വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വെള്ളിയാഴ്ച മുതല്‍
text_fieldsശംഖുംമുഖം: വിമാനത്താവളത്തില്‍ വര്‍ഷങ്ങൾക്കുശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പ് വെള്ളിയാഴ്ചമുതൽ തുറന്നു പ്രവര്‍ത്തിക്കും. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (ടി.ഡി.എഫ്) എന്നാണ് പുതിയ പേര്. അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ രണ്ട് ഔട്ട്ലെറ്റുകള് ഉണ്ടാകും. ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവക്കുവേണ്ടി മാത്രമായിരിക്കും.
അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണ് പുതിയ ഷോപ്പ്. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്നതരത്തിലാണ് ഷോപ്പ് രൂപകല്പന. ശരിയായ ഉല്പന്നം തെരഞ്ഞെടുക്കാന്‍ യാത്രക്കാരെ സഹായിക്കാന്‍ കസ്റ്റമര്‍ സര്‍വിസ് എക്സിക്യൂട്ടിവുകളുടെ സഹായവും ലഭ്യമാക്കും. അദാനി ഗ്രൂപ്പും ഫ്ലമിഗോ കമ്പനിയുമായി ചേര്‍ന്നുള്ള പുതിയ കമ്പനിക്കാണ് നടത്തിപ്പ് അവകാശം. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്ന ഫ്ലമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും അദാനി ഗ്രൂപ് വാങ്ങിയാണ് പുതിയ കമ്പനിയായി മാറിയിരിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് അവകാശം എറ്റെടുത്തിരുന്നത് പ്ലസ് മാക്സ് കമ്പനിയായിരുന്നു. ഇവർ ലിറ്റര്‍ കണക്കിന് വിദേശ മദ്യം പുറത്തേക്ക് മറിച്ച് വിറ്റതിതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിച്ചത്.
കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടികള്‍ ഉൾപ്പെടെ 1300 രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അവരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉപയോഗിച്ച് മദ്യം മറിച്ചുവിറ്റതായും ആറ് കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തി. ഇതോടെ ഷോപ്പിന്റെ ലൈസന്‍സ് കസ്റ്റംസ് സസ്പെൻഡ് ചെയ്തു. ലൈസന്‍സ് സസ്പെൻഡ് ചെയ്ത കസ്റ്റംസ് കമീഷണറുടെ നടപടിക്കെതിരെ പ്ലസ് മാക്സ് കമ്പനി ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തെങ്കിലും പഴയ ഷോപ്പ് തുറക്കുന്നതിന് നിയമ തടസ്സങ്ങളുണ്ടായി. ഇതോടെയാണ് പഴയ ഷോപ്പിന് സമീപം പുതിയ ഷോപ്പ് സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.