ഇ-ബസ് ഇഷ്ടക്കാർ മന്ത്രിക്കെതിരെ
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ജനപ്രിയ സർവിസുകളായ ഇ-ബസുകൾക്കെതിരെയുള്ള ഗതാഗത മന്ത്രിയുടെ പരാമർശത്തിൽ വ്യാപക പ്രതിഷേധം. 10 രൂപക്ക് നഗരത്തിലെവിടെയും സഞ്ചരിക്കാമെന്നത് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്. ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റുമാണ് നിലവിലെ നിരക്ക്. കൂടാതെ, പുതുതായി ആരംഭിച്ച ട്രാവൽ കാർഡും ഉപയോഗിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ മറ്റ് ബസുകൾ പ്രധാന പാതകളിലൂടെ മാത്രമോടുമ്പോൾ നഗരത്തിന്റെ മുക്കും മൂലകളുമടക്കം എല്ലാ മേഖലകളും ബന്ധിപ്പിച്ചാണ് സിറ്റി സർവിസുകളായ ഇ-ബസുകളുടെ സഞ്ചാരം.
സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാരണ് ഇത്തരം ബസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോറിക്ഷകളിൽ 40 ഉം 50 ഉം രൂപ കൊടുത്ത് പോകേണ്ട സ്ഥലങ്ങളിലേക്ക് ജീവിതച്ചെലവേറിയ കാലത്ത് കുറഞ്ഞ ചെലവിൽ ആളുകളെ എത്തിക്കുന്നെന്നത് ചെറുതല്ലാത്ത ആശ്വസമാണ്. ഇ-സർവിസുകൾ സൃഷ്ടിച്ച സൗകര്യവും പുതിയ ഗതാഗത സംസ്കാരവും ജനം നെഞ്ചേറ്റുമ്പോഴാണ് ഇതിനെല്ലാം ഇരുട്ടടിയാകുന്ന ഗതാഗതമന്ത്രിയുടെ പരാമർശങ്ങൾ. 10 രൂപ നിരക്ക് നഷ്ടമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
നിലവിൽ ഡീസൽ ബസുകൾ ഒരു കിലോമീറ്റർ സർവിസ് നടത്തുന്നതിന് 37 രൂപയാണ് ചെലവ് വരുന്നത്.ഇ- ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവിസ് നടത്താൻ 24 രൂപയാണ് ചെലവ്. നിലവിലെ ഇന്ധന വിലവർധനയുടെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകൾ ഗുണകരമെന്നാണ് മാനേജ്മെന്റും വിലയിരുത്തിയിരുന്നത്.
തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, നെയ്യാറ്റിൻകര, തുടങ്ങിയ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകളുമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ സിറ്റി സർക്കുലറുകളെ ആശ്രയിക്കുന്നെന്നാണ് കണക്ക്.
നഗരത്തിന്റെ സിരകളായ പാതകളിലെല്ലാം ഇ-ബസുകൾ ഓടുന്നുണ്ട്. ഇലക്ട്രിക് ബസുകളുടെ വലിയ ശൃംഖല തന്നെ ഇപ്പോൾ നഗരത്തിന് സ്വന്തമാണ്. റൂട്ടും സമയക്രമവും ടിക്കറ്റെടുക്കലും മുതൽ ജീവനക്കാരുടെ ഇടപെടലുകളിൽ വരെ കൂടുതൽ യാത്രാസൗഹൃദ സമീപനം കൈവരുന്നു എന്നതാണ് ഇ-ബസ് റൂട്ടുകളെ കൂടുതൽ ജനകീയമാക്കുന്നത്. ശരാശരി ഒന്നര മണിക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ തന്നെ 140 കിലോ മീറ്ററിന് മുകളിൽ റേഞ്ച് ലഭിക്കുന്നുണ്ട്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില.
ജനം ഇരുകൈയും നീട്ടി സ്വീകരിച്ച പദ്ധതി, മുന്നോട്ടുപോകും -മേയർ
തിരുവനന്തപുരം: ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഇ.ബസ് സർവീസുകൾ വിജയകരമെന്ന് മേയർ ആര്യ രാജേന്ദ്രൻ. തലസ്ഥാന നഗരത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണമെന്നത് ഇടതുമുന്നണിയുടെ നയമാണ്. അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും.
കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിലാണ് നഗരസഭ 60 ഇ- ബസുകൾ നഗരത്തിലെ സർവീസിനായി കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയത്. രണ്ടാം ഘട്ടമെന്ന നിലയിൽ 20 ഇ- ബസുകളും നഗരത്തിലെ വിനോദസഞ്ചാര മേഖലക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി രണ്ട് ഇ- ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.