കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡിന് വനംവകുപ്പ് മരം നൽകും
text_fieldsതിരുവനന്തപുരം: സർക്കാർ ഏറ്റെടുത്ത വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡിന് പേപ്പർ പൾപ്പിനാവശ്യമായ മരം വനംവകുപ്പ് നൽകും. വനംവകുപ്പിന്‍റെ പരിധിയിൽ വരുന്ന സ്ഥലത്ത് ഒഴിവാക്കാനായി നിർത്തിയിരിക്കുന്ന പാഴ്മരങ്ങളാണ് ഇതിലേക്ക് നൽകുന്നത്. കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡിന് അടുത്ത രണ്ടുവർഷത്തേക്ക് ആവശ്യമുള്ള മരങ്ങൾ വനംവകുപ്പിന്‍റെ പക്കലുണ്ട്. കേരളത്തിന്‍റെ വിവിധ വനമേഖലകളിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
അതിനുള്ള െചലവ് വനംവകുപ്പിന് കമ്പനി നൽകണം. യൂക്കാലി, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ ഇനത്തിൽപെട്ടതും പരിസ്ഥിതിക്ക് ദോഷകരമായതുമായ വൃക്ഷങ്ങളാണ് പൾപ്പ് നിർമിക്കാനായി നൽകുന്നത്. അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് കഴിഞ്ഞ ജനുവരിയിലാണ് കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. നഷ്ടത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ൈകയൊഴിഞ്ഞ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ്. ഇപ്പോൾ വ്യവസായവകുപ്പിന് കീഴിലാണ് സ്ഥാപനം.
പേപ്പർ നിർമാണത്തിന് ആവശ്യമായ പൾപ്പ് വലിയതോതിൽ ആവശ്യമെന്ന് കണ്ടതിന്‍റെ അടിസ്ഥാനത്തിൽ വ്യവസായമന്ത്രി പി. രാജീവ് വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയും ധാരണയിൽ എത്തുകയുമായിരുന്നു. രണ്ടുവർഷത്തേക്ക് ആവശ്യമായ മരങ്ങൾ വനംവകുപ്പിന്‍റെ പക്കലുണ്ടെന്നും അതിന് വരുന്ന െചലവ് കമ്പനി വനംവകുപ്പിന് നൽകണമെന്നുമാണ് ധാരണയായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കരാർ ഉണ്ടാക്കിയിരിക്കുന്നത്.
കൂടുതൽ കാലത്തേക്ക് മരങ്ങൾ ആവശ്യമുണ്ടെങ്കിൽ വനംവകുപ്പ് ബദൽ നിർദേശവും മുന്നോട്ട് െവച്ചിട്ടുണ്ട്. അത് വനമേഖലകളിൽ മുളവെച്ചുപിടിപ്പിക്കുക എന്നതാണ്. ഇപ്പോൾ പാഴ്മരങ്ങൾ മുറിക്കുന്നതിനൊപ്പം മുളന്തൈകളും വെച്ചുപിടിപ്പിക്കണമെന്ന നിർദേശവും വനംവകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.