തീരാത്ത സ്മാർട്ട് റോഡ്; കുഴികൾ മണ്ണിട്ട് മൂടി കൗൺസിലർമാർ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ കുഴികള്‍ മണ്ണിട്ടു മൂടി പ്രതിഷേധിച്ച് കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാർ. വഴുതക്കാട് ശ്രീമൂലം ക്ലബിന് മുന്നിൽ സ്മാർട്ട് റോഡ് നിർമ്മാണത്തിനായി കുഴിച്ച കുഴി മണ്ണും കല്ലുമിട്ട് അടച്ചാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. പൈപ്പിടുന്നതിനായി എടുത്ത കുഴികളാണ് അടച്ചത്.
രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പ്രതിഷേധം വഴുതയ്ക്കാട് ജംഗ്ഷനിലെ വലിയ കുഴികള്‍ നികത്തി വാഹനങ്ങള്‍ ഓടിക്കുകയും ചെയ്തു. ഒരുമണിയോടെ സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റിയെങ്കിലും പിന്നീട് വിട്ടയച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറു മാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും സ്കൂള്‍ തുറക്കുന്നതിനാല്‍ വിദ്യാർഥികളുടെ സുരക്ഷിതയാത്രയ്ക്കും വേണ്ടിയാണ് കുഴികള്‍ നികത്തുന്നതിനായി കൗണ്‍സിലര്‍മാര്‍ മുന്നിട്ടിറങ്ങിയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു.
നഗരത്തിലെ മറ്റ് റോഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സ്കൂളുകള്‍ക്ക് സമീപമുള്ള റോഡുകള്‍ക്ക് മുന്നില്‍ ആദ്യം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മഹിളാ മോർച്ചയുടെ നേതൃത്വത്തിലാണ് കുഴി മണ്ണിട്ടു മൂടുകയെന്ന് നേതാക്കൾ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തുക അനുവദിച്ചു കിട്ടിയിട്ടും കൃത്യമായ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിട്ടില്ല. ജൂണ്‍ 15നുള്ളില്‍ തീര്ക്കുമെന്നാണിപ്പോള് പറയുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയിക്കുന്നില്ലെന്നും എല്ലാ കുഴികളും മൂടികൊണ്ടുള്ള സമരം തുടരുമെന്നും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അതേസമയം, കുഴികള്‍ അടച്ചാല്‍ നിര്‍മാണം വീണ്ടും നീളുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അടച്ച കുഴികള്‍ തുറന്നശേഷമെ പൈപ്പ് ഇടുന്ന ജോലി ഉള്‍പ്പെടെ പുനരാരംഭിക്കാനാകൂ. വഴുതക്കാട് ശ്രീമൂലം ക്ലബിനു മുന്നിൽ വാട്ടർ അതോറിട്ടിയുടെ സ്വീവേജ് കപ്പാസിറ്റി ഉയർത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. അതിനായി വാട്ടർ അതോറിട്ടി പത്തു ദിവസത്തെ സമയം ചോദിച്ചതാണ് അവിടത്തെ ജോലികൾ വൈകാൻ കാരണമെന്നും അധികൃതർ പറയുന്നു.
ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ പകുതിയിലധികം ഭാഗം റോഡിന്റെയും ആദ്യഘട്ട ടാറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തതായും അധികൃതർ പറയുന്നു. വേനല്‍ മഴ കൂടി ശക്തമായതോടെ നഗര റോഡുകളുടെ നവീകരണം വീണ്ടും വൈകിയിരുന്നു.
നേരത്തെ മെയ് 31നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും നഗരത്തിലെ പല പ്രധാന റോഡുകളും പൊളിച്ചിട്ട നിലയിലാണ്. ജൂണ്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ അധികൃതരുടെ വിശദീകരണം.
റോഡ് പണി പാതി വഴിയില്‍; സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന്
വഞ്ചിയൂര്‍: സ്മാര്‍ട്ട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉഴുതുമറിച്ച വഞ്ചിയൂര്‍-ചെട്ടികുളങ്ങര റോഡിലൂടെ കാല്‍നടക്കാര്‍ക്കും വാഹന യാത്രികര്‍ക്കും സഞ്ചരിക്കാന്‍ കഴിയാതായിട്ട് മാസങ്ങള്‍ പലതായി. പല സ്ഥലങ്ങളിലും റോഡ് കുഴിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ എടുത്ത പടുകൂറ്റന്‍ കിടങ്ങുകള്‍ ഇനിയും മൂടാന്‍ കഴിയാത്തത് നാട്ടുകാര്‍ക്കിടയിലും വാഹന യാത്രികര്‍ക്കിടയിലും ജീവന് ഭീഷണിയായി.
നിലയ്ക്കാതെ മഴ പെയ്തതോടെ ഈ ഭാഗത്തുളള ജന ജീവിതം ദുസഹമാണ്. ചെട്ടികുളങ്ങര-ഓവര്‍ ബ്രിഡ്ജ് ഭാഗത്തേയ്ക്കും ചെട്ടികുളങ്ങര-വഞ്ചിയൂര്‍ ഭാഗത്തേയ്ക്കും ഇനിയും പണി പൂര്‍ത്തിയാക്കാന്‍ ഏറെ കാലതാമസം വേണ്ടിവരും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
മഴ നിലയ്ക്കാതെ പെയ്തതോടെ കേബിളുകള്‍ സ്ഥാപിക്കാനായി സജ്ജമാക്കിയ മാന്‍ഹോളുകള്‍ ഏറെയും മഴവെളളത്തില്‍ മുങ്ങി. അതോടെ കരാറുകാര്‍ പണിയും നിര്‍ത്തി വച്ചിരിക്കുകയാണ്. പണി നടക്കുന്ന റോഡുകളിലെ പല ഭാഗങ്ങളിലും വളരെ പൊക്കത്തില്‍ മണ്‍കൂനകള്‍ കാരണം ഗതാഗതവും തടസ്സപ്പെട്ടു.
ഈ ഭാഗങ്ങളിലുളള കച്ചവട സ്ഥാപനങ്ങളെയാണ് റോഡ് നിര്‍മ്മാണം സാരമായി ബാധിച്ചത്. പണി ആരംഭിച്ച റോഡുകള്‍ മുഴുവന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പായി തുറന്നു നല്‍കും എന്ന മന്തിയുടെ വാക്കും പാഴ് വാക്കായി എന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. കൂടാതെ റോഡ് നിര്‍മ്മാണം ആശാസ്ത്രീയമെന്നും ആക്ഷേപമുയരുന്നു.
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത ഓടകളുടെ മുകളിലായുളള സ്ലാബുകള്‍ പലതും പുനസ്ഥാപിക്കാത്തതും അപകട സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നു. വഞ്ചിയൂര്‍ -ചെട്ടികുളങ്ങര റോഡ് പൂര്‍ണമായി അടക്കാത്തതിനെ തുടര്‍ന്ന് നിരവധി ഇരുചക്ര വാഹന യാത്രികരാണ് ദിവസവും അപകടത്തില്‍ പെടുന്നത്. വേനല്‍ മഴ കടുത്തതോടെ ആശങ്കയിലായ ജനം ഇനി ഇടവപാതി കടുത്താല്‍ എന്താകും റോഡിന്റെ അവസ്ഥ എന്ന ചിന്തയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.