പനി മുൻകരുതൽ: തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക സംവിധാനം
text_fieldsതിരുവനന്തപുരം: പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രിവരെ പനി ക്ലിനിക് ആരംഭിക്കാനും ഒ.പി ടിക്കറ്റ് എടുക്കൽ, മരുന്ന് വാങ്ങൽ എന്നിവക്ക് പ്രത്യേക സജ്ജീകരണം ഏർപ്പെടുത്താനും നിർദേശം നൽകി.
ഇ-സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. esanjeevaniopd. in ൽ ലോഗിൻ ചെയ്യാം. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം: 1056/104/ 0471 255 2056. ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമേ ഇൻഫ്ലുവൻസ, എലിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിൽ വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. മൂന്നുദിവസത്തിനുശേഷവും കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനക്ക് വിധേയമാകണം. പനി, ദേഹത്ത് തിണർപ്പ്, തലവേദന തുടങ്ങിയവയാണ് സിക ലക്ഷണങ്ങൾ.
ഗർഭിണികൾക്ക് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. ഈഡിസ് കൊതുക് പരത്തുന്ന ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, സിക എന്നിവയെ പ്രതിരോധിക്കാൻ എല്ലാ ഞായറാഴ്ച്ചകളിലും വീടിനകത്തും പുറത്തും കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഡ്രൈ ഡേ ആചരിക്കണം.
പനി, ചർദ്ദി, തൊണ്ടവേദന തുടങ്ങിയവയാണ് വൈറൽ പനി ലക്ഷണങ്ങൾ. ഇതുള്ളവർ വീടുകളിൽ പൂർണവിശ്രമത്തിൽ കഴിയണം. കഴിയുന്നതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. പുറത്ത് ഇടപഴകുമ്പോൾ മാസ്ക് ഉപയോഗിക്കണം. പ്രായാധിക്യമുള്ളവർ, കുട്ടികൾ, അനുബന്ധ രോഗങ്ങളുള്ളവർ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് എച്ച് 1 എൻ 1 ലക്ഷണങ്ങൾ. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവയുള്ളവർ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവരിൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. എച്ച് 1 എൻ 1 ചികിത്സക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്നും സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.