വിഴിഞ്ഞത്ത് മീൻ കിട്ടി; വാങ്ങിയവർ വീട്ടിലെത്തിച്ചത് ഒളിച്ചുകടത്തി
text_fieldsഅമ്പലത്തറ: സ്വര്‍ണക്കടത്തുപോലെ ശ്രമകരം കടപ്പുറങ്ങളില്‍നിന്ന് മത്സ്യം വാങ്ങി പുറത്തുകടക്കാൻ. മത്സ്യബന്ധനം നിരോധിച്ചിരുന്ന കടപ്പുറങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും വാങ്ങാനെത്തുന്നവര്‍ക്കാണ് ബുദ്ധിമുട്ട്.
കഴിഞ്ഞദിവസം വിഴിഞ്ഞത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്പോകുകയും ആവശ്യത്തിനുള്ള മത്സ്യം കൊണ്ടുവരികയും ചെയ്തെങ്കിലും കടപ്പുറത്ത് മത്സ്യം എടുക്കാന്‍ ആളില്ല.
ഇടറോഡുകള്‍വരെ കെട്ടിയടച്ച് പൊലീസിനെ കാവലിന് നിയോഗിച്ചതോടെ മത്സ്യം ലേലം വിളിച്ച് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായി.
ഇതോടെ കടപ്പുറത്ത് നില്‍ക്കുന്നവര്‍ക്ക് വിൽപന നടത്തി. ഇത്തരം മത്സ്യം വാങ്ങുന്നവര്‍ പല ഇടവഴികളിലൂടെ പൊലീസിെൻറ കണ്ണുവെട്ടിച്ച് പലയിടങ്ങളിലായി കൊണ്ടുപോയി മറിച്ചുവില്‍ക്കുകയായിരുന്നു. ചിലര്‍ രഹസ്യമായി വിറ്റ് അമിതവില ഈടാക്കി.
വിഴിഞ്ഞത്തിന് പുറത്തുള്ളവര്‍ മത്സ്യം വാങ്ങാനായി പൊലീസിെൻറ കണ്ണുവെട്ടിച്ച് ഇടറോഡുകളിലൂടെ കാല്‍നടയായി ഹാര്‍ബറിലെത്തി. മത്സ്യം വാങ്ങി ബൈക്കുകളില്‍ പുറത്തേക്ക് പോകാൻ കഴിയാതായതോടെ വിവിധ തന്ത്രങ്ങളിലൂടെ ഒളിപ്പിച്ച് പൊലീസിെൻറ കണ്ണുവെട്ടിച്ചാണ് വീടുകളിലെത്തിച്ചത്.
കഴിഞ്ഞദിവസം വിഴിഞ്ഞം കടപ്പുറത്ത് 150ൽ താഴെമാത്രം വിലവന്ന വലിയ ചൂര രഹസ്യമായി പുറത്ത് കടത്തിയവര്‍ വിറ്റത് 600 രൂപ നിരക്കിലാണ്. കടപ്പുറത്ത് 1000ത്തിന് താഴെ മാത്രം വിലവന്ന ഒരുകുട്ട നെേത്താലി എടുത്ത് പുറത്തുകടത്തിയവര് വിറ്റത് 20 നെത്തോലി 100 രൂപക്കായിരുന്നു.
ഇതിനുപുറമെ വിഴിഞ്ഞത്തുനിന്നുള്ള പച്ചമത്സ്യത്തിെൻറ പേരില്‍ പലയിടങ്ങളിലും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ദിവസങ്ങള്‍ പഴക്കമുള്ളതും അമിതമായരീതിയില്‍ രാസവസ്തുകള്‍ ചേര്‍ത്തതുമായ മത്സ്യം വിറ്റ് പണം അടിക്കുന്ന വിരുതന്മാരുമുണ്ട്.
രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിഞ്ഞദിവസം കാട്ടാക്കടയില്‍ ആരോഗ്യവിഭാഗം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.