അവസാന ലാപ്പിൽ വോട്ടുറപ്പിക്കാൻ നെേട്ടാട്ടമോടി തിരുവനന്തപുരം മണ്ഡലം സ്ഥാനാർഥികൾ
text_fieldsതിരുവനന്തപുരം: പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥികൾ. പാർട്ടികളുടെ പ്രചാരണക്കമ്മിറ്റി ഓഫിസുകളുമെല്ലാം രാവും പകലും ഒരു പോലെ പ്രവർത്തിക്കുകയാണ്. പറഞ്ഞുതീരും മുന്‍പ് തെരഞ്ഞെടുപ്പ് അടുത്തതിന്റെ വെപ്രാളം മുന്നണിക്കെല്ലാമുണ്ട്. വോട്ടർ പട്ടികയിൽ കൂട്ടിയും കിഴിച്ചും ആടി നിൽക്കുന്ന വോട്ടർമാരെ ഒപ്പം കൂട്ടാൻ തന്ത്രങ്ങൾ ആവിഷ്കരിച്ചും തിരക്കിലാണ് പാർട്ടി ഓഫിസുകളെല്ലാം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നതാണ് വെല്ലുവിളി. അതുകൊണ്ട് തന്നെ നാടിളക്കിയുള്ള പ്രചാരണത്തിനാകും വരും ദിവസങ്ങൾ സാക്ഷിയാവുക. ഗൃഹസന്ദർശനത്തിന് രാഷ്ട്രീയ തന്ത്രങ്ങൾ രൂപം കൊടുക്കാനുള്ള ശ്രമങ്ങളും ഇടപെടലും സജീവമായി നടക്കുന്നുണ്ട്. കൂടുതൽ വോട്ട് സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികൾ, സാംസ്കാരിക -സന്നദ്ധ സംഘടനകൾ, പ്രാദേശിക ശക്തി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനമുറപ്പിക്കലും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് മറ്റൊന്ന്. ഇക്കുറി പ്രദേശികതലത്തിൽ ചെറുപ്പക്കാരുടെ വലിയ സംഘങ്ങൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി പാതിരാവോളം സജീവമാണ്. ചുവരുകളിലെ നിറഞ്ഞ് തൂകുന്ന പോസ്റ്റർ രൂപകൽപനയിൽ മധ്യവയസിന്റെ ആലസ്യമല്ല, അധികവും ചെറുപ്പത്തിന്റെ ആർജ്ജവവും ചുറുചുറുക്കുമാണ്.
ഗ്രാമീണ റോഡും കുടിവെള്ളവും മുതൽ ദേശീയ രാഷ്ട്രീയം വരെ ചർച്ചാവിഷയമാകുന്ന തെരഞ്ഞെടുപ്പിൽ കരുതലോടെയാണ് രാഷ്ട്രീയക്യാമ്പുകളുടെ ഇടപെടലുകൾ. രാഷ്ട്രീയത്തിനൊപ്പം വ്യക്തി ബന്ധങ്ങളും കുടുംബ-പ്രാദേശിക ഘടകങ്ങളുമെല്ലാം സ്വാധീനശക്തിയായി മാറുന്ന വോട്ടുകളത്തിൽ ജനമനസറിഞ്ഞുള്ള വിഷയങ്ങളും പ്രചരണായുധങ്ങളാണ്. എവിടെയും ചർച്ചകൾ ചൂടുപിടിക്കുകയാണ്. നെയ്യാറ്റിൻകരയെ ഇളക്കിമറിച്ചായിരുന്നു ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രെൻറ മൂന്നാം ഘട്ട പര്യടനം. രാവിലെ വഴി മുക്കിൽ നിന്നാരംഭിച്ച പര്യടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വിവിധ ബൂത്ത് കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാത്രി വൈകി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി ആയിരകണക്കിനാളുകൾ സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കി. വലിയ പ്രചാരണാരവങ്ങൾക്കൊപ്പമാണ് സ്ഥാനാർഥിയെത്തുന്നത്.
ഗൗരീശപട്ടത്തെ ശ്രീനാരായണഗുരു മന്ദിരത്തിലും അയ്യങ്കാളി പ്രതിമയിലും കുമാരപുരത്ത് ചട്ടമ്പി സ്വാമി സ്മാരകത്തിലും പുഷ്പാർച്ചന നടത്തിയാണ് ശശി തരൂർ വെള്ളിയാഴ്ചയിലെ പര്യടനം ആരംഭിച്ചത്. മുളവനയിൽനിന്ന് 8.30ന് ആരംഭിച്ച പര്യടനം ഗൗരീശപട്ടം കുമാരപുരം, കണ്ണമ്മൂല, പള്ളിമുക്ക്, പാറ്റൂർ, വടയക്കാട്, തമ്പുരാൻ മുക്ക്, മുട്ടട ജങ്ഷൻ, പരുത്തിപ്പാറ, കേശവദാസപുരം, എൽ.ഐ.സി, പി.ടി ചാക്കോ നഗർ, പൊട്ടക്കുഴി, പി.ടി.പി ജങ്ഷൻ, കുറവൻകോണം വഴി പറമ്പു കൊണത്ത് ഉച്ചയോടെ സമാപിച്ചു. മൂന്നിന് വയലിക്കടയിൽ നിന്നാരംഭിച്ച് കുറവൻകോണം ജങ്ഷൻ, ദേവസ്വം ബോർഡ് ജങ്ഷൻ, കുന്നുംപുറം, നാലുമുക്ക്, കുടപ്പനക്കുന്ന്, മരിയനഗർ, കിഴക്കേ മുക്കോല, പേരാപ്പൂര്, മലമേൽ നട, ഇളയം പള്ളി, അഞ്ചുമുക്ക് എന്നിവിടങ്ങൾ പിന്നിട്ട് നാലാഞ്ചിറ കുരിശ്ശടി ജങ്ഷനിൽ സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരനും പ്രചാരണ രംഗത്ത് സജീവമാണ്. അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പഴയകാല പ്രചാരണ രീതികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അനുകൂലികള്‍. വോട്ടു തേടി, പോയ കാലത്തെ അനുസ്മരിപ്പിക്കുന്ന കൈവണ്ടികളുമായാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ ഇവര്‍ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. വൈകീട്ട് നാലു മുതല്‍ എട്ടു മണി വരെയാണ് നഗരത്തിലുടനീളം ഈ കൈവണ്ടി യാത്ര. ശാസ്തമംഗലം, വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യൂ, പുളിമൂട്, ആയുര്‍വേദ കോളെജ്, പഴവങ്ങാടി, ഈസ്റ്റ് ഫോര്‍ട്ട് റൂട്ടിലായിരുന്നു ആദ്യ ദിവസത്തെ യാത്ര.
നേരിട്ടെത്തുന്ന ‘വെർച്വൽ ജാഥകൾ’
പ്രചാരണ ജാഥയും വാഹനവും കടന്നുപോകുമ്പോൾ ഓടി റോഡിലേക്കിറങ്ങുന്നതായിരുന്നു സാധാരണ പതിവ്. പക്ഷേ കൊടികെട്ടിയ വാഹനം ഒാരോരുത്തരിലേക്കുമെത്തിക്കഴിഞ്ഞു. നേരിട്ടല്ല, മൊബൈൽ ഫോണുകളിലാണെന്ന് മാത്രം. ആനിമേഷെൻറ സഹായത്തോടെയാണ് 20ഉം 50ഉം സെക്കൻറ് ദൈർഘ്യമുള്ള വീഡിയോകൾ തയാറാക്കിയിട്ടുള്ളത്. ഉച്ചഭാഷിണി കെട്ടിവെച്ച പഴയകാല ജീപ്പുകളിൽ സ്ഥാനാർഥിയുടെ ചിത്രം വെച്ച ബോർഡുമായാണ് വെർച്വൽ പ്രചാരണ വാഹനം കടന്ന് പോകുന്നത്. ‘‘മനസിെൻറ മായാത്ത അംഗീകാരം വോട്ടായി രേഖപ്പെടുത്തി...’’ എന്നിങ്ങനെ ഡയറലോഗുകളെല്ലാം പഴയയത്. ഗ്രാഫിക്സും ആനിമേഷനും ആയതിനാൽ പിന്നാലെ ആയിരങ്ങളെയും ലക്ഷങ്ങളെയുമെല്ലാം അണിനിരത്താൻ അധികം ആയാസപ്പെടുകയും വേണ്ടതില്ല. വാട്സ് ആപ് ഗ്രൂപ്പുകളിലേക്കും ഇൻസ്റ്റയിലേക്കും ഫേസ്ബുക്കിലേക്കും പ്രചാരണ വാഹനം അതിവേഗം കുതിച്ചുപായുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.