ഏജീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: സായാഹ്ന സവാരി നടത്തുകയായിരുന്ന ഏജീസ് ഓഫിസ് ജീവനക്കാരെയും ഭാര്യമാരെയും ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത് 30 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം. രാത്രി 8.30ഓടെ പേട്ട അമ്പലത്തുമുക്ക് ടി.വി റോഡിൽ നടന്നുപോകുകയായിരുന്ന ഏജീസ് ഓഫിസ് ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ്, ഉത്തർപ്രദേശ് സ്വദേശി ജഗത് സിങ് എന്നിവരെ അക്രമിസംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ഭാര്യമാരോട് പ്രതികൾ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
പാറ്റൂർ സ്വദേശി കൊച്ചു രാകേഷ് എന്ന രാകേഷ് (28), കണ്ണമ്മൂല സ്വദേശി കായി പ്രവീൺ എന്ന പ്രവീൺ (25), നെടുമങ്ങാട് പഴകുറ്റി സ്വദേശി അഭിജിത് നായർ (25), തേക്കുംമൂട് ടി.പി.ജെ നഗറിൽ ഷിജു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച അഭിജിത്, ഷിജു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം ശംഖുംമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിെൻറ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐമാരായ നിയാസ്, സുധീഷ് കുമാർ, എ.എസ്.ഐ എഡ്വിൻ, സി.പി.ഒമാരായ രഞ്ജിത്, ഉദയകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.