വ്യാജ തോക്ക് ലൈസൻസ്: കശ്മീരികൾ റിമാൻഡിൽ, സംശയകരമായ ബന്ധങ്ങളില്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: വ്യാജ തോക്ക് ലൈസൻസുമായി തലസ്ഥാനത്ത് പിടിയിലായ അഞ്ച് കശ്മീരികൾക്ക് സംശയകരമായ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിൽ പൊലീസ്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടയുമാണ് പൊലീസ് പിടിച്ചെടുത്തത്. രാജ്യാതിർത്തിയിലെ രജൗരി ജില്ലക്കാരായ ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് ബുധനാഴ്ച വൈകുന്നേരം നീറമൺകരയിലെ താമസസ്ഥലത്തുനിന്ന് കരമന പൊലീസിെൻറ പിടിയിലായത്.
രേഖകളിൽ ക്രമനമ്പറില്ലാത്തതാണ് സംശയത്തിന് കാരണമായത്. തുടർന്ന് രേഖകളിലെ വിലാസത്തിലുള്ള കശ്മീരിലെ രജൗരി ജില്ലയിലെ എ.ഡി.എമ്മിന് രേഖകൾ പരിശോധിക്കാൻ അയച്ചു. തോക്ക് ലൈസൻസ് വ്യാജമാണെന്നായിരുന്നു മറുപടി.
ഈ ലൈസൻസിലുള്ളത് മറ്റ് ചിലരുടെ കൈവശമുള്ള തോക്കുകളുടെ നമ്പറായിരുന്നു. തുടർന്നാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. പക്ഷേ, ഇവർക്ക് സംശയിക്കാവുന്ന ബന്ധങ്ങളൊന്നും കണ്ടെത്തിയില്ല. അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും കശ്മീരിൽ തന്നെ നിർമിച്ചതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിെൻറ ഭാഗമായി തോക്കുകളുടെ ലൈസൻസ് കരമന പൊലീസ് വാങ്ങി പരിശോധിച്ചിരുന്നു. എന്നാൽ തോക്കുകൾ ഇവർ ഹാജരാക്കിയില്ല. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന സിസ്കോ എന്ന ഏജൻസിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജൻസി വഴി ആറുമാസം മുമ്പാണ് ഇവർ കേരളത്തിൽ എത്തിയത്. ജോലി ലഭിക്കാനായി ഇവർക്ക് തോക്കും വ്യാജ ലൈസൻസുകളും സംഘടിപ്പിച്ച് നൽകിയത് ഇവരുടെ നാട്ടുകാരായ രണ്ടു പേരാണ്. ഇവർ പണം വാങ്ങി അറസ്റ്റിലായവരെ കബളിപ്പിച്ചതാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാജരേഖകൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
നേരത്തേയും കശ്മീർ സ്വദേശികളാണ് ഇൗ സുരക്ഷ ഏജൻസികളിൽ ജോലി ചെയ്തിരുന്നത്. ഇവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ടെന്ന് ഫോർട്ട് എ.സി കെ. ഷാജി പറഞ്ഞു. വിമുക്ത ഭടൻമാരുടെ സംഘടനകളും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നുവെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.