മൃഗശാലയിൽ ഇതാദ്യം; മക്കൗ തത്തകൾക്ക് പിറന്നത് മൂന്ന് കുഞ്ഞുങ്ങൾ
text_fieldsതിരുവനന്തപുരം: മൃഗശാലയിൽ ആദ്യമായി മക്കൗ തത്തക്ക് കുഞ്ഞ് പിറന്നു. മൂന്ന് മുട്ടകളാണ് വിരിഞ്ഞത്. 28 ദിവസം അടയിരുന്നശേഷം വിരിഞ്ഞ കുഞ്ഞുങ്ങൾ മൂന്നുമാസത്തിനുശേഷം ഇപ്പോൾ പുറത്തിറങ്ങി. എന്നാൽ, പറക്കാൻ ഇതുവരെ തുടങ്ങിയിട്ടില്ല. കൂട്ടിലെ കമ്പിയിലും മറ്റും പിടിച്ചിരിക്കുകയാണ്. അമ്മപ്പക്ഷിയാണ് ഇപ്പോഴും ഭക്ഷണം നൽകുന്നത്.
കുഞ്ഞുങ്ങൾ മൂന്നും പൂർണ ആരോഗ്യമുള്ളവയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു. ലക്ഷങ്ങൾ വിലയാണ് മക്കൗ തത്തകൾക്ക്. നീല, പച്ച, ഗോൾഡൻ എന്നിവ കലർന്നതാണ് കുഞ്ഞുങ്ങൾക്ക് നിറം. എം.എ. ബേബി മന്ത്രിയായിരുന്ന സമയത്ത് ബംഗളൂരുവിൽ നിന്നാണ് മക്കൗ തത്തകളെ കൊണ്ടുവന്നത്.
12 ലക്ഷത്തോളം രൂപക്ക് കൊണ്ടുവന്ന പക്ഷികളിൽ ഉൾപ്പെട്ട മക്കൗ ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ 12 വർഷത്തിലധികമായി മൃഗശാലയിലുണ്ടെങ്കിലും കുഞ്ഞുങ്ങൾ പിറന്നി രുന്നില്ല. പുതുതായി നിർമിച്ച വിശാലമായ കൂട്ടിലേക്ക് മാറ്റിയതോടെയാണ് മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങൾ ജനിച്ചത്.
പലനിറത്തിലും ഇനത്തിലുമുള്ള ഒരുഡസനോളം മക്കൗ തത്തകൾ ഇപ്പോൾ മൃഗശാലയിലുണ്ട്. 22 ലക്ഷത്തിന് ഗുജറാത്തിൽ നിന്ന് പുതിയ ഇനം മക്കൗകളെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പകരം നീർക്കുതിരയെ നൽകിയാണ് ഇവ എത്തിക്കുക. നിലവിൽ മൃഗശാലയിൽ സൺകോണിയൂർ ഉൾപ്പെടെ വിലപിടിപ്പുള്ള മറ്റ് പക്ഷികളുമുണ്ട്. അടുത്തിടെ രണ്ട് സൺകോണിയൂർ പക്ഷികളെ കൂട്ടിൽ നിന്ന് കാണാതായത് ഏറെ വിവാദമായിരുന്നു.
ആരോ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ, എലി കടിച്ചുകൊണ്ടുപോയി എന്ന വിശദീകരണമാണ് അധികൃതർ നൽകിയത്. പക്ഷികൾക്കുൾപ്പെടെ നിർമിച്ചിരിക്കുന്ന കൂടുകൾ സുരക്ഷിതമല്ലെന്ന പരാതികളും ഇപ്പോഴുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.