നെയ്യാറിൽ മദ്യപിച്ച് ബോട്ട് സവാരി; മൂന്നുപേർ പിടിയിൽ
text_fieldsപൂവാർ: നെയ്യാറിൽ സുഹൃത്തുകളുമൊത്ത് മദ്യപിച്ച് ബോട്ട് സവാരി നടത്തിയ സി.പി.എം പ്രാദേശിക നേതാക്കളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. കരുംകുളം സ്വദേശികളും മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ പ്രസിഡന്റ് മാർട്ടിൻ, സെക്രട്ടറി യേശുരാജൻ, ട്രഷറർ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. സി.ഐ.ടി.യു ജില്ല ടൂറിസ്റ്റ് ബോട്ട് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻ സെക്രട്ടറി കൂടിയാണ് ബോട്ട് ഡ്രൈവറായ തങ്കച്ചൻ. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പൂവാർ എസ്.ഐ റസൽ രാജിന്റെ നേതൃത്വത്തിൽ നെയ്യാറിലെ അനധികൃത ബോട്ട് സവാരിക്കെതിരെ നടത്തിയ പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
നെയ്യാറിലൂടെ ബോട്ട് സവാരി നടത്തി മദ്യപിക്കുകയായിരുന്നു. സഞ്ചരിച്ച ബോട്ടിനുള്ളിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ ബോട്ടിന്റെ ഡ്രൈവർ തങ്കച്ചന് ബോട്ട് ഓടിക്കാൻ വേണ്ട ലൈസൻസില്ലെന്നും രേഖകൾ ആവശ്യപ്പെട്ട പൊലീസിനോട് മദ്യ ലഹരിയിലായ ഇയാൾ കയർത്ത് സംസാരിച്ച് അസഭ്യം വിളിച്ചതായും പറയുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കി. രാത്രിയോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.