വിദ്യാതരംഗിണി വായ്പ; പുതിയ ഉത്തരവിറക്കി സഹകരണ സംഘം രജിസ്ട്രാർ
text_fieldsകിളിമാനൂർ: പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനായി സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങൾ വഴി നടപ്പാക്കിയ 'വിദ്യാതരംഗിണി' പലിശരഹിത വായ്പ പദ്ധതിയിൽ സഹകരണസംഘം ജോയൻറ് രജിസ്ട്രാർ പുതിയ ഉത്തരവിറക്കി. നേരത്തെ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലും വ്യക്തതയില്ലാത്തതിനാൽ യഥാർഥ ഗുണഭോക്താക്കൾക്ക് വായ്പ ആനുകൂല്യം ലഭിക്കില്ലെന്ന പരാതി വ്യാപകമായതോടെയാണ് പുതിയ ഉത്തരവിറക്കിയത്.
സഹകരണ സംഘത്തിലെ എ ക്ലാസ് മെംബർമാരുടെ മക്കൾക്ക് മാത്രമാകും വായ്പയെന്ന ഉത്തരവ് നിലനിർത്തിയാണ് പുതിയ ഭേദഗതികൾ. എ ക്ലാസ് മെംബർ അല്ലാത്തവരുടെ ഈമാസം 31 വരെയുള്ള എല്ലാ അപേക്ഷകളും സ്വീകരിച്ച് ആഗസ്റ്റിലെ ആദ്യ കമ്മിറ്റിയിൽ തീരുമാനമാക്കണം. വായ്പക്ക് വേണ്ടിയുള്ള അപേക്ഷയും മെംബർഷിപ് അപേക്ഷയും ഒന്നിച്ച് പരിഗണിക്കണമെന്നും നിർദേശമുണ്ട്. ദൂരപരിധി തടസ്സമാകുന്ന സന്ദർഭത്തിൽ വിദ്യാർഥിക്ക് ഏറ്റവും അടുത്തുള്ള സംഘത്തിൽനിന്നും വായ്പ എടുക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നത് ജോയൻറ് രജിസ്ട്രാർ (ജറനൽ), താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) എന്നിവർക്ക് നിർദേശം നൽകണമെന്നും പറയുന്നു.
ജൂൺ 23നാണ് പലിശരഹിത വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സഹകരണസംഘം രജിസ്ട്രാർ കേരള ത്തിലെ മുഴുവൻ സർവിസ് സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും കത്തയച്ചത്.
ഒന്നുമുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണത്തിന് മൊബൈൽ ഫോൺ വാങ്ങുന്നതാണ് ലോൺ. ലോൺ തുക തുല്യഗഡുക്കളായി 24 മാസം കൊണ്ട് അടച്ചുതീർത്താൽ മതിയാകും. ഒരാൾക്ക് 10,000 രൂപയാണ് അനുവദിക്കാവുന്ന തുക. ഒരു സഹകരണ ബാങ്കിന് 50 പേർ എന്ന കണക്കിൽ അഞ്ച് ലക്ഷം രൂപ വരെ ബാങ്കിന് നൽകാം.
എന്നാൽ ഇതറിഞ്ഞെത്തിയവർ ഏറെയും നിരാശരായി മടങ്ങി. ബാങ്കിൽ എ ക്ലാസ് മെംബർഷിപ്പുള്ളവർക്ക് മാത്രമേ ലോൺ നൽകാൻ കഴിയുള്ളൂവെന്ന് അധികൃതർ അറിയിച്ചത്. ജൂലൈ 4ന് 'വിദ്യാതരംഗിണി വായ്പ പാർട്ടിക്കാരുടെ മക്കൾക്ക്' എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.