പൊഴിയൂരിൽ കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടി
text_fieldsതിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുെന്നന്ന സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്.
കോവിഡ് പരിശോധന നടത്താതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്.
പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതായ പരാതി ഉയരുന്നത്. കുളത്തൂര്‍ പഞ്ചായത്ത് പി.എച്ച്.സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫിസറുടെയും പി.എച്ച്.സിയുടെയും വ്യാജ സീല്‍ പതിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനെതിരെ പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ പൊലീസില്‍ പരാതി നല്കി.
തലസ്ഥാനത്ത് സ്ഥിതിഗതികൾ ഗുരുതരമാകുന്നതിനിടെയാണ് തീരദേശത്തെ കണ്ടെയ്ൻമെൻറ് സോണുകളിൽനിന്ന് പോലും വ്യാജ സർട്ടിഫിക്കറ്റുമായി മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത്.
പൊഴിയൂരിന് പുറമെ സമീപ തീരപ്രദേശങ്ങളിലും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് സുലഭമാണെന്നാണ് വിവരം. മറ്റ് തീരങ്ങളിലേക്ക് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. പൊഴിയൂരിൽ മാത്രം 200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടു മാസത്തിനിടെ ഇത്തരത്തിലുളള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അറിയുന്നു.
2000 രൂപ മുതല്‍ 3000 രൂപ വരെ ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്നതായി പറയുന്നു. സംഭവത്തിൽ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനും പങ്കുള്ളതായി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.