തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും തെരഞ്ഞെടുപ്പ് ചൂട്
text_fieldsതിരുവനന്തപുരം: മുട്ടട ഉപതെരഞ്ഞെടുപ്പിനു ശേഷം കോർപറേഷൻ വീണ്ടും ഒരു തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജിസമർപ്പിച്ച സ്ഥിരംസമിതി അധ്യക്ഷരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പാണ് 22, 26 തീയതികളിൽ നടക്കുക. മറ്റ് അട്ടിമറികൾക്കൊന്നും സാധ്യതയില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് സുഗമമായി തന്നെയാവും നടക്കുക.
യുവജനങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരുക എന്ന നയത്തിന്റെ ഭാഗമായാണ് സ്ഥാനമാറ്റമെന്നാണ് സി.പി.എം ജില്ല നേതൃത്വം പറയുന്നതെങ്കിലും ഭരണമികവ് വർധിപ്പിക്കുക എന്ന ലക്ഷ്യം പിന്നിലുണ്ടെന്നാണ് അറിയുന്നത്.
അഞ്ച് സ്ഥിരംസമിതി അധ്യക്ഷരോട് രാജിവെക്കാനാണ് പാർട്ടി ആദ്യം നിർദേശിച്ചത്. നാലുപേരുടെ രാജി കോർപറേഷൻ സെക്രട്ടറിക്ക് കൈമാറുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാം രാജിക്കായി കാക്കാതെയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
ചാല, കഴക്കൂട്ടം, പേരൂർക്കട, പാളയം, വഞ്ചിയൂർ ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവർ തന്നെയാകും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെന്ന് തീരുമാനമെടുത്ത് ജില്ല നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിൽ ചില എതിർപ്പുണ്ടെങ്കിലും അത് അംഗീകരിക്കണ്ടെന്നാണ് തീരുമാനം.
അധ്യക്ഷർക്ക് പുറമെ, രാജിവെച്ച സ്ഥിരംസമിതികളിൽ ആരൊക്കെ അംഗങ്ങളാകണമെന്നത് സംബന്ധിച്ചും ജില്ല നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.
സ്ഥിരംസമിതി അധ്യക്ഷരായ ജമീല ശ്രീധരൻ, എൽ.എസ്. ആതിര, ജിഷാ ജോൺ, കെ.എസ്. റീന എന്നിവർക്ക് പകരമാണ് പുതിയ അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇത് 26ന് നടക്കും.
കൂടാതെ, സ്ഥിരംസമിതിയിലെ ആറ് അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. ഗായത്രിബാബു, എസ്.എസ്. ശരണ്യ, എസ്. ജയചന്ദ്രൻ നായർ, സി.എസ്. സുജാദേവി, ഷാജിത നാസർ, പി. രമ എന്നിവരാണ് രാജിവെച്ചത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 22നും നടക്കും.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ എസ്. സലീമിന്റെ രാജിയാണ് ഇതുവരെ സെക്രട്ടറിക്ക് കൈമാറാത്തത്. ഒരുമിച്ച് അഞ്ചുപേർ മാറുന്നത് ഭരണത്തെ ബാധിക്കുമെന്നതിനാലാണ് ഘട്ടംഘട്ടമായി മാറ്റം എന്ന് തീരുമാനിച്ചതെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, സംഘടന രംഗത്തെ തർക്കങ്ങളും കോർപറേഷൻ പാർലമെന്ററി പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം കൂടി ഉയർന്നതുമാണ് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്റെ രാജി നീളുന്നതിന് പിന്നിലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.