വേങ്ങയിലിന്റെ ചെറുകഥകൾക്ക് ഇംഗ്ലീഷ് മൊഴിമാറ്റം
text_fieldsതിരുവനന്തപുരം: മലയാളത്തിലെ ആദ്യ കഥാകാരൻ കേസരിയെന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ചെറുകഥകൾ ഇംഗ്ലീഷിലേക്ക്. ‘ഷോർട്ട് സ്റ്റോറീസ് ഓഫ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ’ എന്ന പേരിൽ കെ.എം. അജീർകുട്ടി മൊഴിമാറ്റം നടത്തിയ കഥകൾ കേന്ദ്ര സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.പി. അച്യുതമേനോൻ പത്രാധിപരായിരുന്ന വിദ്യവിനോദിനി മാസികയുടെ 1891 ഫെബ്രുവരി-മാർച്ച് ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ നായനാരുടെ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ചെറുകഥ.
ഇതും മേനോക്കിയെ കൊന്നതാരാണ്, ദ്വാരക, എന്റെ അനുഭവം, മദിരാശി പിത്തലാട്ടം, ഒരു പൊട്ടഭാഗ്യം, പരമാർഥം, കഥയൊന്നുമല്ല, ഞാൻ ആദ്യം മദിരാശിക്ക് പോയത് എന്നീ കഥകളുമടങ്ങിയതാണ് സമാഹാരം. 1861 നവംബർ 14ന് കണ്ണൂരിലെ കുറ്റൂരിലാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജനനം.
ജന്മിയായി ജനിച്ചിട്ടും സാധാരണക്കാർക്കായി ജീവിക്കുകയും എഴുതുകയും ചെയ്തു. പഴയ മദിരാശി അസംബ്ലിയിൽ അംഗമായിരുന്ന നായനാരുടെ അന്ത്യം അസംബ്ലിയിൽവെച്ചായിരുന്നു. 1892ൽ എഴുതപ്പെട്ട ‘മേനോക്കിയെ കൊന്നതാര്’ എന്ന കഥയാണ് മലയാളത്തിലെ ആദ്യ അപസർപ്പക കഥയായി പരിഗണിക്കുന്നത്.
മൂന്ന് മാസമെടുത്താണ് പരിഭാഷ പൂർത്തിയാക്കിയത്. ഇംഗ്ലീഷിലും മലയാളത്തിലും 25 ലേറെ കൃതികളുടെ കർത്താവായ അജീർകുട്ടി ഇടവ സ്വദേശിയാണ്. എം.ജി സർവകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്നു.
കുമാരനാശാൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി അനേകം പേരുടെ കഥകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവർത്തനത്തിനുള്ള എം.പി കുമാരൻ സ്മാരക പുരസ്കാരം, ജീബാനന്ദദാസ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.