എൻജി. എൻട്രൻസ്; പരീക്ഷകേന്ദ്രം വിദൂര ജില്ലകളിൽ; ആയിരങ്ങൾ ആശങ്കയിൽ
text_fieldsതിരുവനന്തപുരം: ഓൺലൈൻ രീതിയിലേക്ക് മാറ്റുന്ന എൻജിനീയറിങ് പ്രവേശന പരീക്ഷക്കായി വിദ്യാർഥികൾ സംസ്ഥാനത്തുടനീളം നെട്ടോട്ടമോടണം. ജില്ലകളിൽ മതിയായ എണ്ണം പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കാൻ പ്രവേശന പരീക്ഷാ കമീഷണറേറ്റിന് കഴിയാതായതോടെയാണ് വിദൂര ജില്ലകളിൽപോലും പരീക്ഷക്കായി പോകേണ്ട സാഹചര്യം വന്നത്. കാസർകോട് ജില്ലയിലുള്ള ഒട്ടേറെ വിദ്യാർഥികൾക്ക് കോട്ടയത്തും എറണാകുളത്തും തൃശൂരിലുമെല്ലാമാണ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിൽനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ പരീക്ഷക്കായി കോട്ടയം വരെയുള്ള ജില്ലകളിലേക്ക് വണ്ടി കയറണം. ജില്ലകളിൽ അപേക്ഷകർക്ക് അനുസൃതമായി കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രം ഒരുക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ജില്ലകളിൽ ഒന്നായ മലപ്പുറത്ത് കേവലം ഒമ്പത് കേന്ദ്രങ്ങളാണ് ഒരുക്കിയത്. ഈ കേന്ദ്രങ്ങളിൽ ആകെ ലഭ്യമായത് 1162 കമ്പ്യൂട്ടറുകളാണ്. അഞ്ചു ദിവസമായി നടക്കുന്ന പരീക്ഷക്ക് 5810 പേർക്ക് മാത്രമേ ജില്ലയിലെ കേന്ദ്രങ്ങളിൽ ഹാജരാകാനാകൂ. പതിനായിരത്തോളം പേർ അപേക്ഷ സമർപ്പിച്ച ജില്ലയിലെ പകുതിയോളം അപേക്ഷകർക്ക് ജില്ലക്ക് പുറത്തുപോയി പരീക്ഷക്ക് ഹാജരാകേണ്ട സാഹചര്യമാണ്. പരീക്ഷകേന്ദ്രങ്ങളുടെ ലഭ്യതക്കുറവാണ് വിദ്യാർഥികളെ ഇതര ജില്ലകളിലേക്ക് മാറ്റാൻ കാരണമെന്നാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ് വിശദീകരിക്കുന്നത്. പരാതി വ്യാപകമായതോടെ പ്രശ്നത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പ്രവേശന പരീക്ഷാ കമീഷണറേറ്റിനോട് വിശദീകരണ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി 329 സീറ്റുകളാണ് പരീക്ഷക്കായി ലഭ്യമായത്. കണ്ണൂരിൽ ഒമ്പത് കേന്ദ്രങ്ങളിൽ 1402ഉം കോഴിക്കോട് 12 കേന്ദ്രങ്ങളിൽ 1259ഉം പാലക്കാട് ഒമ്പത് കേന്ദ്രങ്ങളിൽ 902 പേർക്കുമാണ് ഒരു ദിവസം പരീക്ഷക്ക് ഹാജരാകാനുള്ള സൗകര്യമുള്ളത്. ജെ.ഇ.ഇ ഉൾപ്പെടെ ദേശീയ മത്സര പരീക്ഷക്കൾക്ക് പോലും സ്വന്തം ജില്ലകളിൽ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുമ്പോഴാണ് സംസ്ഥാന പ്രവേശന പരീക്ഷക്കായി വിദ്യാർഥികൾ കേരളത്തിലാകെ നെട്ടോട്ടമോടേണ്ട സാഹചര്യമുള്ളത്.
ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ നടത്തുന്ന പരീക്ഷക്കായി ദൂരെജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് മഴയും യാത്രാസൗകര്യവും പരീക്ഷാർഥികൾക്ക് കനത്ത വെല്ലുവിളിയായി മാറും. അപേക്ഷകർക്കനുസൃതമായി പരീക്ഷകേന്ദ്രങ്ങളുടെ വിന്യാസം നടത്തുന്നതിൽ വരുത്തിയ വീഴ്ചയാണ് ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.