വോട്ടോട്ടം അവസാന ദിനങ്ങളിലേക്ക്...
text_fieldsതിരുവനന്തപുരം: പരസ്യപ്രചാരണം തീരാൻ 48 മണിക്കൂർ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാന റൗണ്ട് നെട്ടോട്ടത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥികൾ.
കൂട്ടിയും കിഴിച്ചും വോട്ടർപട്ടികയിൽ തലനാരിഴ കീറിയുമുള്ള ഗവേഷണവുമെല്ലാം ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് ആടി നിൽക്കുന്ന വോട്ടുകൾ ഒപ്പം കൂട്ടാനുള്ള തിരക്കിട്ട പരിശ്രമങ്ങളിലാണ് മുന്നണികളും അണികളും. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള പര്യടനത്തിനൊപ്പം പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ, സംസ്ഥാന നേതാക്കളുമെത്തിയതോടെ ആവേശത്തിലാണ് പാർട്ടികളെല്ലാം.
എതിരാളിയോട് മാത്രമല്ല സമയത്തോട് കൂടിയാണ് ഇനിയുള്ള മത്സരം. താര പ്രചാരകർക്കൊപ്പം റോഡ് ഷോകളുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാർഥികൾ. നേരിട്ടുമാത്രമല്ല, ഇരട്ടപ്രഹരമുള്ള പ്രത്യാരോപണങ്ങളും വായടപ്പൻ മറുപടികളുമെല്ലാമായി തെരുവിലെ തെരഞ്ഞെടുപ്പ് ചൂടിനെക്കാൾ പതിൻമടങ്ങ് രാഷ്ട്രീയച്ചൂടിൽ തിളച്ചുമറിയുകയാണ് അവസാന മണിക്കൂറുകളിൽ സമൂഹിക മാധ്യമങ്ങൾ.
സി.എ.എയും മണിപ്പൂരും മുതൽ മണ്ഡലവികസനവും സ്വത്തുവിവരവും വിഴിഞ്ഞവും ദേശീയ രാഷ്ട്രീയാവും ഫലസ്തീനും വരെ ചർച്ചയായ മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് അവസാന മണിക്കൂറിലും.
മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരും പന്ന്യൻ രവീന്ദ്രനിലൂടെ മണ്ഡലം തിരികെ പിടിക്കാൻ ഇടതുമുന്നണിയും അട്ടിമറി വിജയത്തിന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും കടുത്ത പോരിലാണ്. സാമുദായി സമവാക്യങ്ങളും അടിയൊഴുക്കുകളും നിർണയാകമാകുന്ന മണ്ഡലത്തിലെ ആവസാന നിമിഷവും കാര്യമായി വിയർപ്പൊഴുക്കുകയാണ് മുന്നണികൾ.
ഹൃദയച്ചുവരിൽ പേരെഴുതാൻ...
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതിന് മുന്നിൽനിന്നാണ് തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ പര്യടനത്തിന് തുടക്കം കുറിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാറായിരുന്നു ഉദ്ഘാടകൻ. തുടർന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഭാഗത്തെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ തരൂരെത്തി. കുട്ടികളുടെ ഒരു വൻ കൂട്ടം തന്നെ അദ്ദേഹത്തെ കാണാൻ എത്തിച്ചേർന്നിരുന്നു.
നെയ്യാറ്റിൻകര നഗരസഭയിലെ പര്യടനം പൂർത്തി ആക്കിയ ശേഷം കുളത്തൂർ, കാരോട് പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കായി തിരിച്ചു. പൊഴിയൂർ ക്ഷേത്ര നടയിൽനിന്ന് കാന്തപുരം നജീബ് എം.എൽ.എ പര്യടനത്തിൽ പങ്കെടുത്തു.കാരോട് പഞ്ചായത്തിലെ പര്യടനം ഊരമ്പിൽനിന്നാണ് തുടങ്ങിയത്. കുട്ടികളുടെ നൃത്തസംഘവും ഇവിടെ അണിനിരന്നിരുന്നു. ഇന്ദിര ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശശി തരൂർ നൃത്തസംഘത്തോടൊപ്പം ചേരുകയും ചുവട് വെക്കുകയും ചെയ്തു.
പര്യടനം പൂർത്തിയാക്കിയ ശേഷം ലുലു മാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സിനിമാതാരം പ്രകാശ് രാജിനൊപ്പം പങ്കെടുത്തു. തരൂർ രാഷ്ട്രീയം പറയാത്ത ഒരു പരിപാടിയായിരുന്നു അത്. യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ പിന്തുണച്ച് തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രകാശ് രാജ് തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.
സ്നേഹ സ്വീകരണവുമായി ഓട്ടോത്തൊഴിലാളികൾ
ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് തമ്പാനൂരിലെ ഓട്ടോ തൊഴിലാളികൾ സ്നേഹ സ്വീകരണമൊരുക്കിയതാണ് തിങ്കളാഴ്ചയിലെ ഇടതു പ്രചാരണത്തെ വ്യത്യസ്തമാക്കിയത്. സ്വീകരണത്തിന് ഓട്ടോറിക്ഷയിലെത്തിയ പന്ന്യൻ രവീന്ദ്രനെ തൊഴിലാളികൾ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. സ്ഥാനാർഥിയെ ഓട്ടോസ്റ്റാൻഡിൽ എത്തിച്ച് സ്വീകരണം നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ, പര്യടനത്തിരക്കുകാരണം വൈകിയതാണെന്ന് തൊഴിലാളികൾ പറഞ്ഞു. തലസ്ഥാനത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുമായി ഹൃദയബന്ധമാണുള്ളതെന്ന് സ്ഥാനാർഥിയും. ‘നഗരത്തിൽ തന്റെ പ്രധാന യാത്രാമാർഗം ഓട്ടോറിക്ഷയാണ്. തൊഴിലാളികളിൽ പലരുമായും നല്ല സൗഹൃദമാണുള്ളത്.
അവർ നൽകിയ സ്വീകരണം വിലമതിക്കാനാകാത്തതാണെ’ന്നും പന്ന്യൻ കൂട്ടിച്ചേർത്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ സ്ഥാനാർഥി അവർക്കൊപ്പം ഫോട്ടോയെടുത്ത് ചായയും കുടിച്ചാണ് മടങ്ങിയത്.
രാവിലെ ടെക്നോപാർക്ക് ജീവനക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ടെക്കികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയ സ്ഥാനാർത്ഥി ഐ.ടി മേഖലയുടെ വികസനത്തിനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. മെഡിക്കൽ കോളജ് കാമ്പസിലും പന്ന്യൻ സന്ദർശനം നടത്തി. വൈകീട്ട് പൊഴിയൂരിലെ തീരദേശ മേഖലയിലായിരുന്നു പര്യടനം.
പര്യടനവും റോഡ്ഷോയും
പ്രായഭേദമന്യേ എല്ലാവരെയും കൂടെ നിറുത്തി പരാമവധി വോട്ട് നേടുക എന്ന ലക്ഷ്യത്തിലാണ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര വികസന രേഖ മുൻ നിർത്തിയാണ് രാജീവ് അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്. തീരദേശ മേഖലക്ക് പ്രത്യേക ഊന്നലും പരിഗണനയും നൽകുന്ന ഈ പ്രകടന പത്രിക വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളളത്.
തിങ്കളാഴ്ച രാവിലെ 10ന് വെള്ളറട മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥ മുള്ളലവിൻമൂടിൽ നിന്നാരംഭിച്ചു. അതിർത്തി പ്രദേശമായ ശൂരവകാണി, മൈലക്കര, തേവൻക്കോട്, കള്ളിക്കാട്, നെയ്യാർ ഡാം എന്നിവിടങ്ങളിലെത്തിയ സ്ഥാനാർഥി സ്വീകരണമൊരുക്കിയിരുന്നു.
മണ്ഡപത്തിൻകടവിൽ ഉച്ച ഭക്ഷണത്തിനുശേഷം ഒറ്റശേഖരമംഗലം, കീഴാറൂർ, ആര്യൻങ്കോട്, മൈലച്ചൽ, ചെമ്പൂര്, ഡാലുംമുഖം, കൃഷ്ണപുരം പനച്ചമൂട്,പന്നിമല, ആനപ്പാറ, കോവിലൂർ, കിളിയൂർ എന്നിവങ്ങളിലൂടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു പര്യടനം. രാത്രി വൈകി വെള്ളറട ജങ്ഷനിലെത്തി പര്യടനം സമാപിച്ചു.
മാറിമറിയുന്ന മണ്ഡലകാര്യം
കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം, നേമം എന്നിങ്ങനെ നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോഴേക്കും വോട്ടുവിഹിതവും ഭൂരിപക്ഷവുമെല്ലാം മാറിമറിഞ്ഞിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമം ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങിലെല്ലാം യു.ഡി.എഫിനായിരുന്നു നേട്ടവവും ഭൂരിപക്ഷവും. നേമത്ത് ബി.ജെ.പിയും. എൽ.ഡി.എഫിന് എവിടെയും ഭൂരിപക്ഷമില്ലായിരുന്നു. എന്നാൽ, 2021ലേക്ക് എത്തുമ്പോഴേക്കും ഏഴിൽ ആറും എൽ.ഡി.എഫിനൊപ്പം. ഒരിടത്ത് യു.ഡി.എഫും ബി.ജെ.പിക്ക് പൂജ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.