ഇ-സഞ്ജീവനിയിൽ സൂപ്പര്‍ സ്പെഷാലിറ്റി ഉള്‍പ്പെടെ ചികിത്സ സൗകര്യവും
text_fieldsതിരുവനന്തപുരം: ആശുപത്രിയില്‍ നേരിട്ട് പോയി ചികിത്സ തേടുന്നതിനുപകരം ഓണ്‍ലൈനായി വിഡിയോ കോളിലൂടെ ചികിത്സ തേടുന്ന ഇ-സഞ്ജീവനിയില്‍ നിലവിലെ സേവനങ്ങള്‍ക്ക് പുറമെ സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഇതുവഴി സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടറുടെ സേവനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നേരിട്ട് പോയി തേടുന്നതിന് പകരം തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തി അവിടുത്തെ ഡോക്ടറുടെ സഹായത്തോടെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനത്തിലൂടെ രോഗിക്ക് ചികിത്സ ഉറപ്പാക്കാം.
സൂപ്പര്‍ സ്പെഷാലിറ്റിയില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ ന്യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എന്ററോളജി, എന്‍ഡോക്രൈനോളജി എന്നീ ഒ.പിയും മാസത്തില്‍ ആദ്യ ബുധനാഴ്ച പീഡിയാട്രിക് കാര്‍ഡിയോളജിയും രണ്ടാം ബുധനാഴ്ച പീഡിയാട്രിക് എന്‍ഡോ ക്രൈനോളജിയും മൂന്നാം ബുധനാഴ്ച പീഡിയാട്രിക് ഗ്യാസ്ട്രോളജിയും അവസാന ബുധനാഴ്ച പീഡിയാട്രിക് ന്യൂറോളജിയും ആദ്യ വ്യാഴാഴ്ച പീഡിയാട്രിക് നെഫ്രോളജി ഒ.പിയുമുണ്ടാകും.
ഇതോടൊപ്പം ജില്ല ആശുപത്രികളിലേയും ജനറല്‍ ആശുപത്രികളിലെയും സ്പെഷാലിറ്റി കെയര്‍ സേവനങ്ങളും ലഭിക്കും. താഴെത്തട്ടിലുള്ള ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ ജില്ല, ജനറല്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളജിലെയും സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ രോഗികള്‍ക്ക് ഇതുവഴി ലഭിക്കും.
ഇ-സഞ്ജീവനിയിലൂടെ കോവിഡ് ഒ.പി 24 മണിക്കൂറും പോസ്റ്റ് കോവിഡ്, ജനറല്‍ ഒ.പി സേവനങ്ങള്‍ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ലഭ്യമാണ്. എല്ലാ സ്പെഷാലിറ്റി ഒ.പി സേവനങ്ങളും ദിവസവും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ ലഭിക്കും.
ഇ-സഞ്ജീവനി സേവനം esanjeevaniopd.in പോര്‍ട്ടല്‍ മുഖാന്തരം തേടാവുന്നതാണ്. വെബ്സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ മൊബൈലിലേക്ക് ഒ.ടി.പി ലഭിക്കും. ഒ.ടി.പി നല്കിക്കഴിയുമ്പോള് ലഭിക്കുന്ന പേഷ്യന്റ് ഐ.ഡിയും ടോക്കണ്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
മുന്‍ ചികിത്സ രേഖകള്‍ അപ്ലോഡ് ചെയ്യാനും പരിശോധനക്കുശേഷം ഡോക്ടര്‍ നല്കുന്ന മരുന്ന്, ലാബ് പരിശോധന കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. സൗജന്യമായി ലഭിക്കുന്ന ഈ സേവനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ദിശ നമ്പറായ 104/1056/04712552056 എന്നിവയില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.