ധനപ്രതിസന്ധി: രാത്രി എട്ടിന് ശേഷം സിഗ്നൽ ലൈറ്റുകൾ ഓഫാക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയിലെ പ്രധാന ജങ്ഷനുകളിലെ ട്രാഫിക് ലൈറ്റുകൾ മിഴിയടച്ച് തുടങ്ങി.
വാർഷിക അറ്റകുറ്റപണിക്കുള്ള കരാർ കെൽട്രോണിന് പുതുക്കി നൽകാതായതോടെ നീറമൺകര മുതൽ ബാലരാമപുരം വരെയും കോവളം മുതൽ കഴക്കൂട്ടം വരെയും രാത്രി എട്ടിന് ശേഷമുള്ള ഓരോയാത്രകളും ജീവൻ പണയം വച്ചുള്ളതാണ്. ലൈറ്റുകളുടെ അറ്റകുറ്റ പണിക്ക് കെൽട്രോണിന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് പലകുറി ധനവകുപ്പിന് കത്ത് നൽകിയിട്ടും ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി നടപടികൾ ഫയലിൽ ഉറങ്ങുകയാണ്.
നീറമൺകര മുതൽ ബാലരാമപുരം വരെയും ബൈപ്പാസിൽ കോവളം മുതൽ കഴക്കൂട്ടം വരെയുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലന ചുമതല കെൽട്രോണിനാണ്. ഓരോ വർഷവും കേരള പൊലീസ് പരിപാലന ചുമതല കെൽട്രോണിന് പൊലീസ് പുതുക്കി നൽകുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വാർഷിക അറ്റകുറ്റപണിക്കുള്ള കരാർ കെൽട്രോണിന് പുതുകി നൽകിയിട്ടില്ല.
നീറമൺകര, പാപ്പനംകോട്, നേമം, ഓവർബ്രിഡ്ജ്, ചാക്ക, ഈഞ്ചക്കൽ, ഇൻഫോസിസ്, മുക്കോലക്കൽ, കുമരിച്ചന്ത എന്നീ തിരക്കേറിയ ജങ്ഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റുകളുടെ ബാറ്ററികൾ പലതും കാലാവധി കഴിഞ്ഞതിനാൽ ഈ ഭാഗങ്ങളിൽ രാത്രി 10 വരെ പ്രവർത്തിച്ചിരുന്ന ലൈറ്റുകൾ ഇപ്പോൾ രാത്രി എട്ടോടെ ഓഫാക്കുകയാണ്. അല്ലാത്ത പക്ഷം പകൽ സമയത്ത് പ്രവർത്തിക്കാനുള്ള ഊർജം ഇവക്ക് ഉണ്ടാകില്ലെന്നാണ് കെൽട്രോൺ ഭാഷ്യം.
അപകട മുനമ്പായി മുക്കോലക്കൽ ബൈപ്പാസ്
ടെക്നോപാർക്ക് ഫേസ് ത്രിക്കും ഇൻഫോസിനും ഇടയിലുള്ള മുക്കോലക്കൽ ജങ്ഷനിൽ രാത്രി എട്ടിനു ശേഷം സിഗ്നൽ ലൈറ്റ് ഓഫ് ചെയ്യുന്നതുമൂലം നിരവധി പേരാണ് ഇതിനോടകംഅപകടത്തിൽപ്പെട്ടത്. സർവീസ് റോഡുകളിൽ നിന്നടക്കം എട്ട് ദിക്കുകളിൽ നിന്ന് 100 കണക്കിന് വാഹനങ്ങളാണ് ഒരുസമയം ഈ ജങ്ഷനിലേക്ക് എത്തിച്ചേരുന്നത്.
പകൽപോലും അപകടം പതിവായ ഇവിടെ തിരക്ക് കണക്കിലെടുത്ത് ആറ് ട്രാഫിക് സിഗ്നൽ ലൈറ്റുകളാണ് സ്ഥാപിച്ചത്. രാത്രി എട്ടോടെ ആറ് സിഗ്നൽ ലൈറ്റുകളും ഓഫ് ചെയ്യുന്നതോടെ കാൽനക്കാരെപ്പോലും ഇടിച്ചുവീഴ്ത്തി തലങ്ങും വിലങ്ങുമാണ് വാഹനങ്ങൾ പായുന്നത്. എട്ടുമണിയോടുകൂടിയാണ് ടെക്നോപാർക്കിലെ പല കമ്പനികളുടെയും ഷിഫ്റ്റ് കഴിയുന്നത്.
ജോലി കഴിഞ്ഞ് നൂറുകണക്കിന് ടെക്നോപാർക്ക് ജീവനക്കാർ വാഹനവുമായി ഈ സമയത്ത് ഇറങ്ങുന്നതോടെ മുക്കോലക്കൽ ബൈപ്പാസ് അക്ഷരാർഥത്തിൽ അപകടമുനമ്പായി. ഇതിനോടകം നിരവധി അപകടങ്ങളിൽ പലരുടെയും ജീവൻ പൊലിഞ്ഞിട്ടും രാത്രി എട്ടിനുശേഷം ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് യാതൊരു സംവിധാനവും തുമ്പ പൊലീസോ സിറ്റി പൊലീസോ ഒരുക്കിയിട്ടില്ല.
ബാറ്ററി മാറ്റിയിടാൻപോലും കാശില്ല
സിഗ്നൽ ലൈറ്റുകളിലെ ബാറ്ററികൾക്ക് മൂന്നുവർഷമാണ് കാലാവധി. കാലാവധി കഴിഞ്ഞതിനാൽ ഓരോ ജങ്ഷനിലും 10 ബാറ്ററികളാണ് മാറ്റിയിടേണ്ടിവരിക. ഒരു ബാറ്ററിക്ക് 10,000 രൂപയാണ് ചെലവ്. എന്നാൽ അതുപോലും നൽകാനില്ലെന്ന മറുപടിയാണ് സർക്കാരിൽ നിന്ന് ലഭിച്ചതെന്ന് പൊലീസ് അധികൃതർ പറയുന്നു.
ഏറെ തിരക്കുള്ള ചാക്ക ബൈപ്പാസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് വി.ഐ.പികളും വിമാത്താവളത്തിലേക്കും മറ്റും കടന്നുപോകുകയാണെങ്കിൽ മാത്രമാണ് ചാക്ക പാലത്തിന് താഴെ രാത്രി എട്ടിനു ശേഷം ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസ് എത്തൂ. അല്ലാത്ത പക്ഷം ജനം മരണത്തെ മുഖാമുഖം കണ്ട് തലങ്ങും വിലങ്ങും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.