇടപെടാതെ നഗരസഭ
text_fieldsതിരുവനന്തപുരം: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജല അതോറിറ്റി മെല്ലെപ്പോക്ക് തുടരുമ്പോൾ നഗരസഭയുടെ ഇടപെടൽ കാര്യക്ഷമമല്ല. 100 വാർഡുകളുള്ള വിശാലമായ നഗരത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ളത് ഒരു ടാങ്കർ മാത്രമാണ്. ജലവിതരണം മുടങ്ങുന്ന ഘട്ടങ്ങളിൽ എല്ലായിടത്തും വെള്ളമെത്തിക്കാൻ ഈ വാഹനം മതിയാവില്ല. കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തിക്കേണ്ടിവന്നാൽ വാടക വാഹനങ്ങളെ ആശ്രയിക്കണം.
നഗരത്തിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം സംബന്ധിച്ച് തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്. ജലവിതരണമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ നഗരസഭ തയാറാകണമെന്ന നിർദേശം കൗൺസിലർമാർ തന്നെ മുന്നോട്ടുവക്കുന്നുണ്ടെങ്കിലും ഭരണ നേതൃത്വം താൽപര്യം കാട്ടുന്നില്ല. സ്വകാര്യ ടാങ്കറുകളിൽ ജലവിതരണം നടക്കുണ്ടെങ്കിലും അമിത വില ഇൗടാക്കുന്നുവെന്ന് പരാതിയുണ്ട്.
പൈപ്പ് വെള്ളത്തെമാത്രം ആശ്രയിക്കുന്നവരാണ് നഗരവാസികളിൽ ഭൂരിപക്ഷവും. സ്മാർട്സിറ്റി പദ്ധതിയുടെ ഭാഗമായ നിർമാണപ്രവർത്തനങ്ങളാണ് ജലവിതരണത്തിലെ പലവിധ പ്രശ്നങ്ങൾക്കും കാരണമെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. തകരാറുകൾ കഴിയുന്നത്ര വേഗത്തിൽ പരിഹരിച്ച് ജലവിതരണം പുനരാരംഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ തകരാറുകൾ പരിഹരിച്ച് ഉദ്യോഗസ്ഥർ മടങ്ങിയാലും ടാപ്പിൽ വെളളമെത്തണങ്കിൽ ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിയിയാണുള്ളതെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.