പ്രഹസനമായ ഇ-ഓഫിസും നോട്ട് ബുക്കിലെ രജിസ്റ്ററുകളും
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തിലെ അഴിമതി ഇല്ലാതാക്കാനും സർക്കാറിന്റെ ഭരണസുതാര്യത ഉറപ്പാക്കാനും വാസ്തുശിൽപ വിഭാഗത്തിൽ ആരംഭിച്ച ഇ-ഓഫിസ് പ്രവർത്തനം പ്രഹസനം. ഇ-ഓഫിസ് നിലവിലുണ്ടെങ്കിലും എല്ലാ തപാലുകളും എ.ബി സെക്ഷന് കൈമാറാൻ ടെക്നിക്കൽ വിഭാഗത്തിന് വിമുഖതയാണ്. 2022, 2023 കാലഘട്ടങ്ങളിൽ ലഭിച്ച തപാലുകൾ ഇ-ഓഫിസിൽ ഉൾക്കൊള്ളിച്ചു. ഇ-ഓഫിസ് എ.ബി സെക്ഷനിൽ ഫയലുകളാക്കിയാണ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്തെ കാര്യാലയത്തിൽനിന്നാണ് എറണാകുളം, കോഴിക്കോട് റീജനൽ ഓഫിസുകളുടെ കീഴിൽ വരുന്ന ജില്ലകളിലെ പ്രവൃത്തികൾ സംബന്ധിച്ച തപാലുകൾ ഇ-ഓഫിസ് നമ്പർ ഇടുന്നത്. സാഹചര്യം വ്യക്തമായി രേഖപ്പെടുത്താതെ ഇ-ഓഫിസ് ഫയലുകൾ ചീഫ് ആർക്കിടെക്റ്റ് തന്നെ ക്ലോസ് ചെയ്തിട്ടുണ്ട്. സാങ്കേതിക വിഷയങ്ങളിലെ തപാലുകൾ എ.ബി സെക്ഷനുകൾ മുഖേനയല്ല ഫയലുകൾ ഉണ്ടാക്കുന്നത്. വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ സമയപരിധി പാലിക്കുന്നില്ല. സ്യൂട്ട് രജിസ്റ്റർ, ഒ.എ രജിസ്റ്റർ എന്നാണ് എഴുതിയത്. പെൻഷൻ ഫയലുകളൊന്നും ഈ കാര്യാലയത്തിൽ സൂക്ഷിക്കുന്നില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിചർ, സ്റ്റേഷനറി വസ്തുക്കൾ എന്നിവയുടെ കണക്ക് രേഖപ്പെടുത്തേണ്ട ടൂൾസ് ആൻഡ് പ്ലാന്റ് (ടി ആൻഡ് പി) രജിസ്റ്ററും കാര്യാലയത്തിലില്ല. രേഖകളൊന്നും ഓഡിറ്റിന് നൽകിയില്ല. അത്തരം ഫയൽ സംവിധാനം വാസ്തുശിൽപ വിഭാഗത്തിൽ ഇല്ലെന്ന് ചുരുക്കം.
കാഷ് ഡിക്ലറേഷൻ രജിസ്റ്റർ
ഈ ഓഫിസിൽ അനക്സ്, മെയിൻ എന്നിങ്ങനെ രണ്ട് കാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കുന്നു. ജലൈ 2023 മുതലുള്ള രജിസ്റ്റർ പരിശോധനയിൽ ആകെ 26 പേരുടെ പട്ടികയുണ്ട്. എന്നാൽ, ഹാജർ പട്ടിക പ്രകാരം 23 പേർ മാത്രമാണ് മെയിൻ രജിസ്റ്ററിൽ വരേണ്ടത്. ജൂലൈ 2023ലെ എൻട്രി പരിശോധിച്ചതിൽ, രാജീവൻ ഡി എന്ന ജീവനക്കാരൻ ഒഴികെ മറ്റെല്ലാവരും കൃത്യമായി രേഖപ്പെടുത്തി. ആഗസ്റ്റ് 23ലെ എൻട്രി പരിശോധിച്ചതിൽ എ. സുമീർ, ഡി. രാജീവൻ എന്നിവരുടെ എൻട്രികൾ കൃത്യമല്ല. ഓഡിറ്റ് നടത്തിയ തീയതിയിൽ അഡ്ലിൻ ആന്റണി, ഫാസിൽ മുഹമ്മദ് എന്നിവർ കാഷ് എൻട്രി ചെയ്തിട്ടില്ല.
ജനുവരി 2023 മുതലുള്ള രജിസ്റ്റർ പരിശോധനക്ക് ലഭ്യമായിരുന്നു. ആകെ 17 പേരുടെ പട്ടികയുണ്ട്. മുൻമാസങ്ങളിലെ എൻട്രി പരിശോധിച്ചതിൽ പലതും ഒഴിഞ്ഞുകിടക്കുകയാണ്. 2023 ജനുവരി മുതലുള്ള രജിസ്റ്റർ പരിശോധിച്ചപ്പോൾ ആകെ 17 പേരുടെ പട്ടികയുണ്ട്. മുൻമാസങ്ങളിലെ എൻട്രി പരിശോധിച്ചതിൽ പലതും ഒഴിഞ്ഞുകിടക്കുന്നതായി കണ്ടു. 2023 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എൻട്രികൾ പരിശോധിച്ചപ്പോൾ ആഗസ്റ്റ് 23ലെ പട്ടികയിൽ രാജീവൻ ഡി, ഷൈൻരാജ് സി.പി, ഫാസിൽ മുഹമ്മദ് എന്നിവരുടെ പേരുകൾ രജിസ്റ്ററിൽനിന്ന് ഒഴിവാക്കി.
ഇവർ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ യാതൊരുവിധ രേഖപ്പെടുത്തലും വരുത്തിയിട്ടില്ല. ഗീത ബി എന്ന ജീവനക്കാരി ഭാഗികമായി രേഖപ്പെടുത്തിയതായും കാണുന്നു. ഇവരുടെയെല്ലാം പേരുകൾ ബന്ധപ്പെട്ട ഹാജർ പട്ടികയിലുണ്ട്. കൃത്യമായി ഹാജർ രേഖപ്പെടുത്തിയിട്ടുമുണ്ട്. കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്താത്തത് ന്യൂനതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കാഷ് ഡിക്ലറേഷൻ രജിസ്റ്റർ മെയിനിൽ 2023 ജൂലൈ മുതൽ മാത്രമാണ് രേഖപ്പെടുത്തലുകളുള്ളത്. രാജീവൻ ഡി എന്ന ഡെപ്യൂട്ടി ആർക്കിടെക്ടിന്റെ പേര് രണ്ട് രജിസ്റ്ററിലും കാണുന്നു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരടക്കം പലരും തുക എഴുതിയിട്ട് ഇനിഷ്യൽ ചെയ്യുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
മൂവ്മെന്റ് രജിസ്റ്റർ
ഓഫിസ് അധികാരി/നിയന്ത്രണാധികാരി ഒപ്പിട്ട സർട്ടിഫിക്കറ്റ് ഇല്ലാത്ത രണ്ട് മൂവ്മെന്റ് രജിസ്റ്ററാണ് ഈ ഓഫിസിൽ സൂക്ഷിക്കുന്നത്. രണ്ട് രജിസ്റ്ററിന്റെയും ആദ്യ പേജിൽ രേഖപ്പെടുത്തേണ്ട സർട്ടിഫിക്കറ്റ് ഇല്ല. 2022 സെപ്റ്റംബർ ആറു മുതൽ 2023 ആഗസ്റ്റ് ഒമ്പതുവരെയുള്ളതാണ് ഒരു രജിസ്റ്റർ. എല്ലാ കോളങ്ങളും പൂരിപ്പിക്കുകയോ കൃത്യമായ സമയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കൃത്യമായ ഒപ്പിടാത്തവരുമുണ്ട്.
രജിസ്റ്ററിന്റെ യാതൊരു സ്വഭാവവും ഇല്ലാത്ത 19x15 സെന്റി മീറ്റർ വലുപ്പത്തിലുള്ള നോട്ട്ബുക്കായിരുന്നു രണ്ടാമത്തെ രജിസ്റ്റർ. 2023 ഏപ്രിൽ 20 മുതൽ ആഗസ്റ്റ് ഒമ്പതുവരെയുള്ള എൻട്രികളാണ് ഇതിലുണ്ടായിരുന്നത്. കോളങ്ങൾ രേഖപ്പെടുത്താത്തതിനാൽ വിവരങ്ങളൊന്നും കൃത്യമല്ല. തീയതി, ഔട്ട് ടൈം, പർപ്പസ്, ഒപ്പ് എന്നിവ മാത്രമാണ് രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേര്, ഉദ്യോഗപ്പേര് എന്നിവയില്ല. തിരികെ വന്ന സമയവും രേഖപ്പെടുത്തിയിട്ടില്ല. രണ്ട് മൂവ്മെന്റ് രജിസ്റ്ററുകളിലും സാക്ഷ്യപ്പെടുത്തലുകളില്ല. ഒരു രജിസ്റ്റർ 2023 ഏപ്രിൽ 20ന് മാത്രം ആരംഭിച്ചതാണ്. പോസ്റ്റ് ഓഫിസ്, ബാങ്ക്, പേഴ്സണൻ എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയത്.
സാലറി സർട്ടിഫിക്കറ്റ്
കടപ്പാക്കട കെ.എസ്.എഫ്.ഇ, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക്, പെരിനാട് സർവിസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളിലേക്ക് നൽകിയ സാലറി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് മറ്റൊരു ക്രമക്കേട്. ഇതേ കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ആർക്കിടെക്റ്റിനാണ് ചീഫ് ആർക്കിടെക്റ്റ് ഒപ്പിട്ട സാലറി സർട്ടിഫിക്കറ്റ് നൽകിയത്. മുകളിൽ പറഞ്ഞ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഡെപ്യൂട്ടി ചീഫ് ആർക്കിടെക്റ്റിന്റെ പേരിൽ ഉയർന്ന സാമ്പത്തിക ബാധ്യതയും ഓഡിറ്റ് വിഭാഗം കണ്ടെത്തി. സാലറി സർട്ടിഫിക്കറ്റ് ഒപ്പിടേണ്ടത് ഭരണസഹായി (ബി ആൻഡ് ആർ) ആണ്. ഇതിനുപകരം ചീഫ് ആർക്കിടെക്റ്റ് നേരിട്ട് ഒപ്പിട്ട് നൽകി സഹായിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.