അമിത ജോലിഭാരവും പീഡനവും; റൂറലിൽ പൊലീസുകാർ മാനസിക സമ്മർദത്തിൽ
text_fieldsതിരുവനന്തപുരം: സ്റ്റേഷനുകളിൽ അംഗബലം കൂട്ടാൻ നടപടികളില്ലാതായതോടെ തിരുവനന്തപുരം റൂറലിൽ പൊലീസുകാർ നട്ടംതിരിയുന്നു. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം ഭൂരിഭാഗം സ്റ്റേഷൻ ഹൗസ് ഓഫിസർമാരും കടുത്ത മാനസികസമ്മർദത്തിലാണ്. ജോലിഭാരം മൂലം കുടുംബബന്ധങ്ങളിൽ താളപ്പിഴകളും വർധിച്ചതോടെ തൊഴിൽ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളെ അപേക്ഷിച്ച് അഞ്ച് വർഷത്തിനിടയിൽ കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തത് റൂറൽ മേഖലയിലാണ്. ഇതിനനുസരിച്ച് സ്റ്റേഷനുകളിലെ അംഗബലം വർധിപ്പിക്കാൻ ആഭ്യന്തരവകുപ്പോ മേലധികാരികളോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
സർക്കാർ ഉത്തരവ് പ്രകാരം എസ്.എച്ച്.ഒയും രണ്ട് എസ്.ഐമാരുമടക്കം 33 പേരാണ് ഒരു സ്റ്റേഷനിൽ േവണ്ടത്. ഉദ്യോഗസ്ഥരുടെ എണ്ണം കണക്കുകളിൽ ഒപ്പിക്കുമെങ്കിലും പലരെയും പിന്നീട് ഡിവൈ.എസ്.പി ഓഫിസുകളിലും മേലുദ്യോഗസ്ഥരുടെ വീടുകളിലും 'അറ്റാച്ച്' ചെയ്യുകയാണ് പതിവ്. ഇതോടെ പല സ്റ്റേഷനുകളിലെയും അംഗസംഖ്യ 20ൽ താഴെയാണ്. സ്റ്റേഷൻ പി.ആർ.ഒ, ജനമൈത്രി ബീറ്റ്, വനിത സഹായ കേന്ദ്രം എന്നിവിടങ്ങളിൽ സ്ഥിരമായി അഞ്ചുപേരെ നിയോഗിക്കേണ്ടതുണ്ട്. ഇവർക്ക് മറ്റ് ചുമതലകൾ നൽകരുതെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. പകരം ആളുകളെ തരാതെ പരിമിതമായ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷണവും ഓഫിസ് ചുമതലയും കോവിഡ് ഡ്യൂട്ടിയും മഴക്കാല രക്ഷാപ്രവർത്തനവും നടത്തേണ്ട അവസ്ഥയിലാണ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ. തുടർച്ചയായ ഡ്യൂട്ടിമൂലം പല സ്റ്റേഷനുകളിലും വനിത പൊലീസുകാരടക്കം രോഗബാധിതരായി.
ഉദ്യോഗസ്ഥരുടെ മാനസികസമ്മർദം കുറക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് യോഗാ ക്ലാസുകളും സെമിനാറുകളും വെബിനാറുകളും നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും ഫലവത്താകുന്നില്ലെന്നാണ് സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് വര്ഷത്തിനിടെ സംസ്ഥാനത്ത് 75ഓളം പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. റൂറലിലെ പ്രതിസന്ധി സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരേണ്ട പൊലീസ് അസോസിയേഷൻ നേതാക്കളാകട്ടെ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന ആരോപണം ശക്തമാണ്. സ്പെഷൽ യൂനിറ്റുകളിൽ ഇരുന്ന് സംഘടനാപ്രവർത്തനം നടത്തുന്ന ഇവരിൽ പലരും സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മടങ്ങേണ്ടിവരുമോ എന്ന ഭയം മൂലം ജില്ല പൊലീസ് മേധാവിക്ക് നിവേദനം നൽകാൻ പോലും തയാറാകുന്നില്ലെന്ന് പൊലീസുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.