തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; കേശവദാസപുരം-മണ്ണന്തല റോഡിൽ ഗതാഗതക്രമീകരണം
text_fieldsതിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് കാമ്പസിൽ നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ച് ചൊവ്വാഴ്ച കേശവദാസപുരം-മണ്ണന്തല റോഡിൽ ഗതാഗതനിയന്ത്രണം. മാർ ഇവാനിയോസ് കോളജ് മെയിൻ ഗേറ്റ് ജങ്ഷനിൽനിന്ന് മണ്ണന്തല ഭാഗത്തേക്ക് സ്റ്റെപ് ജങ്ഷൻ വരെയും കേശവദാസപുരം ഭാഗത്തേക്ക് പരുത്തിപ്പാറ വരെയും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ സ്റ്റെപ് ജങ്ഷൻ മുതൽ മണ്ണന്തല വരെയും പരുത്തിപ്പാറ മുതൽ എം.ജി കോളജ് മെയിൻ ഗേറ്റ് വരെയുമുള്ള റോഡിന്റെ വശങ്ങളിൽ ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യണം. അനധികൃതമായും ഗതാഗതം തടസ്സപ്പെടുത്തിയും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി നിയമനടപടികള്‍ സ്വീകരിക്കും.
കേശവദാസപുരം-മണ്ണന്തല റോഡിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. മണ്ണന്തലയിൽനിന്നും കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂർക്കട, അമ്പലംമുക്ക് വഴി പോകണം. കേശവദാസപുരം ഭാഗത്തുനിന്ന് മണ്ണന്തല ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ, മുട്ടട, അമ്പലംമുക്ക്, പേരൂർക്കട, മണ്ണന്തല വഴിയും വലിയ വാഹനങ്ങൾ കേശവദാസപുരം, ഉള്ളൂർ, ശ്രീകാര്യം, പൗഡിക്കോണം വഴിയും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.