വ്യാജ അഡ്വൈസ് മെമ്മോ അയച്ച് തട്ടിപ്പ്; ദേവസ്വംേബാർഡ് നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡിെൻറ പേരില്‍ വ്യാജ അഡ്വൈസ് മെമ്മോ അയച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ഒരു പരീക്ഷപോലും എഴുതാത്തവര്ക്കാണ് വ്യാജ നിയമന ഉത്തരവ് അയച്ചിരിക്കുന്നത്. ഇതിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനടപടിക്ക്. തട്ടിപ്പിന് പിന്നില്‍ ദേവസ്വം ബോര്‍ഡിലെതന്നെ ജീവനക്കാരടങ്ങുന്ന സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലം ചവറ സ്വദേശിയായ ശാന്തിക്കാരന് ലഭിച്ച വ്യാജ അഡ്വൈസ് മെമ്മോയിലൂടെയാണ് ഇൗ തട്ടിപ്പ് പുറത്തുവരുന്നത്. ദേവസ്വം ബോര്‍ഡ് നടത്തിയ ഒരു പരീക്ഷയും ഇയാൾ എഴുതിയിരുന്നുമില്ല. തുടർന്നാണ് നിരവധി പേർക്ക് ഇത്തരം വ്യാജ 'നിയമനക്കത്ത്' ലഭിച്ചതായി വ്യക്തമാകുന്നത്.
ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരനായി നിയോഗിച്ചുകൊണ്ടുള്ള അഡ്വൈസ് മെമ്മോ അവിചാരിതമായി ലഭിച്ചതോടെ യുവാവ് ഞെട്ടി. ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് സെക്രട്ടറിയുടെ പേരിലായിരുന്നു കത്ത്. അഡ്വൈസ് മെമ്മോ അക്ഷരത്തെറ്റും വ്യാകരണപ്പിശകും നിറഞ്ഞതായിരുന്നു. മാത്രമല്ല കത്തില്‍ ഒപ്പിട്ടിരുന്നത് സെക്രട്ടറിയുമല്ല. പകരം സെക്രട്ടറിക്കുവേണ്ടി എന്ന് സൂചിപ്പിച്ചായിരുന്നു മറ്റൊരാൾ ഒപ്പിട്ടിരുന്നത്. റിക്രൂട്ട്മെൻറ് ബോര്‍ഡിെൻറ നിയമന അറിയിപ്പ് അയച്ചിരിക്കുന്നത് ദേവസ്വം ബോര്‍ഡിെൻറ പേരിലുള്ള കവറിലാണ്.
എന്നാല്‍, അത്തരമൊരു കവര്‍ ബോര്‍ഡ് ഉപയോഗിക്കുന്നില്ല. മാത്രമല്ല കവറിന് പുറത്തെ സീലും വ്യാജമാണ്. കത്ത് ലഭിച്ചതിന് പിന്നാലെ ഒരു ഫോൺ വിളിയും യുവാവിനെ തേടിയെത്തി. അഡ്വൈസ് മെമ്മോ ലഭിച്ചിരുന്നല്ലോ എന്നായിരുന്നു ചോദ്യം. മൂന്ന് ലക്ഷം രൂപ നല്കിയാല് നിയമന ഉത്തരവ് എത്രയും വേഗം തരപ്പെടുത്തിത്തരാമെന്നും ഫോണ്‍ വിളിച്ചയാള്‍ വ്യക്തമാക്കി. പണം നൽകിയുള്ള ജോലി വേണ്ടെന്നും നേരായ മാര്‍ഗത്തിലൂടെ മാത്രമേ തനിക്ക് ജോലി ആവശ്യമുള്ളൂവെന്നും യുവാവ് വ്യക്തമാക്കി. അതോടെ ഫോണ്‍ വിളിച്ചയാള്‍ പിന്‍വാങ്ങി. പിന്നീടും ഇൗ ആവശ്യം ഉന്നയിച്ചുള്ള ഫോൺ വിളിയെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെ നിയമനം ആറുമാസം മുമ്പാണ് നടന്നത്. ആ ലിസ്റ്റിെൻറ കാലാവധി കഴിയുകയും ചെയ്തു. പുതിയ ലിസ്റ്റ് തയാറായിട്ടുമില്ല. ഇതുസംബന്ധിച്ച് ബോർഡ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.