ദുരിതകാലത്ത് സംസ്ഥാനത്തിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തെരഞ്ഞെടുപ്പ് കമീഷണർ തുടങ്ങി മുതിർന്ന ഐ.എ.എസുകാർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത് ഈ ദുരിതകാലത്ത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക. ധനപ്രതിസന്ധിയും വയനാട് പുനരധിവാസവും ഉൾപ്പെടെ മുന്നിൽ നിൽക്കുമ്പോഴാണിത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നവരിൽ പ്രധാനി.
പകരക്കാരനെ കണ്ടെത്തുന്ന കാര്യത്തിൽ കരുതലോടെയാകും സർക്കാർ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിലാണ് രബീന്ദ്രകുമാര്‍ ഡല്‍ഹിക്ക് ചുവടുമാറുന്നതെന്നാണ് സൂചന. അമിത്ഷാ ചുമതല വഹിക്കുന്ന കേന്ദ്ര സഹകരണ വകുപ്പിലേക്കാണ് അഗര്‍വാളിന്റെ മാറ്റം. ധനകാര്യ സെക്രട്ടറി അശോക് കുമാര്‍സിങ്ങും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുകയാണ്. ഏഷ്യൻ വികസന ബാങ്കിൽ (എ.ഡി.ബി) പ്രിൻസിപ്പൽ ഫിനാൻഷ്യൽ സ്പെഷലിസ്റ്റായ സഞ്ജീവ് കൗശിക് മടങ്ങിയെത്തുമ്പോൾ ധന സെക്രട്ടറിയാക്കാനാണ് സാധ്യത.
മുതിര്‍ന്ന ഐ.എ.എസുകാരനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ചുമതലയുമുള്ള സഞ്ജയ് കൗളാണ് കേന്ദ്രത്തിലേക്ക് പോകുന്ന മറ്റൊരാൾ. കെ.എഫ്.സിയുടെ അധികച്ചുമതല വഹിക്കുന്ന ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്. മോദി മുഖ്യമന്ത്രിയായിരിക്കെ കൗള്‍ ഗുജറാത്തില്‍ ടൂറിസം വകുപ്പിലായിരുന്നു.
ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിങ്ങാണ് കേന്ദ്രത്തിലേക്ക് പോകുന്ന മറ്റൊരാൾ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക താൽപര്യത്തിലാണ് കേന്ദ്ര സാംസ്കാരിക വകുപ്പിലേക്ക് മാറുന്നത്. ജല അതോറിറ്റി എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കേന്ദ്ര സർവിസിലേക്ക് പോകാനിരിക്കുകയാണ്. റവന്യൂ (ദേവസ്വം) സെക്രട്ടറിയും അമൃത് മിഷന് ഡയറക്ടറുമായ എം.ജി. രാജമാണിക്യം ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പോകാൻ അവധിയില്‍ പ്രവേശിച്ചു.
അടുത്തവര്‍ഷം ജൂണ്‍ വരെയാണ് അവധി. തദ്ദേശവകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമക്ക് റവന്യൂ (ദേവസ്വം) സെക്രട്ടറിയുടെയും ലൈഫ് മിഷന് സി.ഇ.ഒ സൂരജ് ഷാജിക്ക് അമൃത് മിഷന് ഡയറക്ടറുടെയും അധികചുമതല നല്കി. ഐ.പി.എസുകാർക്കിടയിലും സമാന പ്രതിസന്ധിയാണ്. ഡി.ജി.പി റാങ്കുള്ള വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിച്ചു. രാജമാണിക്യത്തിന്റെ ഭാര്യയും ഡി.ഐ.ജിയുമായ നിശാന്തിനിയും ദീർഘകാല അവധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.