അവർ കരമനയാറ്റിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണു
text_fieldsആര്യനാട്: കരമനയാറിലെ മൂന്നാറ്റ്മുക്ക് കടവില്‍ അച്ഛനുള്‍പ്പെടെ വെള്ളത്തിലാണ്ടുപോയപ്പോള് അലറിവിളിച്ച് നാട്ടുകാരെക്കൂട്ടി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ആ 15കാരന്. എന്നാൽ നാട്ടുകാർ മുങ്ങിത്താണ് നാലുപേരെയും കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറ ശ്രീനിവാസിൽ അനിൽകുമാർ (50), മകൻ അമൽ (13), മൂത്ത മകൻ അഖിൽ (15), സഹോദരപുത്രന് കഴക്കൂട്ടം കുളത്തൂർ കിഴക്കുംകര വൈകുണ്ഠത്തിൽ സുനിൽകുമാർ-മിനി ദമ്പതികളുടെ മകൻ അദ്വൈത് (അപ്പു), രാമു എന്നിവരും അനിൽകുമാറിന്റെ സഹോദരീപുത്രന് കഴക്കൂട്ടം കുളത്തൂർ കൈലാസത്തിൽ ആനന്ദ് (25) എന്നിവരുമാണ് കുളിക്കാൻ കരമനയാറ്റിലെ മൂന്നാറ്റിന്‍മുക്ക് വാരിപാറയിൽ എത്തിയത്. കുളികഴിഞ്ഞ് അഖിലും രാമുവും കരക്ക് കയറി. ഇതിനിടെ ആനന്ദ് വെള്ളത്തിലാണ്ടുപോയി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിൽകുമാറും അമലും അദ്വൈതും ചുഴിയിൽപെട്ട് വെള്ളത്തിലേക്ക് താണു.
അഖിലും രാമുവും ആറ്റിലേക്ക് ചാടാനാകാതെ നിലവിളിച്ചു. ഇതുകേട്ട് തൊട്ടടുത്ത കോഴിഫാമിലെ തൊഴിലാളികള്‍ ഉൾപ്പെടെ ഓടിയെത്തിയെങ്കിലും നിസ്സഹായരായി. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്. തുടർന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസിസും ഒരുമണിക്കൂറിലേറെ നീണ്ട തിരച്ചിലിൽ ജീവനറ്റ ശരീരങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ആര്യനാട് സര്‍ക്കാർ ആശുപത്രിയില്‍ എത്തിച്ചു. ആര്യനാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സേനയിലെ സാരഥി, നാട്ടുകാർക്കും പ്രിയപ്പെട്ടവൻ
പൊലീസ് സേനയിലെ ഡ്രൈവറായിരുന്ന മരിച്ച അനില്‍കുമാര്‍ നാട്ടുകാർക്കും പ്രിയപ്പെട്ടവൻ. കരമനയാറിന്റെ ഗതിയും ചതിയും തിരിച്ചറിയാവുന്ന അനില്‍കുമാര്‍ നന്നായി നീന്തലറിയുന്നയാളാണ്. ഇതിനകം അനേകരെയാണ് കാലവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ കരമനയാറ്റില്‍നിന്ന് ഇദ്ദേഹം രക്ഷപ്പെടുത്തിയത്. എന്നാല്‍ മകനും ഉറ്റബന്ധുക്കളും വെള്ളത്തിലാണ്ടുപോയപ്പോള് അനില്‍കുമാറിന്റെ ജീവനും നഷ്ടമായത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
ചെറുപ്പക്കാരോട് പോലും ബഹുമാനത്തോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന അനിൽകുമാർ സഹായം ചോദിച്ചെത്തുന്നവരെ നിരാശരാക്കാറില്ല. കൃഷിയും കാര്യങ്ങളുമായി എല്ലാവരും അത് ആഘോഷമാക്കുകയാണ് പതിവ്. ഇന്നലെ ആ പതിവ് ദുരന്തത്തിലേക്ക് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.