പ്രചാരണം തിളച്ചുപൊന്തുന്നു, കണക്കുകൾ ഇഴകീറി മുന്നണികൾ
text_fieldsതിരുവനന്തപുരം: പ്രചരാണപ്പോരിൽ തിളക്കുകയാണ് തലസ്ഥാന മണ്ഡലം. ഒന്നിന് പിറകെ ഒന്നായി കളത്തിൽ ചൂടേറിയ വിഷയങ്ങൾ നിറഞ്ഞാടുന്നു. വോട്ടെടുപ്പിന് 13 ദിവസമാണ് ശേഷിക്കുന്നത്. മുൻവിധികൾക്ക് വഴങ്ങാതെ പ്രമുഖരുടെ പടർച്ചക്കും തളർച്ചക്കും സാക്ഷ്യം വഹിച്ച മണ്ഡലത്തിന്റെ മനസ്സറിയാൻ വാശിയോടെയുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികളും മുന്നണികളും.
മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരും പന്ന്യൻ രവീന്ദ്രനിലൂടെ മണ്ഡലം തിരികെ പിടിക്കാൻ ഇടതുമുന്നണിയും അട്ടിമറിവിജയത്തിന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും കടുത്ത പോരിലാണ്. മത്സരം ആരൊക്കെത്തമ്മിലെന്നത് സംബന്ധിച്ച ചർച്ച വിവാദങ്ങൾക്ക് വഴിമാറിയതാണ് മണ്ഡലത്തിലെ പുതിയ വർത്തമാനം. വാഗ്ദാനങ്ങളും രാഷ്ട്രീയസംവാദങ്ങളും വിവാദങ്ങളുമെല്ലാമായി കടുത്ത പോരാണ് രണ്ടാം റൗണ്ടിലും പ്രകടമാകുന്നത്.
മണ്ഡലത്തിന്റെ 70 ശതമാനത്തിലേറെ പ്രദേശവും നഗരമേഖലയാണ്. കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം, നേമം എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങൾ. ഇതിൽ കോവളം ഒഴികെ ആറിലും എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽ.ഡി.എഫ് -മൂന്ന്, യു.ഡി.എഫ് -മൂന്ന്, ബി.ജെ.പി ഒന്ന് എന്നതായിരുന്നു നിയമസഭയിലെ ബലാബലം. 35 വർഷമായി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത് എൽ.ഡി.എഫാണ്. 2019ല് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അതിനുശേഷവും ജില്ലയില് ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കൈയിലാണ്.
2005ല് പന്ന്യന് രവീന്ദ്രന് ഉപതെരഞ്ഞെടുപ്പില് ജയിച്ചതിനുശേഷം ഇടതുമുന്നണിക്ക് മണ്ഡലത്തിൽ ജയം സാധ്യമായിട്ടില്ല. ഇത്രയും സ്വാധീനമുണ്ടായിട്ടും മൂന്നാംസ്ഥാനത്താകുന്നത് ഇത്തവണ മാറ്റിയെടുത്തേ തീരൂ എന്ന ദൃഢനിശ്ചയത്തിലാണ് ഇടത് ക്യാമ്പ്. എന്നാൽ നാലാം ഊഴവും കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളിലാണ് തരൂർ.
1952 മുതലുള്ള തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ കണക്കിലെ കളി കോൺഗ്രസിന് അനുകൂലമാണ്. ഒമ്പത് ജയം. നാലുതവണ ഇടതുപക്ഷത്തിനും. നാടാർ, നായർ സമുദായങ്ങളും മുസ്ലിം, ക്രൈസ്തവ, ഈഴവ വിഭാഗങ്ങളും നിർണായക സാന്നിധ്യമാണിവിടെ. മുമ്പ് ബി.ജെ.പി ജയിച്ച നേമത്തും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിന്റെ ചില ഭാഗങ്ങളിലും നിർണായക സ്വാധീനം ചെലുത്തുന്ന മുസ്ലിം സമുദായം ഓരോ തെരഞ്ഞെടുപ്പ് കാലത്തും പൊതു രാഷ്ട്രീയസ്ഥിതി കൂടി പരിഗണിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കോളജ്, സ്കൂൾ അധ്യാപകർ, സർവകലാശാല ജീവനക്കാർ, വിവിധ അക്കാദമിക് സ്ഥാപനങ്ങളിലെ വിദഗ്ധർ അടക്കം ഉദ്യോഗസ്ഥ വിഭാഗം വോട്ട് ബാങ്കിൽ ചെറുതല്ലാത്ത വിഭാഗമാണ്.
തിരുവനന്തപുരം മണ്ഡലചിത്രം
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോഴേക്കും തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുവിഹിതവും ഭൂരിപക്ഷവുമെല്ലാം മാറിമറിഞ്ഞിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമം ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫിനായിരുന്നു നേട്ടവും ഭൂരിപക്ഷവും.
നേമത്ത് ബി.ജെ.പിക്കും. എൽ.ഡി.എഫിന് ഒരിടത്തും ഭൂരിപക്ഷമില്ലായിരുന്നു. എന്നാൽ 2021ലേക്ക് എത്തുമ്പോഴേക്കും ഏഴിൽ ആറും എൽ.ഡി.എഫിനൊപ്പം. ഒരിടത്ത് യു.ഡി.എഫും. ബി.ജെ.പിക്ക് പൂജ്യവും.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലങ്ങളിൽ മുന്നണികളുടെ ഭൂരിപക്ഷം
യു.ഡി.എഫ് ആറിടത്ത്
കഴക്കൂട്ടം 1485
വട്ടിയൂർക്കാവ് 2836
തിരുവനന്തപുരം 14200
പാറശ്ശാല 22002
കോവളം 31171
നെയ്യാറ്റിൻകര 28909
എൻ.ഡി.എ -1
നേമം 12041
എൽ.ഡി.എഫ്-0
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ്
ആകെ വോട്ട് 13,71,427
പോൾ ചെയ്തതത് 10,10,180
ശശി തരൂർ 4,16,131
കുമ്മനം രാജശേഖരൻ 3,16,142
സി. ദിവാകരൻ 2,58,556
ശശി തരൂരിന്റെ ഭൂരിപക്ഷം 9,99,89
2021 നിയമസഭ തെരഞ്ഞെടുപ്പിലെ ലീഡ് നില
എൽ.ഡി.എഫ് -ആറ്
കഴക്കൂട്ടം 23497
വട്ടിയൂർക്കാവ് 21515
തിരുവനന്തപുരം 7089
പാറശ്ശാല 25828
നെയ്യാറ്റിൻകര 14262
യു.ഡി.ഫ്-ഒന്ന്
കോവളം 11562
എൻ.ഡി.എ-പൂജ്യം
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലോക്സഭമണ്ഡലത്തിൽ ആകെ ലഭിച്ച വോട്ട്
എൽ.ഡി.എഫ് -4,36,737
യു.ഡി.എഫ് -3,25,456
എൻ.ഡി.എ - 2,36,196
എൽ.ഡി.എഫ് ഭൂരിപക്ഷം -1,11,281
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.