പൊള്ളുന്ന വെയിലിലും അണയാത്ത ആവേശം
text_fieldsത്രിവർണസാഗരത്തിൽ ശശി തരൂർ
വെയിലിന് കനം കൂടി വരുന്ന ഒമ്പത് മണി നേരം. മാരായമുട്ടം ചിറ്റാറ്റിൻകരക്ക് സമീപത്തെ പെട്രോൾ പമ്പിൽ വലിയ ആരവം. വാഹനങ്ങൾ ഒറ്റയും തെറ്റയുമായി വന്നുനിറഞ്ഞതോടെ പമ്പ് ജീവനക്കാർക്കും സന്തോഷം. മിനിറ്റുകൾക്കുള്ളിൽ വലിയ വാഹനവ്യൂഹം പമ്പിനുള്ളിൽ രൂപപ്പെട്ടിരുന്നു. വന്നവരെല്ലാം കുപ്പായത്തിന് മുകളിൽ പുതിയ ടീഷർട്ട് അണിഞ്ഞപ്പോഴാണ് കണ്ടുനിന്നവർക്കും കാര്യം മനസ്സിലായത്. ‘തരൂർ തന്നെ, വോട്ട് ഫോർ ശശി തരൂർ’ എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി മുദ്രാവാക്യങ്ങൾ. എല്ലാം ബൈക്കുകളിലും കെട്ടാനായി കോൺഗ്രസിന്റെ ത്രിവർണപതാകയും വിതരണം ചെയ്യുകയാണ്. കൊടി തികയാഞ്ഞതോടെ തൊട്ടടുത്ത പോസ്റ്റിലും മറ്റും കെട്ടിയിരുന്നവ അഴിച്ചെടുത്ത് വണ്ടിയിൽ കെട്ടിയവരുമുണ്ട്.
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി റാലിയായി നേരെ പ്രചാരണത്തിന് തുടക്കം കുറിക്കുന്ന അരുവിപ്പുറം ക്ഷേത്രപരിസരത്തേക്ക്. ബൈക്ക് റാലി എത്തുമ്പോഴേക്കും ഉദ്ഘാടന ചടങ്ങുകൾ അരുവിപ്പുറത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. സ്ഥാനാർഥിയുടെ പ്രസക്തിയെയും സാധ്യതകളെയുംകുറിച്ച് കത്തിക്കയറുകയാണ് ഉദ്ഘാടകനായ മുൻ മന്ത്രി വി.എസ്. ശിവകുമാർ. തൊട്ടടുത്തായി സ്ഥാനാർഥിപര്യടനത്തിനുള്ള വാഹനം തയാറാണ്. ‘ഇന്ത്യ ജയിക്കും നമ്മൾ ഭരിക്കും’ എന്ന മുദ്രാവാക്യം വാഹനത്തിന് മുന്നിൽതന്നെ വൃത്താകൃതിയിലായി നീല പശ്ചാത്തലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമുള്ള പോസ്റ്ററുകളിലെല്ലാം ഇതേ വാചകം. വാഹനത്തിന് വശങ്ങളിലായി സോണിയ ഗാന്ധിക്കും ഖാർെഗക്കും രാഹുലിനുമൊപ്പം തരൂരിന്റെ ചിത്രവും.
മുന്നോട്ട് നീങ്ങുന്നതിനിടെ വഴിയരികിൽ മഞ്ഞ നിറത്തിലെ കോളാമ്പിപ്പൂക്കൾ കോർത്ത മാലയുമായി നിന്ന കുഞ്ഞിനെ കണ്ട് പര്യടനവാഹനം നിർത്തി. എടുത്തുയർത്തിയ കുഞ്ഞിൽനിന്ന് പൂമാല വാങ്ങി, ഷാൾ സമ്മാനമായി തിരികെ നൽകി. മാരായമുട്ടത്തെ സ്വീകരണകേന്ദ്രത്തിൽ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഷാളുകൾ സ്വീകരിച്ച ശേഷം ചുരുങ്ങിയ വാക്കുകളിൽ സംസാരം. പറഞ്ഞതത്രയും നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാറിനുമെതിരെ. പന്ന്യനും ഇടതുപക്ഷത്തിനുമെതിരെ കാര്യമായ പരാമർശങ്ങളില്ല. മോദിഭരണത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണമെന്നതായിരുന്നു സംസാരത്തിന്റെ ആകെത്തുക. പിന്നീട് അടുത്ത കേന്ദ്രത്തിലേക്ക്.
കോഴിക്കോട്ടെ വടകരയിൽ മാത്രമല്ല മാരായമുട്ടത്തെ കുഞ്ഞുവടകരയിലും ആവേശം കുന്നോളമാണ്. ഗ്രാമീണ റോഡ് പിന്നിട്ടെത്തുമ്പോൾ വടകരയിൽ ആളുകൾ സ്ഥാനാർഥിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പടക്കം പൊട്ടിച്ചാണ് ഇവിടത്തുകാർ സ്ഥാനാർഥിയെ വരമേറ്റത്. നോട്ടുമാലയുമായി നിന്ന കുഞ്ഞിനെ ഷാൾ അണിയിച്ച് സ്ഥാനാർഥി സ്നേഹം പങ്കുവെച്ചു. മലയിൽകടവ് എത്തിയപ്പോഴേക്കും വെയിലിൽ പൊള്ളിത്തുടങ്ങിയിരുന്നു. കൊടും ചൂടിലും സ്ഥാനാർഥിയുടെ മുഖം കരുവാളിച്ചില്ല. പര്യടനവാഹനത്തില് ചെറിയ ഫാന് കറങ്ങുന്നുണ്ടെങ്കിലും അതൊന്നും ഒട്ടും ഏശുന്നില്ല. അതിനെക്കാൾ രാഷ്ട്രീയച്ചൂടിലായിരുന്നു ശശി തരൂർ. ചാരുവിളാകവും മലയിൽ കടയും പിന്നിട്ട് 12.30 ഓടെ ചെമ്മണ്ണ് വിളയിൽ ഉച്ചവരെയുള്ള പര്യടനം സമാപിച്ചു. ഉച്ചക്കുശേഷം മൂന്നിനാണ് പര്യടനം പുനരാരംഭിച്ചത്. കൊറ്റാമവും പുത്തൻകടയുമെല്ലാം കഴിഞ്ഞ് രാത്രി പാറശ്ശാലയിൽ പര്യടനം സമാപിച്ചു.
ചുവപ്പിന്റെ പ്രവാഹത്തിൽ പന്ന്യൻ
പെരുമഴ പെയ്തൊഴിഞ്ഞശേഷമുള്ള മരപ്പെയ്ത്ത് പോലെയായിരുന്നു മരപ്പാലം. ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വന്ന് പോയിട്ടേയുണ്ടായിരുന്നുള്ളൂ. ഇനിയും ആളുകൾ പിരിഞ്ഞിട്ടില്ല. പോപ്പറിൽ നിന്ന് ചീറിത്തെറിച്ച ചുവന്ന കടലാസുതുണ്ടുകൾ റോഡിലകെ ചിതറിപ്പാറുന്നു. ഊഷ്മമായ സ്വീകരണച്ചടങ്ങിന്റെ വികാരവും ആവേശവും പകുത്തെടുത്തതെന്ന് തോന്നിക്കുംവിധം നടന്നുപോകുന്നവരുടെ കൈകളിലെല്ലാം ചുവന്ന ബലൂണുകളുണ്ട്. ഇടതുസ്ഥാനാർഥിയുടെ മൈക്ക് അനൗൺസ്മെന്റ് വാഹനത്തിന് തൊട്ടുമുന്നിൽ ചൊങ്കൊടിയല്ല, നെൽകതിരേന്തിയ കർഷകയുടെ ചിഹ്നം അടയാളപ്പെടുത്തിയ പതാക.
ഘടകകക്ഷിയായ ജെ.ഡി.എസിന്റെ ശക്തിദുർഗമായ കോവളം മണ്ഡലത്തിലാണ് പര്യടനമെന്നതിനാലാണ് ഈ സൗഹൃദക്കൊടിമാറ്റം. മരപ്പാലം പിന്നിട്ടാൽ തൊട്ടടുത്ത സ്വീകരണകേന്ദ്രം കരിച്ചലാണ്. ഇവിടേക്കുള്ള വഴിയിലേക്ക് തിരിഞ്ഞാൽ വാഹനവ്യൂഹത്തിന്റെ അവസാനയറ്റത്തെ ബൈക്ക് റാലിക്ക് പിന്നിലാണ് എത്തി നിൽക്കുക. സ്ഥാനാർഥി വാഹനത്തിന്റെ അടുത്തെത്താൻ ഇനിയും ദൂരമുണ്ട്. എല്ലാ ബൈക്കുകളിലും ഹൈഡ്രജൻ നിറച്ച ചുമപ്പ് ബലൂണുകൾ ഹരം തീർക്കുന്നു. എല്ലാവരുടെയും കുപ്പായത്തിന് പിന്നിൽ പന്ന്യന്റെ ചിത്രമുണ്ട്, ഒപ്പം ‘വികസന വിരുദ്ധതക്കും വിഭജനരാഷ്ട്രീയത്തിനുമെതിരെ വിധിയെഴുതുക’ എന്ന രാഷ്ട്രീയ മുദ്രാവാക്യവും. ബൈക്ക് റാലിക്ക് നടുവിൽ ചെഗുവേരയുടെ ചിത്രം പതിച്ച കൂറ്റൻ പതാക ഉയർന്നു പാറുന്നു.
സ്ഥാനാർഥിയെത്തുന്നതോടെ പോപ്പറിൽ നിന്ന് ചുവന്ന കടലാസുകഷണങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരും. ഒപ്പം ചെണ്ടമേളത്തിന്റെ താളവും. ഇതിനുപുറമേ തൊണ്ടപൊട്ടിയുള്ള മുദ്രാവാക്യവും കൂടിയാകുന്നതോടെ ആവേശവും വാനോളം. സ്ഥാനാർഥിക്കും ഒപ്പമുള്ളവർക്കും പഴവും തണ്ണിമത്തനും വെള്ളവുമെല്ലാം നൽകിയാണ് സ്നേഹവരവേൽപ്പ്. യോജിപ്പുകളെ ഇല്ലാതാക്കുന്ന ആർ.എസ്.എസ് നയങ്ങളും തെരഞ്ഞെടുപ്പ് ബോണ്ടും കേന്ദ്രസർക്കാറിന്റ മുതലാളിത്ത അനുകൂല നിലപാടുകളുമെല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒന്നോ രണ്ടോ മിനിറ്റിൽ ഉൾക്കൊള്ളിച്ച് ചുരുക്കം വാക്കുകളിലാണ് സംസാരം.
ചാണി ജങ്ഷനിലെത്തിയപ്പോൾ ചുവന്ന കീരിടമണിയിച്ചായിരുന്നു സ്വീകരണം. തൊട്ടടുത്ത് ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തുന്ന കുട്ടിയെ പന്ന്യൻ അടുത്തേക്ക് വിളിച്ചു. പേരും പഠിക്കുന്ന ക്ലാസുമെല്ലാം ചോദിച്ച ശേഷം തൊപ്പി അണിയിച്ചു. പിന്നീട് റാലിയിലെ ബൈക്കുകളിലൊന്നിന് പിന്നിൽ തൊപ്പിയും ധരിച്ച് ആ കുട്ടിയുമുണ്ടായിരുന്നു. രാവിലെ അവണാകുഴിയിൽനിന്ന് ആരംഭിച്ച പര്യടനം കാഞ്ഞിരംകുളവും പുല്ലുവിളയും പുതിയതുറയും പിന്നിട്ട് പരണിയത്ത് ഉച്ചവിശ്രമത്തിനായി സമാപിച്ചു. തുടർന്ന് മൂന്ന് പാമ്പുകാലയിൽ നിന്ന് പുനരാരംഭിച്ച പര്യടനം പാലം ജങ്ഷനും കരുംകുളവും പുതിയ തുറയും കൊച്ചുതുറയും പിന്നിട്ട് എ.കെ.ജി ജങ്ഷനിൽ സമാപിച്ചു.
വികസനരേഖയുമായി രാജീവ് ചന്ദ്രശേഖർ
പാറശ്ശാല മണ്ഡലത്തിലെ ധനുവച്ചപുരവും അമരവിളയുമെല്ലാം കേന്ദ്രീകരിച്ചാണ് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം. ബൈക്കുകൾ മാത്രമല്ല ഓട്ടോകളും പര്യടനത്തിലുണ്ട്. വെയിൽ കനത്തുതുടങ്ങിയ ഉച്ചനേരത്ത് പലവകുളങ്ങരയും ഉദിയൻകുളങ്ങരയും പിന്നിട്ട് സ്ഥാനാർഥി അമരവിളക്ക് സമീപം താന്നിമൂട്ടിലെത്തിയിരുന്നു. ഇവിടെ ഷാളണിയിക്കാനെത്തിയവരോട് പാലക്കാട് ശൈലിയിൽ ‘‘ ജയിപ്പിക്യോ’’ എന്നായി രാജീവ്. ‘ഉറപ്പായും’ എന്ന മറുപടിയും ഉയർന്നുകേട്ടു. എല്ലാവരോടും പറയണം എന്ന് ചേർക്കാനും മറന്നില്ല.
പോകുന്നതിന് തൊട്ടുമുമ്പ് പോക്കറ്റിൽ തിരുകിയിരുന്ന വികസന രേഖ കൈയിലെടുത്ത് ‘ഇത് കിട്ടിയിരുന്നോ’ എന്നാരാഞ്ഞു. കൂടിനിന്നവർ കിട്ടിയില്ലെന്ന് തലയാട്ടിയതോടെ വാഹനത്തിലുള്ളവർ കൂടിനിന്നവർക്കെല്ലാം വിതരണം ചെയ്തു. സ്വീകരണമേറ്റുവാങ്ങി മടങ്ങാനൊരുങ്ങവെ ‘ജയ് ജയ് രാജീവ്ജി’എന്ന മുദ്രാവാക്യമുയർന്നു. പ്രത്യഭിവാദ്യം നൽകിയ ശേഷമാണ് അടുത്ത സ്വീകരണ കേന്ദ്രമായ എയ്തുകൊണ്ടാൻകാണിയിലേക്ക് തിരിച്ചത്. ഇവിടെ ജമന്തിപ്പൂക്കൾ വിതറിയായിരുന്നു സ്ഥാനാർഥിയെ സ്വീകരിച്ചത്. വികസനരേഖ വെറും വാഗ്ദാനങ്ങളല്ലെന്നും അടുത്ത അഞ്ച് വർഷം താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളാണെന്നുമാണ് സ്ഥാനാർഥി പറയുന്നത്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങളാണ് വേണ്ടത്.
കുടിവെള്ളം, പാർപ്പിടം, ആരോഗ്യം എന്നീ ആവശ്യങ്ങൾ നിറവേറ്റി സാധാരണക്കാരുടെ ജീവിതത്തിലും പുരോഗതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗരേഖയാണീ വികസനരേഖയെന്നും രാജീവ് കൂട്ടിച്ചേർക്കുന്നു. വൈകീട്ട് പാറശ്ശാലയിലെ വണ്ടിത്തടം മുതൽ ഉദിയൻകുളങ്ങര വരെ റോഡ് ഷോയും നടന്നു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന് അണ്ണാമലൈയും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.