ഗുണ്ടാകുടിപ്പക; ഡി.ജെ പാർട്ടികളിൽ ലഹരി ഒഴുകുന്നോ
text_fieldsതിരുവനന്തപുരം: നഗരത്തിൽ ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ എക്സൈസും പൊലീസും നിരീക്ഷണം ശക്തമാക്കുന്നു. ഈഞ്ചക്കലിലെ ബാറിൽ ഗുണ്ടാ സംഘത്തലവന്മാരായ ഓംപ്രകാശും എയർപോർട്ട് സാജനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് നിരീക്ഷണം.
സംഭവത്തിൽ രണ്ടുപേരെ കൂടി ഫോർട്ട് പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. ബാറിൽനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ രണ്ടുപേരെയാണ് വിളിപ്പിച്ചത്. കേസിൽ ഓം പ്രകാശും എതിരാളിയും സാജന്റെ മകൻ ഡാനിയും ഉൾപ്പെടെ 12 പേരെ ഫോർട്ട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബർ 14നായിരുന്നു ഈഞ്ചക്കൽ ബാറിൽ ഡി.ജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പരസ്പരം ഏറ്റുമുട്ടിയതിന്റെ വിഡിയോ ദൃശ്യങ്ങള് പുറത്ത് വന്നിരുന്നു. തുടർന്ന് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണം വർധിക്കാനിടയുണ്ടെന്ന് രഹസ്യാന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷ കാലയളവിൽ എക്സൈസുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ ഡി.ജെ പാർട്ടികളുടെ വിശദാംശങ്ങൾ ശേഖരിച്ചു തുടങ്ങി. കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്മസിന് മുമ്പായി നടപടി സ്വീകരിക്കാനാണ് തീരുമാനം.
ബാറിലെ സംഘർഷത്തെ തുടർന്ന് ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ പൊലീസിന് വീഴ്ച സംഭവിച്ചത് വിവാദമായിരുന്നു. കുപ്രസിദ്ധ ഗുണ്ടകളുടെ നേതൃത്വത്തിൽ നടന്ന സംഘർഷം കഴിഞ്ഞ് അടുത്ത ദിവസമാണ് പൊലീസ് നടപടി ആരംഭിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസ് രജിസ്റ്റർ ചെയ്തതും വിമർശത്തിനിടയാക്കി. നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് അടുത്ത ദിവസം ഓംപ്രകാശിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, പാർട്ടിക്കിടെ ചെറിയ സംഘർഷം മാത്രമാണ് ഉണ്ടായതെങ്കിലും കുടുതൽ രൂക്ഷമാകാനുള്ള സാധ്യത മുൻ നിർത്തി വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു. നാല് മാസമായി നഗരത്തിൽ ഗുണ്ടാആക്രമനം കുറവാണെന്നും ഡി.ജെ പാർട്ടി സംഘർഷത്തിന്റെ സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ രൂക്ഷമാകയേക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.