പ്രവാസി പെൻഷൻ തട്ടിപ്പ്: പ്രതി സ്വന്തം പേരിലും അക്കൗണ്ട് തുടങ്ങിയെന്ന് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിൽ അറസ്റ്റിലായ ഏജന്റ് ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി. രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക എന്നിരിക്കെ, ആറു മാസത്തെ വിസിറ്റിങ് വിസയിൽ വിദേശത്ത് പോയ രേഖവെച്ചാണ് ശോഭ പെൻഷൻ അക്കൗണ്ട് തുടങ്ങിയതെന്ന് കണ്ടെത്തി.
99 പെൻഷൻ അക്കൗണ്ടുകളിൽ ക്രമക്കേട് നടന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ചൊവ്വാഴ്ചയും തുടർന്നു.
മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തി മറ്റു പലരെയും തിരുകിക്കയറ്റി ഈ അക്കൗണ്ടുകളിൽ പലിശയടക്കം കുടിശ്ശകയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകി. പ്രവാസികളല്ലാത്തവർക്ക് പോലും പെൻഷൻ അക്കൗണ്ടുകള്‍ നൽകി.
വൻ വ്യാപ്തിയുള്ള ക്രമക്കേട് ഓരോന്നായി പുറത്തുവരുമ്പോഴാണ് പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് ഉണ്ടാക്കിയെന്ന കണ്ടെത്തൽ. അക്കൗണ്ടുകളുടെ സൂക്ഷ്മ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ രേഖ വെച്ച് ആരാണ് അനുമതി പാസാക്കിയതെന്ന ചോദ്യത്തിന് ബോർഡ് ഇതുവരെ മറുപടി നൽകിയിട്ടുമില്ല.
ശോഭക്ക് പുറമെ, മുൻ ജീവനക്കാരി ലിനയാണ് കേസിൽ പിടിയിലുള്ളത്. തട്ടിപ്പ് പുറത്തായതോടെ ലിന 18 ലക്ഷം രൂപ ബോർഡിൽ തിരിച്ചടച്ചു. ഇത്രയധികം പണം എങ്ങനെ ഒരു കരാർ ജീവനക്കാരിയുടെ കൈവശമെത്തിയെന്നതിനും ഉത്തരമില്ല. തുടക്കത്തിൽ 24 അക്കൗണ്ടുകളിൽ കണ്ടെത്തിയ ക്രമക്കേട് കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണത്തിൽ 99 ആയി വർധിച്ചു.
24 അക്കൗണ്ടുകളിൽ അടച്ചതായി സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തിയ പണം സർക്കാർ ഖജനാവിലേക്ക് വന്നിട്ടില്ലെന്നും വ്യക്തമായി. തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുമ്പോഴും വിശദമായ അന്വേഷണത്തിന് പൊലീസിന് കഴിയുന്നില്ലെന്ന് വിർമശനമുണ്ട്.
കസ്റ്റഡില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യാൻ സമരങ്ങളടക്കം മറ്റു തിരക്കിൽപെട്ടതിനാൽ കന്റോൺമെന്റ് പൊലീസിന് സാധിച്ചിട്ടില്ലത്രെ. അതിനിടെ പണത്തട്ടിപ്പ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.