ആശങ്കക്ക് വിരാമം; ബ്രഹ്മോസിൽ കയറിയ 'അജ്ഞാതനെ കണ്ടെത്തി'
text_fieldsശംഖുംമുഖം: ബ്രഹ്മോസ് എയ്റോ സ്പേസില്‍ കയറിയ അജ്ഞാതനെ അവസാനം പൊലീസ് കണ്ടത്തി. സ്ഥാപനത്തിലെ അപ്രൻറിസ് ട്രെയിനിയായ കല്ലറ പങ്ങോട് സ്വദേശി മിഥുനെയാണ് എച്ച്.ആര് മാനേജര്‍ അജ്ഞാതനെന്ന് തെറ്റിദ്ധരിച്ചതെന്ന് പേട്ട പൊലീസ്. ബ്രഹ്മോസ് എയ്റോ സ്പേസില്‍ അജ്ഞാതന്‍ കടന്നെന്ന് കാണിച്ച് പേട്ട പൊലീസിന് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിലെ മുഴുവനാളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിലൂടെയാണ് ഇൗ വിവരം കണ്ടെത്തിയത്.
പുറത്ത് നിന്നുള്ള വ്യക്തിക്ക് ഉള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ കഴിയില്ലെന്ന് തുടക്കം മുതൽ നിഗമനങ്ങളുണ്ടായിരുന്നു, കാരണം അത്രയും കർശനമായ സുരക്ഷാസംവിധാനങ്ങളാണ് ഇവിടെയുള്ളത്. ജോലിയില്‍ പുതുതായി പ്രവേശിച്ചതിെൻറ ഭാഗമായി രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി നിര്‍ദേശം ലഭിച്ചപ്പോൾ മിഥുൻ ഇതിനായി എത്തിയത് അഡ്മിനിസ്ടട്രേറ്റിവ് േബ്ലാക്കിന് മുന്നിലായിരുന്നെന്നും ഇതാണ് സംശയത്തിനും അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇയാളില്‍ നിന്ന് മൊഴിയെടുത്തു.
ബ്രഹ്മോസ് എയ്റോ സ്പേസില്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ യോഗവും പിന്നീട് ഐ.എസ്.ആര്.ഒ-ബ്രഹ്മോസ് പ്രതിനിധികളുടെ തന്ത്രപ്രധാനമായ യോഗം നടന്നിരുന്നതിെൻറ പിന്നാലെ, അജ്ഞാതനെ കൂടി കെണ്ടന്ന് എച്ച്.ആര് മാനേജര്‍ പറഞ്ഞതോടെയാണ് സംഭവം ഇത്രയും ഗുരതരമായതും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ വരെ അന്വേഷണം ആരംഭിച്ചതും. എക്സ് സര്‍വിസ് ഇന്‍ഡസ്ട്രീസ് ഗാര്‍ഡ് എന്ന സ്വകാര്യ ഏജന്‍സിക്കാണ് ബ്രഹ്മോസിെൻറ സുരക്ഷചുമതല. ഒരു ഓഫിസര്‍ ഉള്‍പ്പെെടയുള്ള 23പേര് അടങ്ങുന്ന സംഘമാണ് സുരക്ഷാ പരിശോധന നടത്തുന്നത്.
ജീവനക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്ക്കും ബ്രഹ്മോസിലേക്ക് പ്രവേശിക്കണമെങ്കില്‍ പോലും ഐ.ഡി കാര്‍ഡിനു പുറമെ ബാഗും മൊബൈല്‍ ഫോണും ഗേറ്റിലെ സെക്യൂരിറ്റി ഓഫിസിൽ നല്കി പരിശോധിക്കണം. എങ്കിലേ അകത്തേക്ക് കടത്തിവിടൂ. പുറത്ത് നിന്നുള്ളവരെ ഏതെങ്കിലും കാര്യങ്ങള്‍ക്കായി പ്രവേശിപ്പിക്കേണ്ടിവന്നാല്‍ അവരുടെ ഐ.ഡി കാര്‍ഡ് പരിശോധിച്ച ശേഷം ഇവരുടെ കൈകളിലുള്ള ഫോണ്‍ ഉൾപ്പെെടയുള്ളവ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.